എറണാകുളം: കൊച്ചിയെ കേരളത്തിന്റെ തലസ്ഥാനമാക്കി മാറ്റണമെന്ന തന്റെ നിലപാടിൽ മാറ്റമില്ലെന്ന് കോൺഗ്രസ് നേതാവ് ഹൈബി ഈഡൻ. പാർലമെന്റിൽ അവതരിപ്പിച്ച സ്വകാര്യ ബിൽ പിൻവലിച്ചിട്ടില്ല. പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ മറുപടി നൽകുമെന്നും ഹൈബി പറഞ്ഞു.
സംഭവത്തിൽ അനാവശ്യ വിവാദമാണ് ഉണ്ടാകുന്നതെന്നും ഹൈബി പറഞ്ഞു. ജനപ്രതിനിധി എന്ന നിലയിൽ തന്റെ അധികാര പരിധിയിലുള്ള കാര്യമാണ് ചെയ്തത്. ജനാധിപത്യ രാജ്യത്ത് എല്ലാവരെയും പോലെ തനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പബ്ലിസിറ്റി ആഗ്രഹിച്ചല്ല ബിൽ അവതരിപ്പിച്ചത്. തന്നെ അറിയുന്നവർ ഇത്തരത്തിലുള്ള വാദങ്ങൾ അംഗീകരിക്കില്ലെന്നും എറണാകുളം എംപി വ്യക്തമാക്കി.
തന്നെ വിമർശിച്ച നേതാക്കൾക്കുള്ള മറുപടി തന്റെ പക്കലുണ്ട്. എന്നാൽ അവരുടെ സീനിയോരിറ്റി പരിഗണിച്ച മൗനം പാലിക്കുന്നു. നേതാക്കളുടെ വാക്കുകളെ മാനിക്കുന്നു. പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ മാത്രം ബിൽ പിൻവലിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ഹൈബി പറഞ്ഞു.
മാർച്ചിലാണ് ലോക്സഭയിൽ കൊച്ചി എംപി ഹൈബി ഈഡൻ സ്വകാര്യബിൽ അവതരിപ്പിച്ചത്. കേരള സംസ്ഥാനത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ സംസ്ഥാനത്തിന്റെ നിലപാട് തേടുകയായിരുന്നു. എന്നാൽ ബില്ലിലെ നിർദ്ദേശം അപ്രായോഗികമാണെന്നായിരുന്ന സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ മറുപടി.
Comments