കൊച്ചി: ലൈഫ് മിഷൻ ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയ സാഹചര്യത്തിൽ ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ജസ്റ്റിസ് കൗസറിന്റെ ബെഞ്ചിൽ ഹർജി നിലനിൽക്കില്ലെന്ന ഡെപ്യൂട്ടി സോളിസിറ്റർ ജനറലിന്റെ വാദം അംഗീകരിച്ചായിരുന്നു പിന്മാറ്റം.
ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി ശിവശങ്കർ നൽകിയ ഹർജി യഥാർത്ഥമാണെന്ന് കരുതുന്നതായും, മെഡിക്കൽ റിപ്പോർട്ടിൽ നിന്ന് ഇത് വ്യക്തമാണെന്നും കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ എം.ശിവശങ്കറിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് വാദിച്ചത്. അതേസമയം, ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അടിയന്തരമായി ജാമ്യം ആവശ്യമുണ്ടായാൽ ഇടക്കാല ജാമ്യത്തിനായി പ്രത്യേക കോടതിയെ സമീപിക്കാൻ ശിവശങ്കറിന് സുപ്രീം കോടതി അനുവാദം നൽകിയിരുന്നു. സുപ്രീംകോടതിയുടെ നിർദ്ദേശം ചൂണ്ടിക്കാട്ടിയാണ് ശിവശങ്കർ ഇടക്കാല ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
സസ്‌പെൻഷൻ കഴിഞ്ഞ് സർവീസിൽ കയറിയ ശേഷം ശിവശങ്കർ കാര്യമായ ചികിത്സയ്‌ക്ക് വിധേയനായിട്ടില്ലെന്ന് ഇ.ഡി യുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ശിവശങ്കർ ഹാജരാക്കിയ മെഡിക്കൽ രേഖകളിൽ സംശയമുള്ളതായാണ് ഇഡി കോടതിയിൽ വാദിച്ചിരുന്നു. നേരെത്തെ ആരോഗ്യ കാരണം ചൂണ്ടികാട്ടി ജാമ്യം നേടിയ ശേഷം സർവീസിൽ നിന്ന് വിരമിക്കും വരെ എം ശിവശങ്കർ ഓഫിസിൽ പോയിരുന്നതായും ഇഡി ചൂണ്ടികാട്ടിയിട്ടുണ്ട്.
യുഎഇയുടെ സഹകരണത്തോടെ വടക്കാഞ്ചേരിയിൽ പാർപ്പിട സമുച്ചയം നിർമ്മിച്ച പദ്ധതിയിൽ കോടികളുടെ കോഴ ഇടപാട് നടന്നെന്ന കണ്ടെത്തലിനെ തുടർന്ന് ഫെബ്രുവരി 14 ന് രാത്രിയിലാണ് ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തത്.
Comments