പുകയിലയുടെ ഉപയോഗം ആരോഗ്യത്തെ വളരെയധികം ബാധിക്കുന്ന ഒന്നാണ്. മനുഷ്യന്റെ ജീവനു തന്നെ ഭീഷണി ഉയർത്തുന്ന രോഗങ്ങൾക്ക് കാരണമാകുന്ന ഒന്നാണ് പുകയില. ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് പുകയിലയുടെ ഉപയോഗം കാരണമാകുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, പുകയില സ്ഥിരമായി ഉപയോഗിച്ച ഒരാൾക്കുണ്ടായ വിചിത്രമായ ഒരു രോഗാവസ്ഥയാണ് വൈദ്യശാസ്‌ത്ര ലോകത്ത് ഇപ്പോൾ ചർച്ചയാവുന്നത്. പുകയിലയുടെ ഉപയോഗം അമേരിക്കകാരനായ 64-കാരന്റെ നാവിൽ പച്ച നിറമുള്ള രോമങ്ങൾ വളരാൻ കാരണമായി.
യുഎസിലെ ഒഹായോയിലുള്ള 64 കാരനാണ് വിചിത്ര രോഗം പിടിപെട്ടിരിക്കുന്നത്. നാവിൽ നിറയെ പച്ച രോമവുമായാണ് ഇയാൾ ഡോക്ടറുടെ അടുക്കലെത്തിയത്. രണ്ടാഴ്ചയോളമായി നാവിൽ നിറവ്യത്യാസം കണ്ടുതുടങ്ങി. ഇതിനെ തുടർന്നാണ് ചികിത്സയ്‌ക്കായി 64 കാരൻ ഡോക്ടറെ സമീപിച്ചത്. ഒരേസമയം ആന്റിബയോട്ടിക്കുകൾ കഴിക്കുകയും അതിനൊപ്പം സിഗരറ്റ് വലിക്കുകയും ചെയ്തതോടെയാണ് ഇയാളുടെ നാവ് പച്ച നിറമുള്ള രോമങ്ങൾകൊണ്ട് പൊതിഞ്ഞത്.

ഇദ്ദേഹത്തിനുണ്ടായ വിചിത്രമായ രോഗം സംബന്ധിച്ച് ‘ദ ജേർണൽ ഓഫ് ദ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ’ (JAMA) ഒരു പഠനം തന്നെ പ്രസിദ്ധീകരിച്ചു. ഫിലിഫോം പാപ്പില്ല എന്നറിയപ്പെടുന്ന ചെറിയ മുഴകൾ നാവിൽ കാണാറുണ്ട്. നാവിലെ പരുക്കൻ പ്രതലമാണിത്. നാവ് വൃത്തിയായി സംരക്ഷിച്ചില്ലെങ്കിൽ ഇവിടെ ഭക്ഷണ അവശിഷ്ടങ്ങളും ബാക്ടീരിയകളും അടിഞ്ഞുകൂടുന്നു. ഫിലിഫോം പാപ്പില്ലകൾ വൃത്തിയായി നോക്കേണ്ടത് നാവിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഈ ഭാഗങ്ങളിൽ ബാക്ടീരിയകൾ അടിയുന്നത് വായ്നാറ്റത്തിനും നാവിൽ രോമം വളരുന്നത് പോലുള്ള അവസ്ഥകൾക്കും കാരണമാകുന്നു.
ടൂഷ് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുകയും നാക്ക് വടിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. നാവ് വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ പച്ച, കറുപ്പ്, വെള്ള നിറങ്ങളിൽ രോമങ്ങൾ നാവിൽ വളർന്നേക്കാം. ചില മൗത്ത് വാഷുകൾ ഉപയോഗിക്കുന്നതും ഇതിന് കാരണമാകാറുണ്ട്. പ്രധാനമായും പുകയില ഉപയോഗിക്കുന്നവരുടെ നാവുകളിലാണ് ഇത്തരത്തിൽ രോമങ്ങൾ പ്രത്യക്ഷപ്പെടുക. ഒഹായോയിലെ 64 -കാരൻ നിരവധി വർഷമായി പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ഇയാൾ മോണയിലെ അണുബാധയ്‌ക്കായി ആന്റിബയോട്ടിക് മരുന്നകൾ കഴിച്ചിരുന്നുവെന്നും ഡോക്ടർമാർ പറയുന്നു. ഒരേസമയം, ആന്റിബയോട്ടിക്ക് കഴിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്തതാണ് നാവിൽ അണുബാധ ഉണ്ടാകാൻ കാരണമായത്.
















Comments