ഹിമാലയത്തിന്റെ നെറുകയിൽ ഒരു ഗുഹയിൽ മഞ്ഞിൽ രൂപം കൊള്ളുന്ന ഒരു ശിവലിംഗം.അതാണ് അമർനാഥ് ദർശനം.ശ്രീനഗറിൽ നിന്ന് 136 കി.മീ. വടക്കുകിഴക്കുഭാഗത്തായി സമുദ്രനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിലാണ് പ്രസിദ്ധമായ ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്ത റയിൽവേ സ്റ്റേഷൻ ജമ്മുവാണ്. വിമാനത്താവളം ശ്രീനഗറാണ്.
മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ് ഇവിടത്തെ പ്രത്യേകത. ഇതിനെയാണ് ഹിമലിംഗം എന്നു പറയുന്നത്. ഗുഹയിൽ ജലം ഇറ്റു വീണ് ഉറഞ്ഞ് ശിവലിംഗത്തിന്റെ രൂപത്തിൽ കാണപ്പെടുന്നു. വേനൽക്കാലത്ത് ഈ മഞ്ഞുരുകി ലിംഗം അപ്രത്യക്ഷമാകാറുമുണ്ട്. 400 വർഷം മുമ്പാണ് ഈ ഗുഹയും ലിംഗവും ശ്രദ്ധയിൽപ്പെടുകയും ആരാധനനടത്താനാരംഭിക്കുകയും ചെയ്തത്.
ശിവന്റെ ജഡാമുടിയിൽനിന്നും വീണ വെള്ളത്തിന്റെ തുള്ളികൾ അഞ്ച് നദികളായി രൂപമെടുത്ത് പഞ്ചധരണി എന്ന് പേർ നേടി. പഞ്ചധരണിയിൽ നിന്നും എട്ട് കിലോമീറ്റർ അമർനാഥ് ഹിമലിംഗക്ഷേത്രം സ്ഥിതി ചെയ്യുന്നതു. 12729 അടി ഉയരമുള്ള ഗിരിശൃംഗമാണ് അമർനാഥ്. അമർനാഥ് ഗുഹയ്‌ക്ക് നൂറടി ഉയരവും നൂറ്റി അമ്പത് അടി ആഴവുമുണ്ട്.
ജൂലൈ ആദ്യ ദിവസങ്ങളിൽ രൂപപ്പെട്ട് ആഗസ്റ്റ് അവസാനമാകുമ്പോഴേക്കും അപ്രത്യക്ഷമാകുന്ന അത്ഭുത പ്രതിഭാസം.
കൊടും മഞ്ഞിൽ ശിവലിംഗം രൂപം കൊള്ളുന്ന ഗുഹയിൽ രണ്ട് ഇണപ്രാവുകൾ കൂട്ടിരിക്കുന്ന കാഴ്ചയുമുണ്ടാകും. ശിവപാർവ്വതിമാർ എന്ന് ഭക്തർ വിശ്വസിക്കുന്ന ഈ പ്രാവുകളും ഒരത്ഭുതം തന്നെയാണ്. ഇവിടെ ഹിമലിംഗമായ ഈശ്വരൻ തെക്കോട്ട് അഭിമുഖമായി ദർശനം നൽകുന്നത് സവിശേഷതയാണ്. ഇവിടെ ഭക്തർ നൽകുന്ന കാണിക്കയുടേയും വഴിപാടിന്റെയും ഒരു ഓഹരി ഹിമലിംഗം കണ്ടെത്തിയ മുസ്ലിംകളുടെ സന്തതി പരമ്പരകൾക്ക് നൽകപ്പെടുന്നു. അതിന് പ്രത്യുപകാരമായി മുസ്ലിം സഹോദരങ്ങൾ, ഭക്തരുടെ സൗകര്യം കണക്കിലെടുത്ത് പഹൽഗാം മുതൽ അമർനാഥ് വരെയുള്ള റോഡ് പുനർനിർമ്മാണം ചെയ്തു വരുന്നു. മതസൗഹാർദ്ദത്തിന്റെ മാതൃകാസ്ഥാനമായി അമർനാഥ് ഹിമലിംഗക്ഷേത്രം യശസ്സുയർത്തി നിൽക്കുന്നു.
2014-ൽ ഞാൻ ആദ്യമായി ദർശനം നടത്തുമ്പോൾ കാക്കനാടൻ എഴുതിയ പുസ്തകം വായിച്ച അറിവു മാത്രമാണുണ്ടായിരുന്നത്. കഞ്ചാവു വലിക്കുന്ന സ്വാമിമാരോടൊപ്പം യാത്ര ചെയ്ത കാക്കനാടന് എഴുത്തിലും ആ ലഹരി നിറയ്‌ക്കാനായി. ഹിമാലയം എന്ന പുണ്യഭൂമിയിലൊരിക്കൽ പോയാൽ അത് നിങ്ങളെ വീണ്ടും വീണ്ടും മാടി വിളിക്കുമെന്നത് ഒരു പ്രത്യേകതയാണ്. മൂന്ന് പ്രാവശ്യം ടിബറ്റിലെ കൈലാസ് മാനസസരോവർ യാത്ര നടത്തിയ അനുഭവസമ്പത്തുമായാണ് ആദ്യ അമർനാഥ് യാത്രയെന്നതിനാൽ എനിക്കത്ര കാഠിന്യമൊന്നും തോന്നിയില്ല.
എങ്കിലും ഓരോ ഹിമാലയ യാത്രയും സകല അഹങ്കാരങ്ങളും ശമിപ്പിക്കുന്നതാണെന്ന തിരിച്ചറിവുള്ളതിനാൽ ഓരോ പ്രാവശ്യവും യാത്ര പോകും മുമ്പ് ആദ്യ യാത്രികനെപ്പോലെ ആശങ്ക തോന്നാറുണ്ട്. കാരണം ഹിമാലയത്തിന്റെ സ്വഭാവം ഏത് നിമിഷവും മാറും. മഹാദേവനെപ്പോലെ ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമാണ് ഹിമാലയം എന്നാണ് എന്റെ അനുഭവം.
ഇന്നലെ (2023 ജൂലൈ അഞ്ച്) മറ്റൊരു യോഗാചാര്യൻ ബാലൻ മേലേതിലുമൊത്ത് യാത്ര പുറപ്പെടും മുമ്പ് കുടുംബത്തിലെ മുതിർന്നവരെയെല്ലാം കണ്ട് കാൽതൊട്ട് അനുഗ്രഹം വാങ്ങി. നേരിൽ കാണാൻ കഴിയാത്തവരെ ഫോണിൽ വിളിച്ചു. കഴിഞ്ഞ വർഷമുണ്ടായ മിന്നൽ വർഷത്തിൽ ജീവൻ സമർപ്പിച്ച മുഴുവൻ യാത്രികരുടെയും ഓർമ്മകൾക്കു മുമ്പിൽ പ്രണമിച്ചു കൊണ്ട് ചെങ്ങന്നൂരിൽ നിന്നും ആലുവയിലേക്ക് ട്രെയിൻ കയറി. യാത്രയാക്കാൻ വന്ന സഹോദരിയും ഭർത്താവും ഭക്ഷണവും കൊണ്ടു വന്നിരുന്നു.ട്രെയിനിലിരുന്ന് ഭക്ഷണം കഴിച്ചു.
10 മണിക്ക് ആലുവയിലെത്തുമ്പോൾ മറ്റൊരു യോഗാചാര്യനായ കുട്ടപ്പൻ സ്റ്റേഷനിൽ കാറുമായി കാത്തു നില്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലെത്തി വിശ്രമിച്ചു. രാത്രി ഭക്ഷണം വൈകിക്കഴിക്കില്ല എന്നറിയിച്ചിരുന്നതിനാൽ ചെന്നയുടൻ കിടക്കയിൽ അഭയം പ്രാപിച്ചു.
6 ജൂലൈ വ്യാഴാഴ്ച പതിവുപോലെ അതി രാവിലെയുണർന്ന് കുളിയും മറ്റും കഴിച്ച് കൊച്ചിൻ എയർപോർട്ടിലേക്ക് കുട്ടപ്പന്റെ കാറിൽ പുറപ്പെട്ടു. കുട്ടപ്പന്റെ സഹധർമ്മിണിയോടു് യാത്ര പറഞ്ഞ് വിടവാങ്ങി. എയർപോർട്ട് ഗേറ്റിലിറക്കിയ സാരഥിയോടും നന്ദി പറഞ്ഞ് സെക്യൂരിറ്റിക്കാരന്റെ അടുത്തെത്തുമ്പോഴുണ്ട് ടിക്കറ്റിൽ സംശയം പറയുന്നു. ചെക്ക് ഇൻ ചെയ്യേണ്ട സമയം കഴിയാൻ പോകുന്നു. മൊബൈലിൽ ശ്രമിച്ചിട്ട് പറ്റുന്നുമില്ല. എന്റെ വേഷം കണ്ടിട്ടാകാം ClSF കാരൻ ഹിന്ദിയിൽ പറയുന്നത് എനിക്കൊട്ടു മനസ്സിലാകുന്നുമില്ല. മലയാളം പറഞ്ഞോളു എന്നു പറഞ്ഞതോടെ ഞങ്ങളെ ഇൻഡിഗോയുടെ കൗണ്ടറിലേക്ക് പറഞ്ഞു വിട്ടു. കൗണ്ടറിലിരുന്ന സൗമ്യയായ പെൺകുട്ടിയോട് കാര്യങ്ങൾ പറഞ്ഞു. ഫ്ലൈറ്റ് നമ്പർ മാറിയതിനാലാണ് പ്രശ്നമെന്നു പറഞ്ഞ് ടിക്കറ്റ് പ്രിൻ്റു ചെയ്തു തന്നതോടെ ആശ്വാസമായി.
5.15-ന്റെ ബാംഗ്ലൂർ വഴി ദില്ലിക്കുള്ള ഫ്ലൈറ്റിൽ ചെക്ക് ഇൻ ചെയ്യുമ്പോൾ സമയം 4.15 ആയിരുന്നു. ഒരാൾക്ക് ഒരു ബാഗ് മാത്രമേ ബാഗേജിൽ വിടാനാകു എന്നതിനാൽ എന്റെ രണ്ടു ബാഗുകളിലൊന്നിനെ കാബിൻ ബാഗേജാക്കാൻ ചില മാറ്റി മറിക്കലുകൾ വേണ്ടി വന്നു. എപ്പോഴും നേരത്തെ എയർപോർട്ടിൽ എത്തുന്ന പതിവ് തെറ്റിയതിന്റെ ആശങ്കയുണ്ടായിരുന്നു. എങ്കിലും എല്ലാം ശുഭമായി പര്യവസാനിച്ചു.
ബാംഗ്ലൂർ എത്തി ദില്ലി ഫ്ലൈറ്റ് പിടിക്കാനായി ബോർഡിംഗ് പാസിൽ കാണിച്ച 28-)o ഗേറ്റിലെത്തി. കയ്യിൽക്കരുതിയ ഡ്രൈ ഫ്രൂട്ട്സിൽ നിന്ന് മൂന്ന് ഈത്തപ്പഴവും, ഏതാനും അണ്ടിപ്പരിപ്പും കഴിക്കുമ്പോഴേക്കും ഞങ്ങളുടെ ഗേറ്റ് 12-ലേക്ക് മാറ്റിയതായി അറിയിപ്പു വന്നു. ബാഗുമായി അവിടേക്ക് പോയി. കൊച്ചി-ബാംഗ്ലൂർ – ദില്ലി വിമാനങ്ങളിൽ നേരിട്ട് വിമാനത്തിലേക്ക് കയറുകയായിരുന്നു. എന്നാൽ ദില്ലിയിൽ ചെന്നപ്പോൾ ഗോവണി വഴി ഇറങ്ങേണ്ടി വന്നു. മലയാളികളായതിനാലാകാം ഞങ്ങളെ എതിരേറ്റത് നല്ല മഴയാണ്. ഗോവണിയിലും മഴത്തുള്ളികൾ വീഴുന്നുണ്ട്. ഓടി എയർപോർട്ട് ബസിൽ കയറുമ്പോഴേക്കും വസ്ത്രവും ബാഗും നനഞ്ഞു. 10-)o നമ്പർ കൺവയർ ബൽറ്റിൽ വന്ന ലഗേജും നനഞ്ഞിരുന്നു.
400 രൂപ കൊടുത്ത് പ്രീപെയ്ഡ് ടാക്സി എടുത്ത് ഡൽഹി കൻ്റാേൺമെൻ്റ് റയിൽവേ സ്റ്റേഷനിലെത്തി. ചെറിയാെരു സ്റ്റേഷനാണിത്. ക്ലോക്ക് റൂം സൗകര്യം പോലുമില്ല. വൈശാഖ് തലേന്നു തന്നെ ട്രെയിനിൽ ഡൽഹിയിലെത്തിയിരുന്നു. വൈശാഖിനെയും വിളിച്ചു വരുത്തി. എന്നെ ബാഗുകൾ ഏല്പിച്ച് അവർ രണ്ടു പേരും ഭക്ഷണം കഴിക്കാൻ പോയി. എനിക്കുള്ള ഭക്ഷണം വാങ്ങിക്കൊണ്ടുവന്നു. ബട്ടൂരയും ചണ മസാല (കടലക്കറി) യുമായി ഉച്ചഭക്ഷണം. അപ്പോഴേക്കും പ്രീതി കൈലാസിയെത്തി. വിദേശത്തു നിന്നും ഏതാനും ദിവസം മുമ്പ് ഭാരതത്തിലെത്തി ഗുജറാത്തിലൊക്കെ ഒരു യാത്രയും നടത്തിയ ശേഷം ഇന്നലെ ദില്ലിയിലെത്തിയതാണ്.
ഭക്ഷണവും കഴിച്ച് ട്രെയിൻ കാത്തിരിക്കുകയാണ്. യാത്രാ വിശേഷങ്ങളും ചിത്രങ്ങളും പിന്നീടാകാം.
06/07/2023
തയ്യാറാക്കിയത്
യോഗാചാര്യ ശിവചരൺ കൃപാപാത്രി ഡോ.സജീവ് പഞ്ച കൈലാസി.
കൈലാസ് മാനസരോവർ, ആദി കൈലാസ്, കിന്നർ കൈലാസ്, ശ്രീ ഖണ്ഡ് കൈലാസ്, മണി മഹേഷ് കൈലാസ് തുടങ്ങിയ അഞ്ചുകൈലാസങ്ങളിലും ദർശനം നടത്തിയിട്ടുണ്ട്.
ആരോഗ്യ ഭാരതി സംസ്ഥാന കാര്യദർശി.
പൈതൃക് സംസ്ഥാന ഉപാദ്ധ്യക്ഷൻ വൈദ്യ മഹാസഭ സംസ്ഥാന ചെയർമാൻ.
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്.
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്സ് അസോസിയേഷൻ (GICSNA – ജിക്ഷ്ണ) നാഷണൽ കമ്മിറ്റി സെക്രട്ടറി.
ഫോൺ : 9961609128
















Comments