ഗാന്ധിനഗർ: പേറ്റുനോവറിഞ്ഞവൾ ജനനി! ആയിരം പൊൻനാണയങ്ങൾ മാടി വിളിച്ചാലും അതൊന്നും മാതൃസ്‌നേഹത്തിനു മുന്നിൽ പകരം വയ്‌ക്കാൻ കഴിയുന്നതല്ലെന്ന് ‘പൂതപ്പാട്ടിലൂടെ’ ഇടശ്ശേരി മലയാള ജനതയുടെ മുന്നിൽ അവതരിപ്പിച്ചപ്പോഴും, മാതൃത്വം തുളുമ്പുന്ന പോറ്റമ്മയുടെ സ്‌നേഹവും മലയാളികൾക്ക് വിദൂരമായിരുന്നില്ല. അത്തരത്തിലുള്ള ഒരു കാഴ്ചയാണ് ഇപ്പോൾ ഗുജറാത്തിൽ നിന്നും വരുന്നത്.
ഗുജറാത്തിലെ ഹൈക്കോടതി പ്യൂൺ തസ്തികയിലേയ്‌ക്ക് പരീക്ഷ എഴുതാൻ വന്നപ്പോൾ ആ അമ്മയുടെ ഉള്ളൊന്ന് പിടഞ്ഞിട്ടുണ്ടാവണം. തന്റെ ആറ് മാസം പ്രായമായ കുഞ്ഞിനെ സംരക്ഷിക്കാൻ സുരക്ഷിതമായ കൈകൾ ഒരു നിമിഷമെങ്കിലും ആ അമ്മ തിരഞ്ഞിട്ടുണ്ടായിരിക്കാം. അമ്മയുടെ ആധികളകറ്റാൻ ഒരു മാലാഖയെപ്പോലെ പോലെ ആ വനിതാ കോൺസ്റ്റബിൾ എത്തി.. കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിനെ ഏറ്റുവാങ്ങി.. സമാധാനമായി പരീക്ഷയെഴുതിക്കോളൂ, ഈ കൈകളിൽ കുഞ്ഞ് സുരക്ഷിതമായിരിക്കുമെന്ന പോലീസുദ്യോഗസ്ഥയുടെ വാക്കുകൾ ആ അമ്മയ്‌ക്ക് വലിയ ആശ്വാസമേകി.
കരഞ്ഞു കൊണ്ടിരുന്ന കുഞ്ഞിനെ താലോലിച്ചുകൊണ്ട് ആ വനിതാ കോൺസ്റ്റബിൾ ഹാളിന് പുറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു. ഒരമ്മ നൽകുന്ന സ്നേഹവും വാത്സല്യവും അവർ വേണ്ടുവോളം നൽകി. ഇതിന്റെ ദൃശ്യങ്ങൾ അഹമ്മദാബാദ് പോലീസ് പങ്കുവച്ചതോടെ വനിതാ കോൺസ്റ്റബിളും കുഞ്ഞും അതിവേഗമാണ് വൈറലായത്. പോലീസുദ്യോഗസ്ഥയെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലും അല്ലാതെയും നിരവധി പേർ രംഗത്തെത്തുകയാണ്.
















Comments