ഭാരതീയ ദാർശനിക സിദ്ധാന്തങ്ങൾ രണ്ടുതരത്തിലാണ് രൂപപ്പെട്ടിട്ടുള്ളത്. ഒന്ന് വേദങ്ങളെ അംഗീകരിച്ചിട്ടുള്ള ആസ്തികന്മാരും രണ്ട് വേദങ്ങളെ അംഗീകരിക്കാത്ത നാസ്തികന്മാരും. അതിൽ ആസ്തിക വിഭാഗത്തിൽപ്പെട്ടവയെ ഷഡ് ദർശനം അഥവാ ആറു ദർശനങ്ങൾ എന്ന് പറയുന്നു. സാംഖ്യം, യോഗം, ന്യായം, വൈശേഷികം പൂർവ്വമീമാംസ, ഉത്തരമീമാംസ എന്നിവയാണ് ആസ്തിക ദർശനങ്ങൾ. നാസ്തിക ദർശനത്തിൽ ചാർവാക – ജൈന – ബുദ്ധ ദർശനങ്ങളാണുള്ളത്.
കപിലമഹർഷിയാണ് സാംഖ്യ ദർശനത്തിന്റെ സ്ഥാപകൻ. പതഞ്ജലി മഹർഷി യോഗ ദർശനത്തിന്റെയും, അക്ഷപാദ ഗൗതമമഹർഷി ന്യായദർശനത്തിന്റെയും, കാണാദ മഹർഷി വൈശേഷിക ദർശനത്തിന്റെയും സ്ഥാപകരാണ്. ജൈമിനി മഹർഷിയാണ് മീമാംസാ ദർശനത്തിന്റെ ഉപജ്ഞാതാവ്. വേദാന്തം അഥവാ ഉത്തരമീമാംസാ ദർശനത്തിന്റെ ഉപജ്ഞാതാവ് വ്യാസമഹർഷി ആകുന്നു.
മഹർഷി പതഞ്ജലിയുടെ യോഗസൂത്രമാണ് യോഗ ദർശനത്തിന്റെ ആധികാരിക ഗ്രന്ഥം. സാംഖ്യദർശനത്തിനോട് പലതരത്തിലും സാമ്യം പുലർത്തുന്ന ഒരു ദർശനമാണ് യോഗദർശനം. അതിനാൽ സഈശ്വരസാംഖ്യം എന്നും യോഗദർശനം അറിയപ്പെടുന്നു.
തനിക്ക് മുമ്പ് തന്നെ സമുദായത്തിൽ യോഗചിന്തകൾ ഉണ്ടായിരുന്നെന്നും അവയെ 196 സൂത്രങ്ങളിലായി പതഞ്ജലി മഹർഷി അവതരിപ്പിക്കുകയായിരുന്നു എന്നും പല ശാസ്ത്ര ചിന്തകരും വിശ്വസിച്ചുവരുന്നു.
ചിത്തവൃത്തി നിരോധനത്തിലൂടെ മോക്ഷപ്രാപ്തി എന്നതാണ് പ്രധാനതത്വം. 196 സൂത്രങ്ങൾ നാല് അധ്യായമായാണ് അവതരിപ്പിച്ചിരിക്കുന്നത്. സമാധിപാദം, സാധനനപാദം, വിഭൂതിപാദം, കൈവല്യപാദം എന്നിവയാണ് അവ. സമാധിപാദത്തിൽ 51 , സാധനപാദത്തിൽ 55 , വിഭൂതിപാദത്തിൽ 56 ഉം കൈവല്യപാദത്തിൽ 34 ഉം സൂത്രങ്ങളാണ് ഉള്ളത്.
അഷ്ടാംഗ യോഗത്തിന്റെ പരിശീലനം വഴി ശരീരത്തിന്റെയും മനസ്സിന്റെയും പൂർണ നിയന്ത്രണം അനുശാസിക്കുന്ന യോഗസൂത്രങ്ങൾ ഒരു മോക്ഷശാസ്ത്രം കൂടിയാണ്. പ്രത്യക്ഷം, അനുമാനം, ആഗമം എന്നീ പ്രമാണങ്ങളെയും സാംഖ്യത്തിൽ പ്രതിപാദിക്കുന്ന പഞ്ചവിംശതിതത്വങ്ങളെയും യോഗ ദർശനം അംഗീകരിക്കുന്നുണ്ട്. സാംഖ്യദർശനം താത്വികവും യോഗ ദർശനം അതിന്റെ പ്രായോഗിക വകഭേദവും ആണെന്ന് പണ്ഡിതർ നിരീക്ഷിക്കുന്നു.
ഡോക്ടർ അക്ഷയ് എം വിജയ്
ഫോൺ: 8891399119
ആയുർവേദ ഡോക്ടർ, യോഗ അധ്യാപകൻ, എഴുത്തുകാരൻ, എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ലേഖകൻ യോഗാസന സ്പോർട്സ് അസോസിയേഷന്റെ തൃശൂർ ജില്ല ജോയിന്റ് സെക്രട്ടറിയാണ്.
യോഗയെക്കുറിച്ചും മറ്റുള്ള വിഷയങ്ങളെക്കുറിച്ചും ഡോക്ടർ അക്ഷയ് എം വിജയ് ജനം ടിവി വെബ്‌സൈറ്റിൽ എഴുതിയിരിക്കുന്ന ലേഖനങ്ങൾ വായിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
Comments