ഓൾ ഇംഗ്ലണ്ട് ചാമ്പ്യനെ മുട്ടുക്കുത്തിച്ച് കാനഡ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യയുടെ ലക്ഷ്യ സെൻ. 21കാരന്റെ രണ്ടാം സൂപ്പർ 500 കിരീട നേട്ടമാണിത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ചൈനയുടെ ലി ഷി ഫെംഗിനെ ലക്ഷ്യ തകർത്തത്. സ്‌കോർ-21-18,22-20.
ചടുലമായ വേഗതയിലും ശക്തമായ സ്മാഷുകളിലും കളം നിറഞ്ഞ ലക്ഷ്യാ സെന്നിന് മുന്നിൽ പിടിച്ചു നിൽക്കാൻ ചൈനീസ് താരം പരമാവധി ശ്രമിച്ചെങ്കിലും ഇന്ത്യൻ താരം ഒരുപടികൂടി മുന്നിലായിരുന്നു. അത്യന്തം ആവേശകരമായ മത്സരത്തിൽ എല്ലാ മേഖലയിലും ഇന്ത്യൻ താരം ആഥിപത്യം പുലർത്തുകയായിരുന്നു. 2022 ഇന്ത്യ ഓപ്പൺ നേടിയാണ് കൗമാരതാരം തന്റെ ആദ്യ സൂപ്പർ500 ടൈറ്റിൽ സ്വന്തമാക്കിയത്.
‘ഈ വർഷം എനിക്ക് അത്ര മികച്ചതായിരുന്നില്ല. ഒളിമ്പിക്‌സിനുള്ള യോഗ്യത മത്സരങ്ങൾ വരുന്നതിന് മുന്നോടിയായുള്ള ഈ വിജയം എന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു’- ലക്ഷ്യ സെൻ പറഞ്ഞു. കഴിഞ്ഞവർഷം കോമൺവെൽത്ത് ഗെയിംസിലെ സ്വർണ മെഡൽ നേട്ടത്തിന് ശേഷമുള്ള ആദ്യ കിരീട നേട്ടമായിരുന്നു ഇത്. ഈ വർഷം ഓപ്പൺ സിംഗിൾസ് കിരീടം നേടുന്ന രണ്ടാമത്തെ താരമാണ് ലക്ഷ്യ സെൻ. എച്ച്.എസ് പ്രണോയ് ഈ വർഷം മേയിൽ മലേഷ്യൻ മാസ്‌റ്റേഴ്‌സ് നേടിയിരുന്നു.
Comments