അമർനാഥ് യാത്രയ്‌ക്കിടയിൽ വൈഷ്ണോദേവി ദർശനത്തിനായി ജമ്മുവിൽ നിന്ന് കത്ര റയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ ഒരു ജനസമുദ്രമാണ് കണ്ടത്. സ്റ്റേഷനിൽ നിന്ന് ഒന്നു പുറത്തേക്കിറങ്ങാൻ ഏറെ സമയം കാത്തു നില്ക്കേണ്ടി വന്നു. വൈഷ്ണോദേവി ഷ്രൈൻ ബോർഡിന്റെ താമസസ്ഥലത്ത് ഞങ്ങൾ മുറികൾ ബുക്കു ചെയ്തിട്ടുണ്ടായിരുന്നു. ഞങ്ങൾ നാലുപേരും (ഞാൻ, യോഗാചാര്യ ബാലൻ മേലേതിൽ, വൈശാഖ്, പ്രീതി കൈലാസി |മുറിയുടെ ലഭ്യതയനുസരിച്ച് 3 സ്ഥലങ്ങളിലായിട്ടാണ് മുറികൾ ബുക്ക് ചെയ്തിരുന്നത്. അവിടെയുള്ള ഡോർമിറ്ററിയും റൂമുകളുമാണ്. ഞങ്ങൾ ഡോർമിറ്ററി സംവിധാനമാണ് ബുക്ക് ചെയ്തിരുന്നത്. കൂടെയുള്ളത് ഒരു സ്ത്രീയും (പ്രീതി കൈലാസി) കൂടി ആയതിനാൽ ഒരു ഹോട്ടലിൽ മുറി എടുക്കുവാൻ തീരുമാനിച്ചു.(എ.സി ഡോർമിറ്ററിക്ക് 200 രൂപയും നോൺ എ.സി ക്കു് 150 രൂപയുമാണ്. രണ്ടു ദിവസത്തേക്ക് ബുക്കു ചെയ്തിരുന്നു. ഞാനും കുടുംബവും ഈ സംവിധാനത്തിൽ താമസിച്ചിട്ടുണ്ട്. നല്ല താമസമാണ്.)
ടാക്സിക്കാരുമായി സംസാരിച്ച് ഭേദപ്പെട്ട ഒരു ഹോട്ടലിൽ എത്തിക്കുവാൻ പറഞ്ഞു. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കാണും പോലെ കബളിപ്പിക്കലിന്റെ ഒരു സ്വഭാവം കണ്ടില്ല. ഞങ്ങളെ ടാക്സിക്കാരൻ ബ്ലൂസഫയർ ഹോട്ടലിലാണ് എത്തിച്ചത്. 2500 രൂപയാണ് ഒരു മുറിക്ക് വാടക. ഞങ്ങൾ നാലുപേർക്കായി വിഭജിക്കുമ്പോൾ കാര്യമായ തുക വന്നില്ല. മുറിയിൽ വന്ന് കുളിച്ച് റഡിയായി വെളിയിൽ പോയി ഭക്ഷണം കഴിച്ചു വന്നയുടൻ വൈഷ്ണോദേവിക്ക് പുറപ്പെട്ടു. ഹോട്ടലുകാർ അവരുടെ മാരുതി ഒമ്നിയിൽ വൈഷ്ണോദേവിയുടെ കവാടം വരെ കൊണ്ടു വിട്ടു. ഇടയ്‌ക്ക് മല കയറാനുള്ള പാസ് ലഭിക്കാൻ വേണ്ടി നിർത്തി. കുറച്ചു പിള്ളേർ വന്ന് തലയിൽ ജയ് മാതാ ദി എന്ന് പ്രിൻ്റ് ചെയ്ത ചുവന്ന റിബൺ കെട്ടി. അതിന് 10 രൂപ വാങ്ങിച്ചു. RFD കാർഡ് ലഭിക്കാനുള്ള ഒരു കെട്ടിടത്തിലേക്ക് കടന്നു ചെന്നു. ഞങ്ങൾ ഓൺ ലൈനിൽ രജിസ്റ്റർ ചെയ്തിരുന്നു. പക്ഷേ അതിനെപ്പറ്റിയൊന്നും ചോദിക്കുകയുണ്ടായില്ല. ആധാർ കാർഡ് കൊടുത്തയുടൻ ഫോട്ടോ എടുത്തു. ടാഗോടു കൂടി പാസ് ലഭിച്ചു. വീണ്ടും വാഹനത്തിൽ കയറി ക്ഷേത്ര കവാടത്തിലെത്തും മുമ്പ് പൂജാ സാധനങ്ങൾ വിൽക്കുന്ന കടയുടെ മുന്നിൽ നിർത്തി. പ്രീതി പൂജാ സാധനങ്ങൾ വാങ്ങി. വീണ്ടും വാഹനത്തിൽ ഗേറ്റിങ്കലെത്തി.
മാമലമുകളിൽ കുടികൊള്ളുന്ന മഹാമായയുടെ സവിധത്തിലേക്ക് കടക്കും മുമ്പ് പ്രകൃതി മാതാവിനെ വണങ്ങി. മലകളും നദികളും നദീസംഗമങ്ങളും സാഗരസംഗമങ്ങളും വനങ്ങളും പ്രകൃതിയുടെ പ്രത്യക്ഷ രൂപങ്ങളാണ് എന്ന ഭാരതീയ സങ്കല്പത്തിന് ഉദാത്ത മാതൃകയാണ് ഇത്തരം ക്ഷേത്രങ്ങൾ.വലിയ ക്ഷേത്രഗോപുരം കയർ കെട്ടി തിരിച്ച് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. മഴയുടെ വരവറിയിച്ചു കൊണ്ട് ആകാശത്ത് മിന്നൽപ്പിണറും ഇടിനാദവും ഉണ്ടായി. ചാറ്റൽ മഴ കൊണ്ട് ഞങ്ങളെ പവിത്രീകരിച്ചു.
ശരീരപരിശോധനയ്‌ക്കായി സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ലൈനുണ്ട്. എയർപോർട്ടുകളിലും മറ്റും നടത്തും പോലെ പരിശോധന നടത്തുകയുണ്ടായി. ബാഗുകൾ എക്സ്റേ പരിശോധന നടത്തിക്കിട്ടി. നല്ല പ്രായമുള്ള ഒരു മുതിർന്ന മനുഷ്യനെ അദ്ദേഹത്തിന്റെ മകൻ കൈ പിടിച്ച് നടത്തുന്ന കാഴ്ച കണ്ടു. രണ്ടു പേർക്കും നമസ്തേ പറഞ്ഞു. പ്രായമായ കാലത്ത് തങ്ങളുടെ മാതാപിതാക്കളുടെ ആഗ്രഹം നടത്തിക്കൊടുക്കുന്ന പാരമ്പര്യം ഭാരതത്തിൽ ഇപ്പോഴും ഉണ്ടെന്നതിൽ നമുക്കഭിമാനിക്കാം.കൈക്കുഞ്ഞുങ്ങളുമായി അമ്മമാർ മലകയറുന്നു. ചെറുപ്പക്കാരും മുതിർന്നവരും അംഗവീഹീനരും വിവിധ ഭാഷ സംസാരിക്കുന്നവരുമായ ഭാരതീയരുടെ ഒരു പരിഛേദമാണ് ഞാൻ ഈ യാത്രയിൽ കണ്ടത്.
കുതിര എടുക്കണോ എന്ന പ്രീതിയുടെ സന്ദേഹം തുടക്കത്തിലേ നിരുത്സാഹപ്പെടുത്തിക്കൊണ്ട് ഞങ്ങൾ കയറിത്തുടങ്ങി. വഴിയുടെ ഇരുവശങ്ങളിലും വർണ്ണാഭമായ കടകൾ കാണുകയുണ്ടായി. ഭക്ഷണശാലകളും യാത്രാ സിം വിൽക്കുന്ന കടകൾ കളിക്കോപ്പുകൾ തുടങ്ങി മിക്കവാറും എല്ലാ സാധനങ്ങളും വിൽക്കുന്ന കടകളാണതെല്ലാം. 12 കി.മി. കയറ്റം കയറേണ്ട ക്ഷേത്രത്തിൽ നിന്നുള്ള മന്ത്രോച്ചാരണം ഉച്ചഭാഷിണിയിൽ നിന്നു കേൾക്കാം. കുതിരപ്പുറത്തു കയറി യാത്ര ചെയ്യുന്നവർ അലഞ്ഞു തിരിയുന്ന ആടുകൾ, നായ്‌ക്കൾ, പശുക്കൾ, നിറഞ്ഞൊഴുകുന്ന യാത്രികർ, ജയ് മാതാദി ഘോഷം മുഴക്കുന്ന യാത്രികർ, കുതിരച്ചാണകം വീഴുന്നതപ്പോളപ്പാേൾ തൂത്തു മാറ്റുന്ന ജീവനക്കാർ എല്ലാമായി നിരത്ത് മുകളിലേക്ക് നീണ്ടു കിടക്കുകയാണ്. മലയുടെ ഉയരം 17 കി.മി എന്നാണെങ്കിലും 12 കി.മി. കയറിയാൽ വൈഷ്ണോദേവിയിലെത്തും. ബാക്കി ദൂരം ഭൈരവ ക്ഷേത്രത്തിലേക്കുള്ളതാണ്. തൂക്കായ കയറ്റം കുറയ്‌ക്കാൻ പരമാവധി ശ്രമിക്കും വിധമാണ് പാതയുടെ നിർമ്മാണം നടത്തിയിരിക്കുന്നത്. പാതയിൽ കോൺക്രീറ്റ് ടൈൽ പാകിയിരിക്കുന്നതിനാൽ തെന്നി വീഴുമെന്ന ഭയം വേണ്ട. കയറ്റം തുടങ്ങിയതോടെ ശരീരം വിയർത്തു തുടങ്ങി. പ്രീതി എളിയിൽ കൈ താങ്ങിത്തുടങ്ങി. പതുക്കെക്കയറുക എന്ന നിർദ്ദേശം നൽകി പ്രീതിയോടൊപ്പം യാത്ര ചെയ്തു. ക്ഷീണം തോന്നിയപ്പോൾ ഒരു ഒരു കരിമ്പിൻ ജ്യൂസ് കുടിച്ചു. യാത്രയിൽ കുറച്ചു മാത്രം ആഹാരം കഴിക്കുക എന്നതാണ് പതിവ്. സമയം നീങ്ങും തോറും പ്രീതിയുടെ അവശത വർദ്ധിച്ചു വന്നു. ഒരു യോഗാദ്ധ്യാപികയായി യു.എ.ഇ -യിൽ ജോലി ചെയ്തിരുന്നയാളാണ് പ്രീതി. അതെല്ലാം അവസാനിപ്പിച്ച് ആസന പരിശീലനവും ചെയ്യാതായതോടെയാണ് ഈ ബുദ്ധിമുട്ടുകളെല്ലാമുണ്ടായതെന്ന കാര്യം അവർ ഇടയ്‌ക്കിടയ്‌ക്ക് ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു. വൈശാഖും ബാലൻ ചേട്ടനും ആദ്യം പോകും. പ്രീതിക്കൊപ്പം ഞാനും മലകയറും. കാൽ ഭാഗം കയറിയതോടെ പ്രീതി ഇനി കയറാൻ പറ്റില്ലെന്ന നിലയിലായി.അവരെ പ്രോത്സാഹിപ്പിച്ചും ബാക്ക് ബാക്കിൽ കൈ കൊണ്ട് തളളിയും പ്രീതിയെ ഉന്തിക്കയറ്റുകയായിരുന്നു.
വഴിയിലുടനീളം കുടിവെള്ളം, ശൗചാലയം ഒക്കെയുണ്ട്. വെള്ളം കുടിക്കാൻ ഒരു ഗ്ലാസോ കുപ്പിയോ കരുതിയാൽ മതി.ചെറിയ കടകളിൽ ഭക്ഷണ പദാർത്ഥങ്ങൾ ചായ കാപ്പി ഒക്കെയുണ്ട്. സാമാന്യം ആരോഗ്യമുള്ളവർക്ക് സുഖമായി നടന്നു കയറാനാകും. കൊച്ചുകുട്ടികളുമായി വരുന്നവർക്ക് അവരുടെ കുഞ്ഞുങ്ങളെ കിടത്തി പുതപ്പിച്ച് ഉന്തിക്കൊണ്ട് കയറുകയും ഇറങ്ങുകയും ചെയ്യാം. ശബരിമലയിലെ ഡോളിക്കു സമാനമായി എടുത്തു കൊണ്ട് കയറുന്ന സംവിധാനവുമുണ്ട്. പ്രായമായവർക്ക് ഇതുപയോഗിക്കാം. താഴെക്കണ്ടത്രയും കടകൾ മുകളിലില്ല. ചീർ മരങ്ങളും മറ്റും പാതയോരത്ത് കാണാം. വഴിയിൽ മിക്ക സ്ഥലത്തും ഇരുമ്പു ഗർഡറുകളിൽ സ്ഥാപിച്ച ഷീറ്റു മേഞ്ഞ മേൽക്കൂരയുണ്ട്. കയ്യിലിരിക്കുന്ന സാധനങ്ങൾ തട്ടിപ്പറിക്കാൻ വെമ്പി നിൽക്കുന്ന കുരങ്ങന്മാർ മലമുകളിൽ നിന്നും മരങ്ങളിൽ നിന്നും ഷെഡ്ഡിന്റെ മുകളിലേക്ക് ചാടി വീഴുന്ന ശബ്ദം ഭയപ്പെടുത്തിയേക്കാം. കല്ലു വീഴാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നു. അവിടെ ഇരിക്കാൻ കസേരയില്ലെന്നു മാത്രമല്ല ഇരിക്കരുതെന്ന മുന്നറിയിപ്പുമുണ്ട്. മല ചുറ്റിക്കയറുമ്പോൾ താഴേക്കു നോക്കിയാൽ കത്ര നഗരത്തിന്റെ വശ്യ മനോഹരമായ ദൃശ്യം കാണാനാകും. വിട്ടു വിട്ടുചെയ്യുന്ന മഴയുംത്താri ഇടയ്‌ക്കിടെ തെളിയുന്ന സൂര്യനും കൂടി നടത്തുന്ന ഒളിച്ചുകളി ഒട്ടൊന്നുമല്ല ഞങ്ങളെ രസിപ്പിച്ചത്. രാത്രിയായതോടെ താഴെ നഗരത്തിൽ ലൈറ്റുകൾ തെളിഞ്ഞതോടെ താഴ്ന്നു പറക്കുന്ന വിമാനത്തിലിരുന്നു കാണും പോലെ നഗരക്കാഴ്ചകൾ ആസ്വദിക്കാം. ചെറിയ വീഡിയോകളും ഫോട്ടോകളുമൊക്കെയെടുത്തു കൊണ്ട് ഞങ്ങൾ പതുതെ കയറുകയാണ്.
ലക്ഷ്യം തൊട്ടടുത്താണെന്ന് പറഞ്ഞ് പ്രീതിയെ ഓരോ കയറ്റവും കയറ്റുന്നതിനിടയിൽ പടികൾ കയറുന്ന ഒരു ഷോട്ട് കട്ട് കണ്ടു. അതൊന്നു പരീക്ഷിക്കാമെന്ന് പറഞ്ഞതു കേട്ട് പ്രീതിയും കയറി. പടികയറ്റം കഴിഞ്ഞതോടെ പ്രീതിയുടെ നില കൂടുതൽ വഷളായി. പകുതി വഴിയെത്തുമ്പോൾ ഇറങ്ങി വരുന്ന ഒരാളോട് ഇനി എത്ര ദൂരമുണ്ടെന്ന് പ്രീതി അന്വേഷിച്ചു. പകുതിയേ ആയിട്ടുള്ളു എന്ന അവരുടെ പ്രതികരണം കേട്ടതോടെ കുതിരയെ എടുക്കുക എന്ന തീരുമാനം വീണ്ടും എടുത്തു. യാത്രയുടെ അവസാന ഭാഗത്ത് കുതിരകളെ അനുവദിക്കില്ല എന്നതിനാൽ വീണ്ടും ആ തീരുമാനം ഉപേക്ഷിച്ചു. അവസാന 5 കി.മി. ഇലക്ട്രിക് കാർ കിട്ടുമെന്നറിഞ്ഞു. പക്ഷേ അതിനുള്ള ക്യൂ കണ്ടതോടെ വീണ്ടും നടപ്പ് തുടർന്നു. നല്ല സ്പീഡിൽ നടക്കാൻ കഴിയുന്ന ഞങ്ങൾ താൻ കാരണം താമസിക്കുന്നല്ലോ എന്നതാണ് തന്നെ വിഷമിപ്പിക്കുന്നതെന്ന് പ്രീതി ഇടയ്‌ക്കിടക്ക് പറയുന്നുണ്ടായിരുന്നു. കൂടെ വരുന്നവരെ സേഫായി കൊണ്ടു പോയി കൊണ്ടു വരുക എന്നതാണ് ഒരു തീർത്ഥാടകൻ എന്ന നിലയിൽ എന്റെ കടമ എന്ന് ഞാനും പറഞ്ഞു. കുട്ടികളെ ഇരുത്തി ഉന്തിക്കൊണ്ട് പോകുന്ന വണ്ടികളുണ്ട്. പ്രീതിക്ക് തീരെ വയ്യാതെയായതോടെ അതിൽ ഇരുത്തിക്കൊണ്ടു പോകാൻ സാധിക്കുമോ എന്നന്വേഷിച്ചു. അവർ തയ്യാറായെങ്കിലും അവസാനത്തെ രണ്ടരക്കിലോ മീറ്ററിന് 1200 രൂപ ആവശ്യപ്പെട്ടതോടെ അതും വേണ്ടെന്നു വച്ചു. ഭൈരവ ക്ഷേത്രത്തിലേക്ക് പോകാൻ വൈഷ്ണോദേവിയിൽ നിന്ന് 5 കി.മി. ഉണ്ടെന്നറിഞ്ഞതോടെ ഈ ദൈവങ്ങൾക്കൊക്കെ ഇത്രയും മുകളിൽ പോയിരിക്കുന്നതെന്ന് ഒരു ചോദ്യമുണ്ടായി. ഏതാനും നിമിഷങ്ങൾക്കകം പ്രീതിയുടെ കാഴ്ച പോയി. പഴയ മൈഗ്രേൻ തിരികെ വരുകയാണോയെന്ന് ഭയപ്പെട്ടു. ഇനി ഒരടി നടക്കാൻ വയ്യ എന്ന സ്ഥിതി. നിന്നും ഇരുന്നും ആശ്വസിപ്പിച്ചും ഒരു വിധത്തിൽ മുകളിലെത്തി.
ദർശനത്തിനായി വലിയ ക്യൂ കണ്ടു. ക്യൂ നിൽക്കുന്നതിനു മുമ്പ് റോഡ് രണ്ടായി തിരിയുന്നുണ്ട് വലതുഭാഗത്തേക്കുള്ള വഴി ഭൈരവ ക്ഷേത്രത്തിലേക്കുള്ളതാണ്. ഭൈരവൻ എന്ന ദിശാ സൂചിയാണ് ശ്രദ്ധിക്കേണ്ടത്. ഇവിടെയെല്ലാം നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാൽ ക്യൂ നിൽക്കുന്ന വഴി കുറച്ച് കഠിനമാണ്.
ദർശനത്തിന് ക്യൂ നിൽക്കും മുമ്പ് പണം ഒഴികെ എല്ലാം (ബൽറ്റ്, വാച്ച്, മൊബൈൽ ഫോൺ തുടങ്ങി ഒന്നും പാടില്ല.) ലോക്കറിൽ വയ്‌ക്കണം. ചെരുപ്പ് ലോക്കറിൽ വയ്‌ക്കരുത്. പക്ഷേ ഞങ്ങൾ ചെല്ലുമ്പോൾ ലോക്കറൊന്നും ഒഴിവില്ല. ഒരു മണിക്കൂർ ക്യൂ നിന്നിട്ടാണ് ലോക്കറിന്റെ താക്കോൽ കിട്ടിയത്. എല്ലാവരുടെയും സാധനങ്ങൾ ഒരു ലോക്കറിൽ വച്ച് [(355-)o നമ്പർ ലോക്കറിന്റെ നമ്പർ മറന്നു പോയാൽ ആയിരക്കണക്കിന് ലോക്കറുകളിൽ നിന്ന് കണ്ടു പിടിക്കാനാവില്ല എന്നതിനാൽ നമ്പർ എല്ലാവരും മനസ്സിൽ കുറിച്ചിട്ടു)] ഒന്നിലധികം സ്ഥലങ്ങളിൽ ലോക്കറുകൾ ഉണ്ട്.
3-)o നമ്പർ ഗേറ്റിലാണ് ഞങ്ങൾ ക്യൂ നിന്നത്. പണികൾ പലയിടത്തും നടക്കുന്നതിനാൽ ചാറ്റമഴ നനയുന്നുണ്ടായിരുന്നു. ചെളിയും വെള്ളവും പലയിടത്തും ഉണ്ടായിരുന്നു. ക്യൂവിലും കുടിവെള്ളം ലഭ്യമാണ്. പടികളും കയറ്റവുമായി അന്തമില്ലാതെ ക്യൂ മുന്നാേട്ട് നീളുകയാണ്. ക്ഷമയോടെ കാത്തു നിന്നു. ജയ് മാതാ ദി വിളികളാൽ അന്തരീക്ഷം മുഖരിതമാണ്.”ജോർസേ ബോലേ ജയ് മാതാ ദി” എന്നൊക്കെ പലരും ഉറക്കെപ്പറയുമ്പോൾ നൂറു കണക്കിനാളുകൾ ജോറായി അത് ഏറ്റു പറയുന്നു.അങ്ങനെ ക്ഷേത്രത്തിന്റെ ആദ്യ കവാടം ദൃഷ്ടിയിൽപ്പെട്ടു. സ്വർണ്ണഖചിതമായ വലിയ വാതിൽ മലർക്കെ തുറന്നിട്ടിരിക്കുന്നു. (വർഷങ്ങൾക്കു മുമ്പ് ഞാൻ ഇവിടം സന്ദർശിക്കുമ്പോൾ ഇഴഞ്ഞാണ് ഈ ഗുഹ കയറിയിട്ടുള്ളത് എന്നത് നേരത്തേ എഴുതിയത് ഓർക്കുമല്ലോ.).ദർശന വിശേഷങ്ങളും തിരിച്ചിറക്കത്തിന്റെ കഥയും തുടർന്നെഴുതാം.
തയ്യാറാക്കിയത്
യോഗാചാര്യ ശിവചരൺ കൃപാപാത്രി ഡോ.സജീവ് പഞ്ച കൈലാസി.
കൈലാസ് മാനസരോവർ, ആദി കൈലാസ്, കിന്നർ കൈലാസ്, ശ്രീ ഖണ്ഡ് കൈലാസ്, മണി മഹേഷ് കൈലാസ് തുടങ്ങിയ അഞ്ചുകൈലാസങ്ങളിലും ദർശനം നടത്തിയിട്ടുണ്ട്.
ആരോഗ്യ ഭാരതി സംസ്ഥാന കാര്യദർശി.
പൈതൃക് സംസ്ഥാന ഉപാദ്ധ്യക്ഷൻ വൈദ്യ മഹാസഭ സംസ്ഥാന ചെയർമാൻ.
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്.
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്സ് അസോസിയേഷൻ (GICSNA – ജിക്ഷ്ണ) നാഷണൽ കമ്മിറ്റി സെക്രട്ടറി.
ഫോൺ : 9961609128
Comments