ഇന്ത്യയ്‌ക്കുവേണ്ടി ട്വന്റി-20 ക്രിക്കറ്റ് കളിക്കുന്ന ആദ്യ മലയാളി വനിതാതാരമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ മിന്നു മണിയ്ക്ക് അഭിനന്ദനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ‘വയനാടിന്റെ അഭിമാനം മിന്നു മണിക്ക് അനുമോദനങ്ങൾ. വ്യക്തിപരമായും രാജ്യത്തിനായും വൻനേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. സ്വപ്നങ്ങളിലേക്ക് നടന്നടുക്കാൻ നിശ്ചയദാർഢ്യവും നിതാന്ത പരിശ്രമവും മതിയെന്ന മിന്നു നൽകുന്ന സന്ദേശം,എല്ലാ പെൺകുട്ടികൾക്കും പ്രചോദനമാകട്ടെ’-എന്നായിരുന്നു അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്.
മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്
ബംഗ്ലദേശിലെ മിർപൂരിലുള്ള ഷേർ ബംഗ്ലാ നാഷനൽ സ്റ്റേഡിയത്തിൽ പന്തെറിഞ്ഞ മിന്നു മണി നടന്നു കയറിയത് പുത്തൻ ചരിത്രത്തിലേക്കാണ്. ട്വന്റി20 പരമ്പരയിലേക്കു തിരഞ്ഞെടുക്കപ്പെടുമ്പോൾ ആദ്യ മത്സരത്തിൽ തന്നെ മിന്നുവിനു അവസരം ലഭിക്കുമോയെന്നു പലർക്കും സംശയമുണ്ടായിരുന്നു. എന്നാൽ അതിനെയൊക്കെ മാറ്റി മറിച്ച തകർപ്പൻ പ്രകടനമാണ് കേരളത്തിന്റെ കൊച്ചുമിടുക്കി കാഴ്ചവെച്ചത്. കിട്ടിയ അവസരം കൃത്യമായി ഉപയോഗിച്ച മിന്നു ഒരു വിക്കറ്റ് സ്വന്തമാക്കി. മൂന്ന് ഓവറുകൾ പന്തെറിഞ്ഞ മിന്നു മണി 21 റൺസാണ് വഴങ്ങിയത്. മത്സരത്തിന്റെ നാലാം ഓവറിൽ ബംഗ്ലദേശ് ഓപ്പണർ ഷമീമ സുൽത്താനയെയാണു മിന്നു പുറത്താക്കിയത്. മിന്നുവിന്റെ പന്തിൽ ജെമീമ റോഡ്രിഗസ് ക്യാച്ചെടുത്താണ് ഷമീമയെ മടക്കിയച്ചത്.
മിന്നുമണി അരങ്ങേറിയ ആദ്യ ട്വന്റി20 മത്സരത്തിൽ ഇന്ത്യ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. 115 എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 22 പന്തുകൾ ശേഷിക്കേ വിജയം കൈപിടിയിലൊതുക്കി. ആദ്യ നാലോവറിനിടെ രണ്ടുവിക്കറ്റ് നഷ്ടമായി തകർച്ച നേരിട്ടെങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറും വൈസ് ക്യാപ്റ്റൻ സ്മൃതി മത്ഥാനയും ചേർന്ന് ഇന്ത്യയെ കരകയറ്റി.
Comments