കൊച്ചി: പ്രവാചക നിന്ദയാരോപിച്ച് മൂവാറ്റുപുഴയിൽ പോപ്പുലർഫ്രണ്ട് ഭീകരവാദികൾ പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ രണ്ടാം ഘട്ട വിധി ഇന്ന്. പോപ്പുലർ ഫ്രണ്ട് ഭീകരവാദ നേതാവ് എം കെ നാസർ ഉൾപ്പെടെ 11 പേരുടെ വിചാരണ പൂർത്തിയാക്കിയാണ് വിധി പ്രഖ്യാപിക്കുന്നത്. ഒന്നാം പ്രതി സവാദ് ഇപ്പോഴും ഒളിവിലാണ്. കൊച്ചി എൻഐഎ പ്രത്യേക കോടതി ജഡ്ജി അനിൽ ഭാസ്‌കറാണ് വിധി പറയുന്നത്. ആദ്യഘട്ടത്തിൽ മുപ്പത്തിയേഴ് പ്രതികളെ വിസ്തരിച്ച കോടതി 11 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. ആദ്യഘട്ട കുറ്റപത്രത്തിനുശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തിൽ പൂർത്തിയാക്കിയത്.
ഒളിവിലുള്ള ഒന്നാംപ്രതി എറണാകുളം ഓടയ്‌ക്കാലി സ്വദേശി സവാദിനായി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപയും എൻഐഎ പ്രഖ്യാപിച്ചിരുന്നു. അദ്ധ്യാപകന്റെ െൈകവെട്ടിയ സവാദിന് പുറമെ അറസ്റ്റിലായ എം കെ നാസർ, ഷെഫീഖ്, നജീബ്, സജിൽ, അസീസ് ഓടക്കാലി, മുഹമ്മദ് റാഫി ടി പി സുബൈർ, എം കെ നൗഷാദ്, മൻസൂർ, പി പി മുഹമ്മദ് കുഞ്ഞ്, പി എം അയൂബ് എന്നീ പിഎഫ്‌ഐ ഭീകരവാദികളാണ് രണ്ടാം ഘട്ട വിചാരണ നേരിട്ടത്.ഇതിൽ നാസർ ഒഴികെയുള്ളവർ ജാമ്യത്തിലാണ്. 2015 ന് ശേഷം അറസ്റ്റിലായ 11 പ്രതികളാണ് പിന്നീട് വിചാരണ നേരിട്ടത്. 2021 ജൂലൈ 12നായിരുന്നു രണ്ടാം ഘട്ട വിചാരണ തുടങ്ങിയത്. 2010 ജൂലൈ നാലിനാണ് പ്രവാചകനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകൻ പ്രൊഫ: ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. മതഭീകരവാദ സംഘടനയായ പിഎഫ്‌ഐ യുടെ നിരോധന ഉത്തരവിലും കൈ വെട്ടിയ കേസും ഉൾപ്പെടുത്തിയിരുന്നു. അദ്ധ്യാപകന്റെ കൈവെട്ടിയ ശേഷം വിദേശത്തേക്കടക്കം കടന്ന പ്രതികളെ പലപ്പോഴായാണ് എൻഐഎ അറസ്റ്റു ചെയ്ത്. യുഎപിഎ ചുമത്തിയ കേസിൽ ഭീകര സ്വഭാവത്തോടെ സമൂഹത്തിൽ ഭീതി പരത്താൻ മതഭീകരവാദികൾ ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.
2010 മാർച്ച് 23ന് തൊടുപുഴ ന്യൂമാൻ കോളജിലെ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ മുഹമ്മദ് നബിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് പ്രൊഫസർ ടി.ജെ ജോസഫിന്റെ കൈ പോപ്പുലർഫ്രണ്ട് നേതാക്കൾ വെട്ടിയത്. പോപ്പുലർ ഫ്രണ്ടാണ് കൃത്യത്തിന് പിന്നിലെന്ന് ആദ്യം കേസന്വേഷിച്ച സംസ്ഥാന പോലീസും പിന്നീട് എൻഐഎയും കണ്ടെത്തി. കൃത്യത്തിന് വിദേശത്തുനിന്നടക്കം സാമ്പത്തിക സഹായം ലഭിച്ചെന്നും പ്രതികൾക്കും സംഭവത്തിന് മുമ്പും ശേഷവും പ്രദേശിക പിന്തുണകിട്ടിയെന്നുമാണ് കണ്ടെത്തൽ. യുഎപിഎ ചുമത്തിയ ഈ കേസിലാണ് രണ്ടാം ഘട്ട വിധി പ്രസ്താവം കൊച്ചി എൻഐഎ കോടതിയിൽ ഇന്ന് നടക്കുക.
















Comments