പാലക്കാട്: കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞു. സംഭവത്തിൽ വനിതാ ഡ്രൈവർ മരിച്ചു. വക്കാല ആലമ്പള്ളി സ്വദേശി വിജീഷ സോണിയ ആണ് മരിച്ചത്. മംഗലംഡാം കരിങ്കയത്ത് വെച്ചായിരുന്നു അപകടം. സോണിയയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോയിൽ ഉണ്ടായിരുന്ന മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു.
സ്‌കൂൾ ട്രിപ്പിനിടെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഓട്ടോയിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളായ അമയ, അനയ, ടോമിലിൻ എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ എട്ട് മണിയോടെ എർത്ത്ഡാം – ഓടംതോട് റോഡിൽ കരിങ്കയം പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.
ഈ മേഖലയിൽ വന്യജീവി ആക്രമണം തുടർക്കഥയാവുകയാണ്. ആറ് മാസം മുൻപ് കാട്ടുപന്നിയുടെ ആക്രമണത്തിൽ സമാനമായ രീതിയിൽ ബൈക്ക് യാത്രികൻ അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു.
Comments