കണ്ണൂർ: ഏകീകൃത സിവിൽ കോഡിനെ ഇഎംഎസ് അനുകൂലിച്ചിരുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ഇഎംഎസിന്റെ ലേഖനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം അബദ്ധ ധാരണകളാണ്. 1985-ൽ നിയമസഭയിൽ പ്രതിപക്ഷമായിരുന്നു സിപിഎം. അന്നത്തെ നിയമസഭാ പ്രസംഗത്തിൽ സിപിഎം സിവിൽ കോഡിനായി വാദിച്ചു എന്നത് തെറ്റാണ്. സിപിഎം സിവിൽ കോഡിന് എല്ലായ്‌പ്പോഴും എതിരാണ്. അല്ലെങ്കിൽ തന്നെ പണ്ട് പറഞ്ഞത് തപ്പി നടക്കേണ്ട കാര്യമെന്താണെന്നും ഇപി ജയരാജൻ ചോദിച്ചു. അതേസമയം സിവിൽ കോഡ് വിരുദ്ധ സെമിനാറിലേയ്‌ക്ക് കോൺഗ്രസിനെ ക്ഷണിക്കാത്തതിന് പിന്നിൽ അവരുടെ മൃദുഹിന്ദുത്വ നിലപാടാണെന്ന് ഇപി ജയരാജൻ പറഞ്ഞു. കോൺഗ്രസ് നിലപാട് മാറ്റിയാൽ ക്ഷണിക്കാം. പ്രതിപക്ഷ നേതാവും സതീശനും സിപിഎമ്മിനെ തള്ളിപ്പറയുന്നവരാണ്. അവരെ എങ്ങനെ സെമിനാറിലേയ്‌ക്ക് ക്ഷണിയ്‌ക്കുമെന്നും അദ്ദേഹം ചോദിച്ചു.
ലീഗിന്റെ അഞ്ചു വോട്ട് കണ്ടിട്ടല്ല അവരെ ക്ഷണിച്ചത്. രാജ്യതാത്പര്യം മുൻ നിർത്തിയാണ്. പല അവസരങ്ങളിലും ലീഗ് സിപിഎമ്മുമായി സഹകരിച്ചിട്ടുണ്ട്. അന്നൊന്നും അവർ നിഷേധാത്മക സമീപനം സ്വീകരിച്ചില്ല. മോദിയെ എതിർക്കുന്നതിന് പകരം കോൺഗ്രസ് സിപിഎമ്മിനെയാണ് എതിർക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ലീഗിന്റെ പിന്തുണയില്ലാതെ കോൺഗ്രസിന് ഏതെങ്കിലും മണ്ഡലത്തിൽ ജയിക്കാനാകുമോ എന്നും ലീഗ് സഹകരിക്കുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലീഗ് വിട്ടുപോയാൽ യുഡിഎഫ് പിന്നെ ഇല്ല. യുഡിഎഫ് ഇനിയും ദുർബലമാകുമെന്നും യുഡിഎഫിൽ തന്നെ തുടരണോ എന്നത് ലീഗ് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments