ടെഹ്റാൻ: സ്ത്രീകൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കുമെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ. ഇറാനിൽ 1979 മുതൽ സ്ത്രീകൾക്ക് ഫുട്ബോളും മറ്റ് കായിക മത്സരങ്ങളും നേരിട്ട് കാണുന്നതിൽ വിലക്കേർപ്പെടുത്തിയിരുന്നു. നേരത്തെ പ്രത്യേക സാഹചര്യങ്ങളിൽ ഒന്നു രണ്ടുവട്ടം സ്ത്രീകളെ നിയന്ത്രണങ്ങളോടെ പ്രവേശിപ്പിച്ചതൊഴിച്ചാൽ അവർക്ക് നിരന്തരം വിലക്കേർപ്പെടുത്തിയിരുന്നു.
ഇതിനിടെ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് ഇറാൻ ഫുട്ബോൾ ഈയിടെ വലിയ വിവാദത്തിലകപ്പെട്ടിരുന്നു. ഫുട്ബോൾ മത്സരം കാണാനായി സ്റ്റേഡിയത്തിൽ പുരുഷന്റെ വേഷം ധരിച്ചെത്തിയ സഹർ ഖോദയാരി എന്ന പെൺകുട്ടിയുടെ പോലീസ് ജയിലിൽ അടച്ചിരുന്നു. ഇതിൽ മനംനൊന്ത സഹർ 2019 സെപ്റ്റംബർ ഒൻപതിന് തീകൊളുത്തി ജീവൻ വെടിഞ്ഞിരുന്നു.
ഇതിന് പിന്നാലെ ഇറാൻ സമാനതകളില്ലാത്ത പ്രതിഷേധത്തിന് സാക്ഷ്യംവഹിച്ചു. സ്ത്രീകൾ തെരുവിലിറങ്ങി പ്രക്ഷേഭങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. മറ്റ് രാഷ്‌ട്രങ്ങൾ ദാരുണ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.ഇതെല്ലാം കണക്കിലെടുത്താണ് ഇപ്പോൾ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
ഇറാൻ ടോപ് ലെവൽ ഫുട്ബോൾ ലീഗിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഫെഡറേഷൻ തലവൻ മെഹ്ദി താജ് സ്ത്രീകളുടെ പ്രവേശന കാര്യത്തെപ്പറ്റി അറിയിച്ചത്. 16 ടീമുകൾ പങ്കെടുക്കുന്ന ലീഗ് അടുത്ത മാസം ആരംഭിക്കും. 2022 ഓഗസ്റ്റിൽ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കാണാനായി സ്ത്രീകൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിച്ചിരുന്നു. എസ്റ്റേഗ്ലാലും മെസ് കെർമാനും തമ്മിലുള്ള മത്സരം കാണാൻ നിരവധി സ്ത്രീകൾ അന്ന് എത്തിയിരുന്നു.
















Comments