ഹൈദരാബാദ്: ബിആർഎസ്, കോൺഗ്രസ് എന്നീ രാഷ്‌ട്രീയ പാർട്ടികൾക്കെതിരെ ജാഗ്രത പാലിക്കാൻ നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ രാഷ്‌ട്രീയ പാർട്ടികൾ ജനങ്ങൾക്ക് നിരന്തരം ഭീഷണി സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ നീക്കങ്ങളിൽ ജനങ്ങൾ സൂക്ഷിക്കണമെന്നും ജാഗരൂകരായിരിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രാഷ്‌ട്രീയ വാഴ്ച നടത്തുന്ന രാഷ്‌ട്രീയ പാർട്ടികളാണ് അഴിമതിയുടെ അടിത്തറ പാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പാർട്ടി അഴിമതിയിൽ പൂണ്ടത് എങ്ങനെയാണെന്ന് രാജ്യം മുഴുവൻ കണ്ടതാണ്. കുടുംബ രാഷ്‌ട്രീയത്തിന്റെ ഇരകളാണ് തെലങ്കാനയിലെ ജനങ്ങൾ. ഓരോ തവണ തെലങ്കാന സന്ദർശിക്കുമ്പോഴും അത് തനിക്ക് അനുഭവപ്പെടാറുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സർക്കാരും രാഷ്‌ട്രീയപ്രവർത്തകരും അവരുടെ മക്കളെ കുറിച്ചോർത്ത് വേവലാതിപ്പെടുകയാണ്. മറ്റുള്ളവരുടെ മക്കൾക്ക് എന്ത് സംഭവിച്ചാലും അത് തങ്ങളെ ബാധിക്കുന്ന പ്രശ്‌നമേയല്ലെന്നാണ് അവരുടെ നിലപാട്. കെസിആർ സർക്കാരാണ് ഏറ്റവുമധികം അഴിമതി നിറഞ്ഞ സർക്കാർ. അഴിമതിയുടെ കണ്ണികൾ ന്യൂഡൽഹി വരെയെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെലങ്കാനയിലെ വാറങ്കലിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിനായി വിവിധ രാജ്യങ്ങൾ തമ്മിൽ കരാറുകളിൽ ഒപ്പ് വെയ്‌ക്കുന്നത് സാധാരണമാണ്. എന്നാൽ ആദ്യമായാണ് അഴിമതിയ്‌ക്കായി രണ്ട് രാഷ്‌ട്രീയപാർട്ടികൾ ഒന്നിക്കുന്നത്. ബിആർഎസിനെയും കോൺഗ്രസിനെയും പേരെടുത്ത് വിമർശിക്കുകയായിരുന്നു അദ്ദേഹം. തെലങ്കാന എന്ന സംസ്ഥാനത്തിന് വേണ്ടി ഏറെ ത്യജിച്ചവരാണ് അവിടുത്തെ ജനങ്ങൾ. എന്നാൽ അതിന്റെ ഫലമായി അഴിമതി മാത്രമാണ് ജനങ്ങൾക്ക് തിരികെ ലഭിച്ചത്.-പ്രധാനമന്ത്രി പറഞ്ഞു.
തെലങ്കാന മുഖ്യമന്ത്രി കെസിആറിന്റെ കുടുംബം അന്വേഷണ ഏജൻസികളുടെ നിഴലിലാണ്. രഹസ്യമായി നടത്തുന്ന പല അഴിമതികളും വെളിച്ചത്ത് കൊണ്ടുവരികയാണ് അന്വേഷണ ഏജൻസികളുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ അന്വേഷണ ഏജൻസികളെയും ജനങ്ങളെയും വഴിതെറ്റിക്കാനായി നിരവധി പദ്ധതികളാണ് കെസിആർ പദ്ധതിയിടുന്നതെന്നും ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി ആവർത്തിച്ചു.
Comments