ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് മലേഷ്യയിലേക്ക് പുറപ്പെട്ടു. ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് പ്രതിരോധ മന്ത്രിയുടെ മലേഷ്യൻ സന്ദർശനം.
രാജ്‌നാഥ് സിംഗ് മലേഷ്യൻ പ്രതിരോധ മന്ത്രി ഡാറ്റോ സെരി മുഹമ്മദ് ഹസനുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും പ്രതിരോധമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ശക്തവും ബഹുമുഖവുമായ ബന്ധമാണ് മലേഷ്യയും ഇന്ത്യയും തമ്മിലുള്ളത്. പ്രതിരോധ, സുരക്ഷ മേഖലകളിൽ ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാണ്. ഈ ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ജൂണിൽ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ മലേഷ്യയിലെ മാനവ വിഭവശേഷി മന്ത്രി വി.ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യക്കാർക്ക് മലേഷ്യയിലെ തൊഴിൽ മേഖലകളിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ധാരണാപത്രം കൂടിക്കാഴ്ച വേളയിൽ ഒപ്പുവെച്ചിരുന്നു.
















Comments