തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ ഗവ. മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടർ അറസ്റ്റിലായ സംഭവത്തിൽ വിജിലൻസിന്റെ സ്‌പെഷ്യൽ സെൽ അന്വേഷണം നടത്തും. കേസിൽ ഡോക്ടർ ഷെറി ഐസക്കിന്റെ സ്വത്തുവിവരം എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് അന്വേഷിക്കും. ഡോക്ടറിൽ നിന്ന് പണം പിടിച്ചെടുത്ത വിവരമുൾപ്പടെയുള്ള കേസ് വിവരങ്ങൾ വിജിലൻസ് ഇഡിയ്‌ക്ക് ഉടൻ നൽകും. അഞ്ച് ലക്ഷത്തിലധികം രൂപ പിടികൂടിയാൽ വിവരം ഇഡിയെ അറിയിക്കണമെന്നാണ് ചട്ടം.
കഴിഞ്ഞ ദിവസമാണ് കൈക്കൂലി വാങ്ങുന്നതിനിടെ ഡോ.ഷെറി ഐസക് വിജിലൻസിന്റെ പിടിയിലാവുന്നത്. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിയുടെ ഭാര്യയുടെ ഓപ്പറേഷൻ നടത്തുന്നതിന് വേണ്ടിയാണ് ഡോക്ടർ ഷെറി ഐസക് കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തിൽ കൈക്കൂലി നൽകാൻ പരാതിക്കാൻ തയ്യാറായിരുന്നില്ല. ഇതോടെ പല തവണ പരാതിക്കാരന്റെ ഭാര്യയുടെ ഓപ്പറേഷൻ ഡോക്ടർ മാറ്റിവെച്ചു. ഒടുവിൽ പണം പ്രതി സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന വടക്കാഞ്ചേരി ഓട്ടുപാറയിലുള്ള ക്ലിനിക്കിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ ഭർത്താവ് തൃശൂർ വിജിലൻസ് ഡിവൈഎസ്പിയെ വിവരം അറിയിക്കുകയായിരുന്നു.
ഇയാളുടെ മുളങ്കുന്നത്തുകാവ് ഹരിത നഗറിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 15 ലക്ഷത്തോളം രൂപ വിജിലൻസ് കണ്ടെടുത്തിരുന്നു. നിരോധിച്ച രണ്ടായിരം രൂപ നോട്ട് മുതൽ, 500, 200 രൂപയുടെ കറൻസികൾ അടക്കം കണ്ടെത്തി. ഇതിനെ തുടർന്നാണ് വിജിലൻസ് സ്‌പെഷ്യൽ സെല്ലും അന്വേഷണം ആരംഭിച്ചത്. ഇയാൾ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നാകും പരിശോധിക്കുക.
പാലക്കാട് സ്വദേശിയിയിൽ നിന്നാണ് ഡോ.ഷെറി ഐസക് കൈക്കൂലി ആവശ്യപ്പെട്ടത്. ഡോക്ടർക്കെതിരെ നേരത്തെയും കൈക്കൂലി വാങ്ങിയ പരാതികൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ രാത്രിയോടെ റിമാൻഡ് ചെയ്തു. ഷെറി ഐസക്കിന്റെ കൊച്ചിയിലെ വീട്ടിലും വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു.
















Comments