ഓരോ യാത്രയും വ്യത്യസ്ഥമായ അനുഭവങ്ങളാണ്. അമർനാഥ് ദർശനത്തിനു മുമ്പായി വൈഷ്ണോദേവി ദർശനം നടത്താനാണ് തീരുമാനം.സമുദ്രനിരപ്പിൽ നിന്ന് 5200 അടി ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വൈഷ്ണോ ദേവി ക്ഷേത്രം ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രം എന്നും അറിയപ്പെടുന്നു , വൈഷ്ണോ ദേവി ആദിശക്തിയുടെ പ്രധാന രൂപങ്ങളിലൊന്നായ വൈഷ്ണോ ദേവിക്ക് സമർപ്പിച്ചിരിക്കുന്ന പ്രമുഖവും പരക്കെ ബഹുമാനിക്കപ്പെടുന്നതുമായ ഒരു ക്ഷേത്രമാണ് . ഇന്ത്യയിലെ ജമ്മു & കാശ്മീർ കേന്ദ്രഭരണ പ്രദേശത്തിനുള്ളിൽ ത്രികൂട കുന്നുകളുടെ ചരിവുകളിൽ റിയാസിയിലെ കത്രയിലാണ് ഇത് സ്ഥിതിചെയ്യുന്നത് . ശക്തി പാരമ്പര്യങ്ങൾ ക്ഷേത്രത്തെ 52 മഹാ (പ്രധാന) ശക്തിപീഠങ്ങളിൽ ഒന്നായി കണക്കാക്കുന്നു. ആഗസ്റ്റിൽ ജമ്മു കാശ്മീർ ഗവൺമെന്റിന്റെ നേതൃത്വത്തിലുള്ള ശ്രീ മാതാ വൈഷ്ണോ ദേവി ഷ്രൈൻ ബോർഡ് (SMVDSB) ആണ് ക്ഷേത്രം നിയന്ത്രിക്കുന്നത്.
ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണിത്. എല്ലാ വർഷവും ദശലക്ഷക്കണക്കിന് ഭക്തരാണ് ക്ഷേത്രം സന്ദർശിക്കുന്നത്. നവരാത്രി പോലെയുള്ള ആഘോഷവേളകളിൽ കാൽനടക്കാരുടെ എണ്ണം ഒരു കോടിയായി ഉയരും. ഏകദേശം 16 ദശലക്ഷം ഡോളർ വാർഷിക വരുമാനമുള്ള ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഈ ക്ഷേത്രം ഹിന്ദുക്കൾക്കും സിഖുകാർക്കും ഒരുപോലെ പവിത്രമാണ്. സ്വാമി വിവേകാനന്ദനെപ്പോലുള്ള പല പ്രമുഖ സന്യാസിമാരും ക്ഷേത്രം സന്ദർശിച്ചിട്ടുണ്ട്.
വൈഷ്ണോദേവിയെ കാളി , സരസ്വതി , ലക്ഷ്മി എന്നിവയുടെ അവതാരമായി കണക്കാക്കുന്നു . ആദിപരാശക്തിയുടെ സങ്കല്പത്തിലാണ് ആരാധന. ഭാരതീയ വിശ്വാസപ്രകാരം ഐശ്വര്യദേവിയായ മഹാലക്ഷ്മിയുടെ അവതാരമാണ് വൈഷ്ണവി, ത്രികുട, ശ്രീമാതാ റാണി, മഹാദേവി എന്നീ നാമങ്ങളിലും വൈഷ്ണോ ദേവി അറിയപ്പെടുന്നു .
വൈഷ്ണോദേവിയിൽ പോകണമെങ്കിൽ അവിടുന്ന് വിളിയുണ്ടാകണമെന്നാണ് പറയുക.ഏതാണ്ട് 23 വർഷം മുമ്പാണ് ഈ ക്ഷേത്രത്തെപ്പറ്റി ഞാൻ കേൾക്കുന്നത്. വിവാഹ ശേഷം എനിക്ക് കുട്ടികളുണ്ടാകാൻ അല്പം താമസിച്ചു. മെഡിക്കൽ പരിശോധനകളിൽ കുഴപ്പമൊന്നുമില്ല. വിവാഹം കഴിഞ്ഞാൽ പിന്നെ നാട്ടുകാരും വീട്ടുകാരും ചോദിക്കുന്ന സാധാരണ ചോദ്യമാണല്ലോ ”വിശേഷം ഒന്നും ആയില്ലേ?” എന്നത്. ഇതു കേട്ടു മടുത്ത എന്റെ ശ്രീമതി ഏറെ ദു:ഖിതയായി. എന്റെ മാതാവും ഏറെ വിഷമത്തിലായി. അങ്ങനെയിരിക്കെ എന്റെ ഒരു കുഞ്ഞമ്മ എന്നോടു പറഞ്ഞു. “എടാ നിനക്ക് ഒരു കുഞ്ഞുണ്ടായിക്കാണാൻ ഞാനൊരു പ്രാർത്ഥന നടത്തിയിട്ടുണ്ട്. കുഞ്ഞുണ്ടായിക്കഴിഞ്ഞ് നീ അതു പോയി നടത്തണം.” ഞാൻ സമ്മതിച്ചു. ജമ്മുവിലെ വൈഷ്ണോദേവി ദർശനമാണ് കുഞ്ഞമ്മ ആവശ്യപ്പെട്ട വഴുപാട്. കുഞ്ഞമ്മയ്‌ക്ക് എന്നേക്കാൾ പ്രായമുണ്ടെങ്കിലും വിവാഹശേഷം ഡിഗ്രിക്ക് പഠിക്കുമ്പോൾ ഞങ്ങൾ സഹപാഠികളും കൂടി ആയിരുന്നതിനാൽ ഞങ്ങൾക്ക് വലിയ ഒരു മാനസിക അടുപ്പം ഉണ്ടായിരുന്നു. കുഞ്ഞമ്മയുടെ ഭർത്താവ് അക്കാലത്ത് ജമ്മുവിൽ മിലിട്ടറി സേവനം ചെയ്തു വരികയാലാണ് ഈ ക്ഷേത്രത്തെപ്പറ്റി അറിയുന്നത്. യാത്രാ പ്രിയനായ ഞാൻ അതു സമ്മതിച്ചു.
എന്തായാലും 1997 ഒക്റ്റോബർ 2-)o തീയതി എനിക്കൊരു മകൻ ജനിച്ചു. ദേവദത്ത് എന്ന് അവന് പേരിടുമ്പോൾ വ്യത്യസ്ഥമായ ഒരു പേര് എന്നതിനൊപ്പം അവൻ ദേവനാൽ (ദേവിയാൽ ) ദത്തനായവനാണ് എന്ന ചിന്തയാണ് എനിക്കുണ്ടായത്.1999-ൽ കുഞ്ഞമ്മ എന്നെ വൈഷ്ണോദേവി യാത്രയെപ്പറ്റി ഓർമ്മിപ്പിച്ചു. എന്റെ കയ്യിൽ തത്ക്കാലം പണമില്ല എന്നു പറഞ്ഞ എനിക്ക് കുഞ്ഞമ്മ ടിക്കറ്റ് എടുത്തു തന്നു. പിന്നീട് പണം തിരികെ കൊടുക്കാമെന്നു പറഞ്ഞ് സന്തോഷത്തോടെ വീട്ടിലെത്തി ഞാൻ ശ്രീമതിയോടു വിവരം പറഞ്ഞു. അപ്പോഴാണ് അവർ വീണ്ടും ഗർഭിണിയാണോ എന്ന് സംശയം പറയുന്നത്. ഞങ്ങൾ ലാബിൽ പോയി പരിശോധിച്ചു. റിസൽട്ട് പോസിറ്റീവ് ആണ്. കുഞ്ഞമ്മയോട് പറഞ്ഞ് ടിക്കറ്റ് ക്യാൻസൽ ചെയ്തു. എന്നാൽ പിന്നീടുള്ള പരിശോധനയിൽ ഫലം നെഗറ്റീവ് ആവുകയും ചെയ്തു. പിന്നീട് 2000- ജൂൺ 24-ന് എന്റെ രണ്ടാമത്തെ മകൻ പിറന്നത്. 2004-ൽ ആണെന്നു തോന്നുന്നു ഭാര്യാ സമേതനായി രണ്ട് ആൺമക്കളേയും കൂട്ടിയാണ് ഞാൻ വൈഷ്ണോദേവി യാത്ര നടത്തുന്നത്. മൂന്നര വയസുകാരനായ ഇളയ പുത്രനെ തോളിലെടുത്ത് വൈഷ്ണോദേവിയുടെ 17 കി.മി. യാത്ര നടന്നു കയറുന്നത്.
മറ്റൊരു രസകരമായ കാര്യം ആ യാത്രയ്‌ക്കായി ഞാൻ പഞ്ചാബിലേക്കാണ് പോയത്. മിലിറ്ററിയിൽ ജോലി ഉണ്ടായിരുന്ന എന്റെ അനുജൻ അന്ന് കിഡ്നി ട്രാൻസ്പ്ലാൻ്റേഷൻ കഴിഞ്ഞ് പഞ്ചാബിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്നു. എന്നാൽ അവിടെച്ചെന്നപ്പോൾ വീണ്ടും ആശുപത്രിയിൽ കിടക്കേണ്ടി വന്നു. അവനെ കാണാനും പറ്റുമെങ്കിൽ വൈഷ്ണോദേവി ദർശനം നടത്തുവാനും ആഗ്രഹിച്ചാണ് പോയത്. അവിടെച്ചെല്ലുമ്പോൾ അവൻ ആശുപത്രിയിലും അവന്റെ ഭാര്യ കാലൊടിഞ്ഞ അവസ്ഥയിലുമാണ്. ഒരു കസേരയിൽ പിടിച്ച് അതു നിരക്കി നീങ്ങിയാണ് ജോലി ചെയ്യുന്നത്. ഒപ്പം അവരുടെ ചെറിയ കുട്ടിയുമുണ്ട്. അന്ന് അതിർത്തിയിൽ എന്തോ യുദ്ധമോ യുദ്ധസമാനമായ സാഹചര്യമോ ഉണ്ട്. ആയതിനാൽ ഇപ്പോൾ വൈഷ്ണോദേവിയിലേക്ക് പോകേണ്ടെന്നും താൻ സുഖമായ ശേഷം അവൻ കൂടി വരാമെന്നും അനുജൻ പറഞ്ഞു. അതു കൊണ്ട് എനിക്ക് സ്ക്കൂളിൽ ജോലിയുള്ളതിനാലും മൂത്ത മകന് സ്ക്കൂളിൽ പോകേണ്ടതിനാലും ഞാൻ എന്റെ ശ്രീമതിയേയും ഇളയ മകനെയും അനുജത്തിയുടെ സഹായത്തിനായി പഞ്ചാബിൽ നിർത്തി ഞാൻ മടങ്ങി.ജൂലൈയിൽ വീണ്ടും മൂത്തമകനേയും കൂട്ടി ഞാൻ പഞ്ചാബിൽ എത്തി. അപ്പോഴും അനുജൻ ആശുപത്രിയിലാണ്. (ആശുപത്രിവാസം തുടരുകയും അവസാനം ദില്ലി RR ഹോസ്പിറ്റലിൽ വച്ച് പിന്നീട് മരണം സംഭവിക്കുകയും ചെയ്തു. അവന്റെ ചികിത്സയ്‌ക്കായിട്ടാണ് ഞാൻ ധാരാളം യാത്ര ചെയിതിട്ടുള്ളത്.)
യുദ്ധത്തിന്റെ സാഹചര്യം ഒഴിഞ്ഞിട്ടുമില്ല. എന്തായാലും ഞങ്ങൾ ബസിൽ കത്രയ്‌ക്ക് വൈകിട്ട് പോയി. രാവിലെ കത്രയിലിറങ്ങി വൈഷ്ണോദേവി ദർശനം പാദ ചാരേണ നടത്തി തിരികെ കുതിരപ്പുറത്ത് മലയിറങ്ങി. നാം നിശ്ചയിച്ച പോലെ ഇവിടെയൊന്നും നടക്കില്ല. ആരോ രചിച്ച തിരക്കഥയിലെ കഥാപാത്രങ്ങളാണ്. ഈ സത്യമറിയാതെയാണ് മാനുഷരെല്ലാം സകല കാര്യങ്ങളിലും പോയി ഇടപെടുന്നത്. ആയതിനാൽ തീർത്ഥയാത്ര പോലും ശ്രദ്ധയോടെ ചെയ്യുക.
ദില്ലിയിൽ നിന്ന് ജമ്മുവിലേക്ക് ഇന്നലെ വൈകിട്ട് ( 6 ജൂലൈ 2023 വ്യാഴം) ആരംഭിച്ച യാത്ര ഇന്ന് വെളുപ്പിന് ( 7 ജൂലൈ 2023 വ്യാഴം) 5.45-ന് അവസാനിച്ചു. ജമ്മു റയിൽവേ സ്റ്റേഷനിലെത്തിയ ഉടൻ യോഗാചാര്യ ബാലൻ മേലേതിനെ കത്രയ്‌ക്കുള്ള ടിക്കറ്റ് എടുക്കാനും പ്രീതി കൈലാസിയെ ലഗേജ് നോക്കാനും ഏല്പിച്ച് ഞാനും വൈശാഖും കൂടി താല്ക്കാലിക സിംകാർഡ് എടുക്കാൻ പോയി. (സുരക്ഷാകാരണങ്ങളാൽ പ്രീപെയ്ഡ് സിമ്മുകൾ ജമ്മുവിൽ പ്രവർത്തിക്കുകയില്ല.) ഒരു മാസത്തേക്ക് മാത്രം ഉപയോഗിക്കാവുന്ന ജിയോ, എയർടെൽ കണക്ഷൻ നൽകാനായി ധാരാളം പേർ കുടകളുടെ തണലിൽ കാത്തിരിപ്പുണ്ട്. അവർ ഫോട്ടോ എടുത്ത് ആധാറിന്റെ ഫോട്ടോയും വിരലടയാളവും സ്ക്കാൻ ചെയ്ത് ഉടൻ കണക്ഷൻ തന്നു. 9103509010 എന്ന നമ്പറാണ് എനിക്കു ലഭിച്ചത്. കണക്ഷൻ എടുത്ത് മടങ്ങി വരുമ്പോഴേക്കും ടിക്കറ്റ് എടുത്ത് വച്ചിരുന്നു.
ഇനി കത്രയിലേക്കുള്ള ട്രെയിൻ പിടിക്കലാണ് വേണ്ടത്. ദില്ലിയിൽ നിന്നു വരുന്ന ജമ്മു മെയിൽ എന്ന വണ്ടിയാണ്. വലിയ ജനക്കൂട്ടം ജനറൽ കമ്പാർട്ട്മെൻ്റിൽ കയറാൻ നിൽക്കുന്നതു കണ്ടതോടെ ഞങ്ങൾ എസി കമ്പാർട്ട്മെൻ്റിൽ കയറി. ടി.ടി.വന്നപ്പോൾ ബാക്കി പണം അടച്ചു. (ഒരാൾക്ക് 465 രൂപ കൊടുക്കേണ്ടി വന്നു.) കത്രയിലെത്തിയിട്ട് ബാക്കി ഭാഗം തുടർന്നെഴുതാം.
തയ്യാറാക്കിയത്
യോഗാചാര്യ ശിവചരൺ കൃപാപാത്രി ഡോ.സജീവ് പഞ്ച കൈലാസി.
കൈലാസ് മാനസരോവർ, ആദി കൈലാസ്, കിന്നർ കൈലാസ്, ശ്രീ ഖണ്ഡ് കൈലാസ്, മണി മഹേഷ് കൈലാസ് തുടങ്ങിയ അഞ്ചുകൈലാസങ്ങളിലും ദർശനം നടത്തിയിട്ടുണ്ട്.
ആരോഗ്യ ഭാരതി സംസ്ഥാന കാര്യദർശി.
പൈതൃക് സംസ്ഥാന ഉപാദ്ധ്യക്ഷൻ വൈദ്യ മഹാസഭ സംസ്ഥാന ചെയർമാൻ.
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്.
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്സ് അസോസിയേഷൻ (GICSNA – ജിക്ഷ്ണ) നാഷണൽ കമ്മിറ്റി സെക്രട്ടറി.
ഫോൺ : 9961609128
















Comments