എറണാകുളം: നൃത്തം ചെയ്യുന്നതിന് പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിച്ച നിരവധിപേരെ വാർത്തകളിലൂടെ കാണാറുണ്ട്. അത്തരത്തിൽ, പ്രായത്തെ വെല്ലുന്ന ഡാൻസ് പ്രകടനം കാഴ്ചവെച്ച ഒരാളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ താരമാകുന്നത്. തന്റെ 63-ാം വയസ്സിലും ബ്രേക്ക്ഡാൻസ് കളിച്ച് കാണികളെ ഹരംകൊള്ളിക്കുകയാണ് ജോൺസൺ ആശാൻ. ഫോർട്ട് കൊച്ചിയിലെ സൈക്കിൾ മെക്കാനിക്കായ ജോൺസൺ ആശാനിപ്പോൾ സാമൂഹികമാദ്ധ്യമങ്ങളിലെ മിന്നും താരമാണ്. ചടുല താളങ്ങളും ചലനങ്ങളുമായി ഫോർട്ട്കൊച്ചിയുടെ വേദികളിൽ ഏറെക്കാലമായി ആശാനെ കാണാം
ഫോർട്ട് കൊച്ചിയിലെ നസ്രത്ത് പള്ളിക്കരികിലെ വീടിനോട് ചേർന്ന് സ്വന്തമായുള്ള സൈക്കിൾ വർക്ക് ഷോപ്പാണ് ആശാന്റെ ഉപജീവനമാർഗം. എങ്കിലും ആശാന്റെ മനസ്സിൽ എപ്പോഴും നൃത്തമാണ്. അതും ബ്രേക്ക് ഡാൻസ്. എല്ലാ കൗമാരക്കാരെയും പോലെ ആശാന്റെ ഉള്ളിലും ബ്രേക്ക് ഡാൻസ് കയറിക്കൂടിയത് മൈക്കിൾ ജാക്സനിലൂടെയാണ്. കൊച്ചിയുടെ മൈക്കിൾ ജാക്സണാകാണമെന്ന ആഗ്രഹം ഡാൻസ് പഠനത്തിലും കൊണ്ടെത്തിച്ചു. ബ്രേക്ക് ഡാൻസിലെ ചടുലമായ എല്ലാ ചലനങ്ങളും ജോൺസണാശാന് നിഷ്പ്രയാസം വഴങ്ങി. അങ്ങനെ കൊച്ചിയുടെയും ഫോർട്ട് കൊച്ചിയുടെയും വേദികളിൽ ആവേശത്തിലാറാടിക്കാൻ എല്ലാവർക്കും ജോൺസൺ ആശാന്റെ ബ്രേക്ക് ഡാൻസ് വേണമെന്നായി.
കുടുംബവും കുട്ടികളുമൊക്കെയായി ജീവിത പ്രാരാബ്ധം ഏറിയപ്പോൾ സൈക്കിൾ കടയിലേക്ക് ജീവിതം ഒതുങ്ങി. ഇതിനിടയിലും സിനിമ നടൻ സൗബിനെ ഡാൻസ് പഠിപ്പിച്ചു. ആശാന്റെ നമ്പറുകൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാണ്.
Comments