വൈഷ്ണോദേവി ദർശനം കഴിഞ്ഞ് ഹോട്ടൽ മുറിയിൽ എത്തുമ്പോൾ 08/07/2023 പുലർച്ചെ നാലുമണിയായെങ്കിലും ഞാൻ 7 മണിക്ക് ഉണർന്ന് പ്രഭാതകർമ്മങ്ങൾ നിർവ്വഹിച്ചു. ഉള്ള സൗകര്യത്തിൽ ജപ – സാധനകൾ പൂർത്തികരിച്ചു. മറ്റുള്ളവരും എഴുന്നേറ്റ് തുടങ്ങി. ഞാൻ താമസസ്ഥലത്തിന് വെളിയിൽ എത്തുമ്പോൾ ഒരു സന്യാസി ഭിക്ഷയ്‌ക്ക് വന്നു. ഭക്ഷണത്തിന് വേണ്ടതാണ് ചോദിക്കുന്നതെന്നു മനസ്സിലായി. ഭക്ഷണം വാങ്ങിത്തരാമെന്ന് എനിക്കറിയാവുന്ന ഹിന്ദിയിൽ പറഞ്ഞു. അപ്പോഴേക്കും രണ്ട് കമണ്ഡലുധാരികളായ സന്യാസിമാർ കൂടി എത്തി. അവരും കൂടെക്കൂടി. തൊട്ടടുത്ത ഹോട്ടലിലേക്ക് അവരെ നയിച്ചു. പക്ഷേ അവർക്ക് ചപ്പാത്തിയുണ്ടാക്കാനുള്ള ആട്ട മതിയെന്നു പറഞ്ഞു. ഒരു കടയിലെത്തി അവർ തന്നെ 10 കി.ഗ്രാം ആട്ടക്ക് ഓർഡർ നല്കി. ഒരു ഫോട്ടോ എടുക്കാൻ അനുവാദം ചോദിച്ചു. അതിനവർ സമ്മതിച്ചു. പണമായി ആർക്കും ഭിക്ഷ കൊടുക്കില്ല എന്നതാണ് എന്റെ രീതി.
അതു കഴിഞ്ഞ് എത്തുമ്പോഴേക്കും സഹയാത്രികർ തയ്യാറാകുന്നതേ ഉണ്ടായിരുന്നുള്ളു. ഹിന്ദി അറിയാവുന്ന സഹയാത്രികനുമായി ശിവകോടി യാത്രയുടെ കാര്യങ്ങൾ സംസാരിക്കാൻ ഹോട്ടൽ കൗണ്ടറിലെത്തി. അപ്പോഴേക്കും ശ്രീജേഷും, സന്തോഷുമെത്തി. പല വണ്ടിക്കാരുമായി സംസാരിച്ച് റേറ്റ് ഉറപ്പിച്ചു. താമസിക്കുന്ന മുറി വെക്കേറ്റ് ചെയ്ത് സാധനങ്ങൾ വണ്ടിയുടെ മുകളിൽ പ്ലാസ്റ്റിക്കിട്ട് മൂടി കെട്ടി വയ്‌ക്കണമെന്നും കഴിയുമെങ്കിൽ ശിവകോടി ദർശനം കഴിഞ്ഞ് പഹൽഗാമിലേക്ക് പോകണമെന്നും തീരുമാനിച്ചു. ഞങ്ങൾ 6 പേർ സാധനങ്ങളുമായി എത്തുമ്പോഴേക്കും ടവേര എന്ന വാഹനമെത്തി. ബാഗുകൾ ലോഡ് ചെയ്ത് താമസസ്ഥലത്തെ പണം കൊടുത്ത് പ്രാർത്ഥനയോടെ യാത്ര ആരംഭിച്ചു. നനുനനെപ്പെയ്യുന്ന മഴ വണ്ടിയുടെ മുകളിലിരിക്കുന്ന ബാഗുകളെ നനയ്‌ക്കുമോ എന്ന ആശങ്ക ഞങ്ങൾ ഞങ്ങളുടെ സാരഥിയുമായി പങ്കുവച്ചു. (ഇല്ലെന്ന അദ്ദേഹത്തിന്റെ വാക്ക് പാഴ് വാക്കായിരുന്നു എന്ന് യാത്രാവസാനം ബോദ്ധ്യപ്പെട്ടു.)
ശിവ കോടി ഒരു ഗുഹാക്ഷേത്രമാണ് എന്നു മാത്രമേ എനിക്കറിയുള്ളു. നിരവധി ഗുഹാക്ഷേത്രങ്ങളിൽ പോയിട്ടുള്ള അനുഭവം വച്ച് ഈ ഗുഹാക്ഷേത്രത്തെപ്പറ്റി വിക്കിപ്പീഡിയയിൽ ഞാനൊന്നു തെരഞ്ഞതിന്റെ ഫലം താഴെക്കൊടുക്കുന്നു.
ഇന്ത്യയിലെ ജമ്മു കാശ്മീരിലെ റിയാസി ജില്ലയിൽ റിയാസി പട്ടണത്തിനടുത്തുള്ള പൂനിയിലെ സംഗർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ശിവ് ഖോരി, പ്രസിദ്ധമായ ശിവക്ഷേത്രമാണ്.ഖോരി എന്നാൽ ഗുഹ (ഗുഫ) എന്നാണ് അർത്ഥമാക്കുന്നത്, ശിവ് ഖോരി ശിവന്റെ ഗുഹയെ സൂചിപ്പിക്കുന്നു. 200 മീറ്റർ നീളവും ഒരു മീറ്റർ വീതിയും രണ്ടോ മൂന്നോ മീറ്റർ ഉയരവുമുള്ള ഈ പ്രകൃതിദത്ത ഗുഹയിൽ സ്വയം നിർമ്മിതമായ ഒരു ലിംഗം അടങ്ങിയിരിക്കുന്നു, അത് ജനങ്ങളുടെ അഭിപ്രായത്തിൽ അവസാനിക്കുന്നില്ല. ഒരേസമയം 300 ഭക്തർക്ക് താമസിക്കാൻ കഴിയുന്ന തരത്തിലാണ് ഗുഹയുടെ ആദ്യ കവാടം. ധാരാളം ആളുകളെ ഉൾക്കൊള്ളാൻ വിശാലമാണ് ഇതിന്റെ ഗുഹ. ഗുഹയുടെ അകത്തെ അറ ചെറുതാണ്.
പുറംഭാഗത്ത് നിന്ന് അകത്തെ അറയിലേക്കുള്ള പാത താഴ്ന്നതും ചെറുതുമാണ്, ഒരു സ്ഥലത്ത് അത് രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നു. ഇതിലൊന്നാണ് സ്വാമി അമർനാഥ് ഗുഹ സ്ഥിതി ചെയ്യുന്ന കശ്മീരിലേക്ക് നയിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. മുന്നോട്ട് പോകാൻ ധൈര്യപ്പെട്ട ചില സാധുക്കൾ മടങ്ങിവരാത്തതിനാൽ ഇപ്പോൾ ഇത് അടച്ചിരിക്കുന്നു . ശ്രീകോവിലിലെത്താൻ ഒരാൾ താഴേക്ക് കുനിയുകയോ ഇഴയുകയോ ശരീരം വശത്തേക്ക് ക്രമീകരിക്കുകയോ വേണം. അതിനകത്ത് ഏകദേശം 4 മീറ്റർ ഉയരമുള്ള സ്വാഭാവികമായി സൃഷ്ടിച്ച ശിവന്റെ ചിത്രം കാണാം. പാർവതി ദേവിയുമായും ഗണപതിയുമായും സാദൃശ്യമുള്ള നിരവധി പ്രകൃതിദത്ത വസ്തുക്കളാൽ ഈ ഗുഹ സമൃദ്ധമാണ്.നന്ദിഗൻ എന്നിവർ. ഗുഹാ മേൽക്കൂരയിൽ പാമ്പുകളുടെ രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്, ഇവയിലൂടെ വെള്ളം ശിവലിംഗത്തിൽ ഒഴുകുന്നു. തീർത്ഥാടനത്തിന് ശുഭസൂചനകൾ നൽകുന്ന സ്വാമി അമർനാഥ് ഗുഹ പോലെ പ്രാവുകളും ഇവിടെ കാണാം. (ആശ്രയം വിക്കിപ്പീഡിയ)
ഏതാണ്ട് 80 കി.മി ദൂരമുണ്ടെന്ന് ഡ്രൈവർ പറഞ്ഞിരുന്നു. പ്രധാന പാത പിന്നിട്ടതോടെ റോഡിന്റെ അവസ്ഥ മോശമായി. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ കുലുങ്ങിയും ചാടിയും വണ്ടി മുന്നോട്ട് നീങ്ങി. പച്ചപുതച്ച മാമലകൾ കാവൽ നിൽക്കുന്ന ഭാരതാംബയുടെ ഹിമഗിരി മകുടം ഞങ്ങൾക്ക് സ്വാഗതമോതി. വഴിയരികിലെ പർവ്വത രാജാക്കന്മാരുടെ ഘനഗാംഭീര്യത്തോടെയുള്ള നില്പുകണ്ട് അത്ഭുതം കൂറിയും സമതലങ്ങളിലെ കൃഷിയിടങ്ങൾ കണ്ടും ആസ്വദിച്ചും യാത്ര തുടർന്നു. ചില മലകളിൽ ആകാശം താഴേക്കിറങ്ങി വന്ന് വെള്ളിമേഘത്തൊപ്പിയണിയിക്കുന്ന കാഴ്ചയും കാണുകയുണ്ടായി. സ്വർഗ്ഗം താണിറങ്ങി വന്നതോ…..സ്വപ്നം പീലി നീർത്തി നിന്നതോ എന്ന മലയാള ഗാനം ഓർമ്മയിൽ വന്നു.
ഈ വമ്പൻമലകളിലും മനുഷ്യൻ താമസിക്കുന്നത് കാണാം. പ്രകൃതിയോട് പോരാടി ജീവിക്കാനുള്ള അതിജീവനത്തിന്റെ ഉത്തമ മാതൃകയായി ഇതിനെക്കാണാം. കാർഷികാഭിവൃദ്ധിക്ക് കാരണം മൃഗസമ്പത്താണെന്ന് ബോദ്ധ്യപ്പെടും വിധം കന്നുകാലികളെയും പലയിടത്തും കാണുകയുണ്ടായി. ചിലയിടത്ത് ചോളകൃഷിയും നെൽകൃഷിയും കാണുകയുണ്ടായി. ഈ സസ്യസമൃദ്ധിക്കും കാർഷിക ഉണർവ്വിനും കാരണം ഞാനാണെന്ന് ഓതിക്കൊണ്ട് ചനാബ് നദി പ്രത്യക്ഷപ്പെട്ടു. കലങ്ങിമറിഞ്ഞ് നിറഞ്ഞുല്ലസിച്ച് ചനാബ് നദി ഹുങ്കാരത്തോടെ സമുദ്രം ലക്ഷ്യമാക്കി കുതിക്കുകയാണ്. നദികളെ ദേവതാ സങ്കല്പത്തിൽ കാണുന്ന ഭാരതീയ പാരമ്പര്യമനുസരിച്ച് ഞങ്ങൾ നദിയെ വണങ്ങി യാത്ര തുടർന്നു.
മോശം റോഡിന്റെ ഫലമാകാം വണ്ടിയുടെ ടയർ ഭാഗത്തു നിന്നും അപശബ്ദം കേട്ടു തുടങ്ങി. ടയർ പഞ്ചറായിട്ടുണ്ടാകുമെന്നു കരുതി വണ്ടി നിർത്തി പരിശോധിച്ചു. അതല്ലെന്നു മനസ്സിലാക്കി യാത്ര തുടർന്നു. ശബ്ദം കൂടി വരുകയാണെന്നതിനാൽ വാഹനം വീണ്ടും നിർത്തി പരിശോധന നടത്തി. ശ്രീജേഷ് വാഹനത്തിന്റെ ടയറിനുള്ളിലേക്ക് കൈ കടത്തിയൊക്കെ പരിശോധിച്ചു. ബയറിംഗ് കംപ്ലെയ്ൻ്റ് ആകുമെന്ന നിഗമനത്തിൽ യാത്ര തുടർന്നു.
കണ്ണിനിമ്പം നൽകുന്ന മലയോരക്കാഴ്ചകൾ കൊണ്ട് മനസ്സു നിറച്ച് ഞങ്ങൾ ശിവ കോടിക്കു സമീപം എത്തിച്ചേർന്നു. ഞങ്ങളുടെ വാഹനത്തിന് ഇനിയങ്ങോട്ട് പ്രവേശനമില്ല. ചാറ്റൽ മഴ ഇനിയും ശമിച്ചിട്ടില്ല. യാത്രയെപ്പറ്റി കൃത്യമായ ധാരണയില്ലാത്തതിനാൽ റയ്ൻകോട്ട് ആരും കരുതിയിട്ടില്ല. മഞ്ഞ നിറത്തിലുള്ള റയ്ൻ കോട്ടു വില്‌പനക്കാർ ധാരാളമുണ്ടെങ്കിലും ഞങ്ങൾ അതു വാങ്ങിയില്ല. ഇവിടെ നിന്നും ആട്ടോറിക്ഷയിൽ കുറച്ചു ദൂരം പോകണമെന്ന് അവർ പറഞ്ഞ്. ആറു സീറ്റുള്ള ആട്ടോയിൽ 12 പേർ നിറഞ്ഞാലേ അവർ വണ്ടി വിടുകയുള്ളു. ഒരാൾക്ക് 20 രൂപയാണ് റേറ്റ്. വണ്ടി പെട്ടെന്ന് നിറഞ്ഞു. ശിവ കോടി എത്തും മുമ്പ് വണ്ടി നിർത്തി. കുതിരക്കാർ യാത്രികരെ ക്യാൻവാസ് ചെയ്യാനെത്തി. വൈഷ്ണോദേവി പോയ അനുഭവം വച്ച് പ്രീതി കൈലാസിയോട് കുതിരയെ വാടകയ്‌ക്ക് എടുക്കാൻ പറഞ്ഞു. ആദ്യം സമീപിച്ച കുതിരക്കാരൻ 800 രൂപ പറഞ്ഞു. 6 കി.മി കയറ്റമുണ്ടെന്നും കൊണ്ടു പോയി തിരിച്ചു കൊണ്ടു വിടാമെന്നും പറഞ്ഞയുടൻ പ്രീതി സമ്മതിച്ചു. കുതിരയുടെ അടുത്തെത്താൻ കുറച്ചു കൂടി നടക്കണമെന്നും അതിനാൽ തന്റെ ബൈക്കിന്റെ പിന്നിൽ കയറാനും ചെറുപ്പക്കാരനായ അയാൾ നിർബ്ബന്ധിച്ചു. പ്രീതിയെ അമ്മയെന്നൊക്കെ വിളിച്ച് അയാൾ സോപ്പിടാൻ ശ്രമിച്ചു. പൈസ അഡ്വാൻസ് കൊടുക്കാനും ഞങ്ങൾ മടിച്ചു. ഞങ്ങൾ 6 പേരുണ്ടെന്നും നടന്നു വന്നു കൊള്ളാമെന്നും പറഞ്ഞതോടെ അയാൾ ബൈക്കിൽ കയറി പോയി.
ഒരു നായ ഞങ്ങളെ പറ്റിക്കൂടി. ശ്രീജേഷ് ഒരു പാക്കറ്റ് ബിസ്ക്കറ്റ് വാങ്ങിക്കൊടുത്തു. അപരിചിതത്വമില്ലാതെ അത് തിന്ന ശേഷം ഞങ്ങൾക്കൊപ്പം തന്നെ നിന്നു. ഹിമാലയ യാത്രകളിൽ വഴി കാട്ടിയായി നായകൾ വന്നിട്ടുണ്ട്. പാണ്ഡവരുടെ സ്വർഗ്ഗാരോഹണ സമയത്ത് ഒരു നായ പിന്തുടർന്ന കഥ പ്രസിദ്ധമാണല്ലോ!
രണ്ട് CRPF ജവാന്മാർ അവിടേക്കു വന്നു. അവർക്ക് നമസ്ക്കാരം പറഞ്ഞു പരിചയപ്പെട്ടു. യാത്രയുടെ സ്വഭാവം ചോദിച്ചറിഞ്ഞു. 6 കി. മി. ദൂരമുണ്ടെന്നും 500 രൂപയാണ് സർക്കാർ റേറ്റെന്നും നിങ്ങൾ കബളിപ്പിക്കപ്പെടരുതെന്നും അവർ പറഞ്ഞു. അവരോടൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാനും അവർ അനുവദിച്ചു. നായയും അവർക്കൊപ്പം പോസ് ചെയ്യാനെത്തി. ഞങ്ങൾക്ക് യാത്രാമംഗളം നേർന്ന് അവർ വിടവാങ്ങി.
ശിവ കോടിയുടെ ഗേറ്റിലെത്തും മുമ്പ് നേരത്തേ കണ്ട കുതിരക്കാരൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു. 500 രൂപയിലധികം കുതിരയ്‌ക്ക് തരാനാവില്ലെന്നു പറഞ്ഞു. സമ്മതിച്ച ഇടപാടിൽ നിന്നും പിന്മാറാനാവില്ലെന്ന് അയാൾ വാശി പിടിച്ചു. ശ്രീജേഷ് പട്ടാള ആഫീസറാണെന്നും പട്ടാളക്കാരുമായി സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കിയെന്നും പറഞ്ഞതോടെ കുതിരയുടെ ആൾ ഒതുങ്ങി. പ്രീതിയെ ഒറ്റയ്‌ക്ക് വിടാൻ പറ്റാത്ത സാഹചര്യത്തിൽ മറ്റുള്ളവരും കൂടി കുതിരയെ എടുക്കുന്നതിനെപ്പറ്റി ചിന്തിച്ചു. ഞങ്ങളും കുതിരയെ എടുക്കാൻ തീരുമാനിച്ചു. ആറ് കുതിരകളുമായി ഒരാൾ എത്തി ഓരോരുത്തരെയും കുതിരപ്പുറത്ത് കയറ്റി. ഉയർന്ന ഒരു പ്ലാറ്റ്ഫോമിൽ പടികൾ വഴി നമ്മൾക്ക് കയറി നിൽക്കാം. പിന്നീട് കുതിരയുടെ കഴുത്തിൽ നിന്നും തൂക്കിയിട്ടിരിക്കുന്ന ത്രികോണാകൃതിയിലുള്ള ഇരുമ്പു നിർമ്മിതിയിൽ ചവിട്ടി കുതിരപ്പുറത്ത് ഘടിപ്പിച്ചിരിക്കുന്ന സീറ്റിന്റെ മുൻഭാഗത്ത് ഉയർന്നിരിക്കുന്ന പിടിയിൽ പിടിച്ച് മറ്റേക്കാൽ കമ്പിളി നിറഞ്ഞ ഇരിപ്പിടത്തിന് മുകളിലൂടെ മറുപുറത്തേക്ക് ഇട്ടാൽ ആ കാലും ത്രികോണാകൃതിയിലുള്ള ഇരുമ്പു നിർമ്മിതിയിൽ കുതിരക്കാരൻ പിടിച്ചുവയ്‌ക്കും. അതിനെല്ലാം അവർ സഹായിച്ച ശേഷം അതിന്റെ ജീനിയിൽ പിടിച്ച് അവർ കൂടെ നടക്കും. എന്റെ ബാഗ് വാങ്ങി എക്സ് റേ പരിശോധനയ്‌ക്ക് വിട്ട ശേഷം ഞങ്ങൾ ക്ഷേത്ര കവാടം കടന്നു. പരിശോധന കഴിഞ്ഞ ബാഗ് അയാൾ തന്നെ എടുത്തു കൊണ്ടു വന്ന് എന്നെ ഏല്പിച്ചു. കുതിരയുടെ പാസ് എടുക്കേണ്ട സ്ഥലത്തെത്തിയ ശേഷം കുതിരയെ ഒതുക്കി നിർത്തിയ ശേഷം ഓരോരുത്തരുടെയും കയ്യിൽ നിന്ന് 500 രൂപ വീതം അതിന്റെ കൗണ്ടറിൽ അടച്ച് പർച്ചി ഞങ്ങളുടെ കയ്യിൽത്തന്നു. കുതിരക്കാരന്റെ ലൈസൻസ് നമ്പർ അതിൽ എഴുതിയിട്ടുണ്ട്. മടക്കയാത്രയിൽ അവർക്ക് നമ്മളെ കണ്ടു പിടിക്കാൻ ഇത് സൂക്ഷിക്കേണ്ടതാണ്.
മൂന്ന് കി.മി.ദൂരം നടന്നു കയറാൻ വലിയ പാടൊന്നുമില്ല. ധൂത് ഗംഗ എന്ന നദിയുടെ തീരത്തുകൂടിയാണ് യാത്ര. നദിയിൽ ചെറിയ നീരൊഴുക്കു മാത്രമേയുള്ളു. വൈഷ്ണോദേവിയിലെപ്പോലെ കടകളോ മറ്റോ ഇല്ല. വഴിയോരത്ത് അക്രൂട്ട് മരങ്ങൾ ധാരാളം കാണാം. ഇതിന്റെ കായ് ബ്രെയ്ൻ ഷേപ്പ്ഡ് ആണ്. മാർക്കറ്റിൽ വാൾനട്ട് (Wal nut) ഇതിന് മാർക്കറ്റിൽ വലിയ വിലയാണ്.ഒപ്പം വേപ്പ് തുടങ്ങിയ മരങ്ങളും നിറഞ്ഞ പച്ചപ്പുമുണ്ട്.
ശിവകോടി ഗുഹയുടെ താഴെ ഞങ്ങൾ എത്തിച്ചേർന്നു. ഇനിയുള്ള പടികൾ കയറും മുമ്പ് പണം ഒഴികെ മറ്റൊന്നും അനുവദിക്കില്ല. സൗജന്യമായി ഇതൊക്കെ സൂക്ഷിക്കാൻ സംവിധാനമുണ്ട്. എന്നാൽ എല്ലാ കാര്യങ്ങളും താൻ സൂക്ഷിച്ചു കൊള്ളാമെന്നു പറഞ്ഞ് ശ്രീജേഷ് വെളിയിൽ നിന്നു.
ഞങ്ങൾ 5 പേർ മുകളിലേക്ക് കയറുമ്പോൾ ക്യൂ നീങ്ങാൻ വലിയ താമസം നേരിട്ടു. ഞങ്ങൾ എത്തിച്ചേർന്നത് ഒരു വലിയ പാറയിൽ പ്രകൃതി നിർമ്മിച്ചിരിക്കുന്ന സ്വാഭാവിക ഗുഹയുടെ മുമ്പിലാണ്. പുരുഷന്മാരേയും സ്ത്രീകളെയും പ്രത്യേക വാതിലുകളിലൂടെ കടത്തിവിട്ട് ശരീരപരിശോധന നടത്തി. അവിടെ നിന്ന ഒരു സി.ആർ.പി.എഫ് ജവാനെക്കണ്ടപ്പോൾ നല്ല മലയാളി ലുക്ക് കണ്ടിട്ട് ഒരു അന്വേഷണം നടത്തി. പക്ഷേ, കാർത്തിക് തമിഴ്നാട്ടുകാരനാണ്.
ഇടുങ്ങിയ ഒരു ഗുഹാ കവാടത്തിക്കാണ് ഞങ്ങൾ പ്രവേശിച്ചത്. നല്ല നീളമുള്ളവർക്ക് തല മുട്ടുന്നത്രയും ഉയരമുള്ള ഗുഹയെ മദ്ധ്യത്തിൽ ഇരുമ്പു വേലി കൊണ്ട് രണ്ടാക്കി തിരിച്ചിരിക്കുന്നു. മുകളിൽ നനവ് പടരുന്നതിൽ കൈ കൊണ്ട് സ്പർശിച്ചു നോക്കിയാൽ കയ്യിൽ നനവു പറ്റും. ഏതാനും പടികൾ കയറി താഴേക്കിറങ്ങിയാൽ എത്തിച്ചേരുന്നത് ഒരു അത്ഭുത ലോകത്തിലേക്കാണ്. പ്രകൃതി ഒരുക്കിയ മായാപ്രപഞ്ചമാണവിടെ കാണുക. ശേഷനാഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നാഗഫണത്തിന് സമാനമായ ഒരു കാഴ്ചയാണ് ആദ്യം കാണുക. അവിടെ ലോഹ നിർമ്മിതമായ ഒരു നാഗരൂപം വച്ചിരിക്കുന്നു. ഉമാമഹേശ്വരന്മാരെന്നു സങ്കല്പിക്കുന്ന ഭാഗത്ത് മുകളിൽ നിന്ന് തുള്ളി തുള്ളിയായി ജലകണങ്ങൾ ഇറ്റിറ്റു വീഴുന്നുണ്ട്. ശിവലിംഗ രൂപങ്ങളും ഗണപതി രൂപവും വ്യക്തമായി കാണാം. മുരുകൻ എന്ന് സങ്കല്പിച്ചിരിക്കുന്നിടത്ത് രൂപമൊന്നും കാണാനില്ല. ലക്ഷ്മി നാരായണൻ എന്ന് സങ്കല്പിച്ചിരിക്കുന്നിടത്തും കൃത്യമായ രൂപമില്ല. വീണ്ടും ശേഷ നാഗമെന്ന വലിയ ഫണം മദ്ധ്യഭാഗത്ത് ദൃശ്യമാണ്. ഇടത്തു നിന്നു തുടങ്ങി വലതുഭാഗത്തേക്കെത്തുമ്പോൾ വൈഷ്ണോദേവിയുടെ പ്രതിഷ്o യും പഞ്ചപാണ്ഡവർ എന്നു സങ്കല്പിക്കുന്ന ചെറിയ 5 തലയുള്ള ശിലയും കാണാം. വെളിച്ചത്തിനായി ഗുഹയിൽ വൈദ്യുതിയുണ്ട്. ക്യാമറയും ഘടിപ്പിച്ചിട്ടുണ്ട്. എങ്കിലും വെളിച്ചം കുറഞ്ഞ ഗുഹയിൽ ഇതെല്ലാം കാട്ടിത്തരാൻ ഒരു ഗൈഡ് ഉണ്ട്. ചെറിയ ടോർച്ചിന്റെ സഹായത്താൽ അയാൾ ഇതെല്ലാം ഹിന്ദിയിൽ വിശദീകരിക്കുന്നുണ്ട്. മുകളിലേക്ക് തുറക്കുന്ന ഒരു കവാടം കാണുകയുണ്ടായി. സ്വർഗ്ഗവാതിൽ എന്നറിയപ്പെടുന്ന ഇവിടേക്ക് മുനിമാരും മറ്റും പോയിരുന്നെന്നും അവരാരും തിരിച്ചു വന്നിട്ടില്ലെന്നുമാണ് വിശ്വാസം. അടുത്ത കവാടം അമർനാഥിലേക്ക് പോകാനായി മുനിമാരും മറ്റും ഉപയോഗിച്ചിരുന്നു എന്ന് പറയപ്പെടുന്നു. ഇവിടേക്കൊന്നും ഇപ്പോൾ പ്രവേശനമില്ല. കാഴ്ചകൾ കണ്ട് ഞങ്ങൾ ഗുഹയുടെ വെളിയിലെത്തിയപ്പോഴേക്കും കാർത്തിക് എന്ന ജവാനെ കണ്ടില്ല. ഒരു ചെറിയ ദക്ഷിണ കൊടുത്ത് രസീത് വാങ്ങിയ ശേഷം ഗൈഡിനും ഒരു ചെറിയ തുക കൊടുത്തു.
കൈലാസ് മാനസസരോവർ യാത്രയ്‌ക്കിടയിൽ ഉത്തരഖണ്ഡിലെ പാതാള ഭുവനേശ്വർ എന്ന ഗുഹാക്ഷേത്രത്തിൽ ഞാൻ പലവട്ടം പോയിട്ടുണ്ട്. വഴുക്കലുള്ള പാറയിലൂടെ 30 മീറ്റർ ചെയിൻ പിടിച്ച് നിരങ്ങി ഇറങ്ങേണ്ടത്രയും താഴ്ചയുണ്ട്. എന്റെ ശ്രീമതിയേയും കുട്ടികളെയും (അന്നവർ ചെറിയ കുട്ടികളാണ്) കൊണ്ടാണ് ഇറങ്ങിയത്. ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു. പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ഈ ഗുഹ ഞാൻ മുമ്പു പറഞ്ഞ ഗുഹയെക്കാൾ വലുതാണ്. എന്നാൽ കാഴ്ചകൾക്ക് സമാനതയുണ്ട്. അവിടെ രൂപങ്ങൾ കുറച്ചു കൂടി വ്യക്തമാണ്. ഗുരു പരമ്പരയുടെ അനുഗ്രഹം കൊണ്ട് ഇങ്ങനെയുള്ള നിരവധി സ്ഥലങ്ങളിൽ പോകാനായി എന്നു മാത്രം.(അൽമോറയുടെ മറ്റൊരു പ്രത്യേകത സ്വാമി വിവേകാനന്ദന്റെ അൽമോറ പ്രസംഗങ്ങളാണ്. ശ്രീരാമകൃഷ്ണമഠം അത് പുസ്തകമാക്കിയിട്ടുണ്ട്.)
ഞങ്ങൾ തിരിച്ചിറങ്ങി താഴെയെത്തുമ്പോൾ ശ്രീജേഷ് കാത്തുനിൽക്കുന്നുണ്ട്. താൻ ഇനി കയറുന്നില്ലെന്നും നിങ്ങൾക്ക് ദർശനം സാദ്ധ്യമായതിനാൽ താൻ സംതൃപ്തനാണെന്നും പറഞ്ഞു. യൂറിനൽ സൗകര്യം സൗജന്യ ഭക്ഷണം ഒക്കെ ഒരുക്കിയിട്ടുണ്ട്. നിർത്താതെ പെയ്യുന്ന ചാറ്റൽ മഴയെ അവഗണിച്ച് ഞാങ്ങൾ കുതിരക്കാരെ കണ്ടു പിടിക്കാൻ താഴേക്കിറങ്ങി. നിരനിരയായി നിരവധി കുതിരകളും കുതിരക്കാരും ഉണ്ട്. കുതിരക്കാരുടെയെല്ലാം മുഖം നമുക്ക് ഒരു പോലെ തോന്നും. പക്ഷേ അവർ വന്ന് നമ്മളെ കണ്ടു പിടിക്കും. പർച്ചി നോക്കി തങ്ങൾ കൊണ്ടു വന്ന യാത്രികനാണെന്ന് ബോദ്ധ്യപ്പെട്ട് താഴേക്ക് കൊണ്ടുപോയി. എന്റെ യാത്രയ്‌ക്കായി ഒരു ജീവിയെ ഉപയോഗിക്കേണ്ടി വന്നതിൽ തപിക്കുന്ന ഹൃദയത്തോടെ യാത്ര തുടർന്നു. വേഗത്തിൽ നടക്കാൻ കുതിരയെ തല്ലരുതെന്ന് അറിയാവുന്ന ഭാഷയിൽ പറഞ്ഞു. പക്ഷെ തുടക്കത്തിൽ കുതിരയെ എടുക്കുന്നതിൽ ഞാൻ പ്രതികൂലിച്ചെങ്കിലും തുടർ യാത്രക്ക് താമസംവിനാ എത്തുവാൻ അത് സഹായകമായി. എന്തെങ്കിലും ടിപ് കിട്ടുമോ എന്ന ചോദ്യം കുതിരക്കാരന്റെ കണ്ണിൽ നിന്നും വായിച്ചെടുത്ത് ഒരു ചെറിയ തുക ടിപ് കൊടുത്തു. +2 – ന് പഠിക്കുന്ന വിദ്യാർത്ഥികളും മറ്റുമാണ് പല കുതിരക്കാരും. പഠിത്തത്തിനിടയിൽ ധനസമ്പാദനത്തിന് എത്തിയിരിക്കുന്ന പഹാഡി യുവത്വത്തെ മനസ്സു കൊണ്ട് നമിച്ചു.
(ഡിഗ്രി വിദ്യാർത്ഥിയായിരുന്ന കാലത്ത് പത്ര ഏജൻസി നടത്തി പഠനം പൂർത്തിയാക്കിയ എന്റെ യൗവ്വനകാലത്തെ ഞാൻ ഓർത്തെടുത്തു. പoന ശേഷം സ്വയം തൊഴിൽ ലോൺ എടുത്ത് നെല്ലു കുത്തു മില്ലും, പൊടിക്കുന്ന മില്ലും ഒക്കെ നടത്തി അഞ്ചു ട്യൂട്ടോറിയൽ കോളെജിൽ അദ്ധ്യാപക ജോലിയും കടകളിൽ കറിപ്പൊടി വിതരണവും ഒക്കെ നടത്തി സജീവമായ 1980- 90 കാലവും മനസ്സിലേക്കോടിയെത്തി. കുടുംബം പോറ്റാൻ അവിശ്രമം പ്രയത്നിക്കുന്ന ഓരോ ചെറുപ്പക്കാരനിലും ഞാൻ എന്നെ കണ്ടെത്താൻ ശ്രമിച്ചു. 1990-ൽ സ്ക്കൂളിൽ ജോലി കിട്ടും വരെ ജീവിത നൗക തുഴഞ്ഞ തുഴച്ചിലുകൾ ഓർത്താൽ ഇന്നും കണ്ണു നിറയും. ജോലി കിട്ടിയിട്ടും പഴയ കാലത്തിന്റെ കണക്കുകൾ തീർക്കാൻ ഏറെക്കാലമെടുത്തു. 2019-ൽ റിട്ടയർ ചെയ്യും വരെ മൂക്കറ്റം കടമുണ്ടാകാൻ കാരണം ഞാൻ നടത്തിയ യാത്രകളും യോഗ ഉപരിപoനത്തിനായി ചെലവാക്കിയ വൻ തുകകളുമാണ്. സമ്പന്നമായ ബാല്യകാലത്തിൽ നിന്നും വിധി വൈപരീത്യം കൊണ്ട് ദാരിദ്യത്തിന്റെ പടുകുഴിയിലേക്ക് പതിച്ച എന്റെ കുടുംബത്തെ കരകയറ്റാൻ എന്റെ ശ്രമത്തിൽ എന്റെ മാതാവും അവസാന കാലത്ത് പിതാവും കൂടെ നിന്നു. ഒരു പിതാവിനെപ്പൊലെ സഹോദരിയുടെ വിവാഹം നടത്തിയതും സഹോദരന്റെ അകാല വേർപാടുമൊക്കെ തരണം ചെയ്യാനും മഹാദേവൻ കൂടെ നിന്ന് സഹായിച്ചു. പെയ്ൻ ഇല്ലാതെ ഗയ്ൻ (without Pain No Gain) എന്ന തത്വം എന്നെ സംബന്ധിച്ച് അക്ഷരാർത്ഥത്തിൽ ശരിയാണ്.
എന്റെ യാത്രകളിലും ഇതെനിക്ക് അനുഭവമാണ്. ഏത് യാത്രയിലും എന്തും സഹിക്കാൻ കരുത്തു പകരുന്നത് എന്റെ ചുട്ടുപൊള്ളിക്കുന്ന ജീവിതാനുഭവങ്ങളാണ്. അതൊക്കെ അന്ന് വലിയ പ്രതിബന്ധങ്ങളായിരുന്നു. അവയൊക്കെ തരണം ചെയ്ത് തിരിഞ്ഞു നോക്കുമ്പോൾ ഇന്നത് നിസാരമാണ്. എന്റെ യോഗക്ലാസുകളിൽ പഠിക്കാനെത്തുന്നവരോടും ഞാൻ പറയുന്നത് ഇതു തന്നെയാണ്. “എന്നെക്കൊണ്ട് സാധിക്കുമെങ്കിൽ നിങ്ങളെക്കൊണ്ടും സാധിക്കും.” എന്റെ കഥ പറഞ്ഞ് ബോറടിപ്പിച്ചതിൽ ക്ഷമിക്കുക.)ക്ഷേത്ര കവാടത്തിലെത്തി ഓട്ടോ പിടിച്ച് കാർ പാർക്ക് ചെയ്തിടത്തെത്തി. കാറിന്റെ പ്രശ്നം പൂർണ്ണമായി പരിഹരിക്കാത്തതിനാലും മഴയുള്ളതിനാലും പഹൽഗാം യാത്രയ്‌ക്ക് ഞങ്ങളുടെ സാരഥി തയ്യാറല്ല എന്നു മനസ്സിലായി.
മടക്കയാത്രയിൽ നൗദേവിയുടെ ക്ഷേത്രനടയിൽ നിർത്തിയ സാരഥി ഇവിടെക്കയറുന്നോ എന്നു ചോദിച്ചു. കണ്ടപ്പോൾ ചെറിയൊരു ക്ഷേത്രം.
ഏതായാലും കയറാമെന്ന് തീരുമാനിച്ചു. ശ്രീജേഷും സന്തോഷും വരുന്നില്ലെന്നു പറഞ്ഞു. ഞങ്ങൾ നാലുപേർ ക്ഷേത്രത്തിന്റെ പടികൾ ഇറങ്ങി താഴേക്കെത്തി. വലിയ ആൾക്കൂട്ടമില്ല. ഇറങ്ങും വഴിയിൽ ഒരു ചെറിയ ഗുഹ കണ്ടു. ദേവീ സങ്കല്പത്തിലുള്ള ഇവിടെയും ചില ദേവദേവീ രൂപങ്ങൾ കാണാം. ഒരു ഫോട്ടോയും ചെറിയൊരു വീഡിയോയും എടുത്തു. അതിന് അവിടെ വിലക്ക് ഏർപ്പെടുത്തിയതായി കണ്ടില്ല. അപ്പോഴേക്കും ആരതിയുടെ സമയമായതിനാലാകാം ജനങ്ങൾ കൂടി വന്നു. ഏറെ സമയം നീണ്ട ആരതിക്കു ശേഷം ആരതിയുഴിഞ്ഞ ദീപം വെളിയിൽ കൊണ്ടുവന്നു. അതു തൊട്ടു തൊഴാൻ ക്യൂ ചിതറിയതോടെ ഞങ്ങൾ താഴേക്കിറങ്ങി. ക്യൂ നിന്നവർ പഴയ സ്ഥാനത്തെത്തിയതോടെ ഞങ്ങളെ തടഞ്ഞു. ഞങ്ങൾ കേരളത്തിൽ നിന്നാണെന്നും മുമ്പിൽ എന്താണ് നടക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷ കൊണ്ടുവന്നതാണെന്നും പറഞ്ഞതോടെ അവർ അടങ്ങി. ചെറിയൊരു ഗുഹാ കവാടത്തിനു മുമ്പിലാണ് ആദ്യം പറഞ്ഞ ആരതി നടന്നതെന്ന് അപ്പോഴാണ് അറിയുന്നത്. അവിടെ നിന്ന് മുട്ടുകുത്തി കമിഴ്ന്നു കിടന്ന് ഇഴഞ്ഞ് ഏതാനും മീറ്റർ മുന്നോട്ടു നീങ്ങിയാൽ വൈഷ്ണോദേവിയിൽ കണ്ട അതേ രൂപത്തിൽ മൂന്ന് ദേവി വിഗ്രഹങ്ങൾ കാണാനാകും. (ആകെ 9 ദേവി മാരെ സങ്കല്പിച്ചിരിക്കുന്നതിനാലാണ് നൗദേവി എന്നറിയപ്പെടുന്നത്.) പ്രകൃത്യംബ തന്റെ സ്വരൂപം വെളിപ്പെടുത്തും പോലെ നമുക്കു തോന്നും. അവിടെ ഒരാൾക്ക് ഇരിക്കാൻ തക്ക വലിപ്പമുണ്ട്. ഒരു പൂജാരി അവിടെ ഇരുന്ന് പൂജ നടത്തുകയും പ്രസാദം വിതരണം ചെയ്യുന്നുമുണ്ട്.
ഇഴഞ്ഞു കയറേണ്ട ഭാഗത്തെ തറയിൽ മാർബിൾ പാകിയിട്ടുണ്ട്. അല്പം നിവർന്നാൽ പുറത്തു കിടന്ന ബാഗ് മുകളിലെ കൂർത്ത കല്ലിൽ മുട്ടുമെന്നതിനാൽ പൂർണ്ണമായി കമിഴ്ന്ന് കിടന്ന് ഇഴയുകയായിരുന്നു. പഴയ വൈഷ്ണോദേവി ഗുഹയുടെ ചെറിയ പതിപ്പായി ഈ ദർശനം എനിക്കു തോന്നി. തറയിൽ നനവുമുണ്ട്. ദർശനം കഴിഞ്ഞ് വെളിയിലെത്തി ഏതാനും പടികൾ കയറി വെളിയിലെത്തി.എല്ലാ ഗുഹാക്ഷേത്രങ്ങളിലേയും കാഴ്ചകൾക്ക് സാമ്യമുണ്ട്. ചുണ്ണാമ്പുപാറയിൽ വെള്ളം ഇറ്റുവീഴുമ്പോൾ രൂപപ്പെടുന്ന രൂപക്കൾക്ക് നമ്മളുടെ മനസ്സ് കല്പിക്കും വിധം രൂപ ദർശനമുണ്ടാകും. ഏതായാലും ഇതൊക്കെ കണ്ടു പിടിച്ച് പൊതുജനങ്ങളെ ഭക്തിയുടെ വഴിയിലേക്ക് നയിച്ച നമ്മുടെ പൗരാണികരെ ഓർത്ത് നമുക്ക് അഭിമാനിക്കാം.
കൈലാസ് മാനസസരോവർ യാത്രയ്‌ക്കിടയിൽ പ്രകൃതി ഒരുക്കുന്ന ഓം പർവ്വത ദർശനത്തെപ്പറ്റി ഞാൻ ഓർത്തു. ഉത്തരഖണ്ഡിലെ പിത്തഗോർ ജില്ലയിലെ കാളിനദിയുടെ ഉത്ഭവസ്ഥാനമായ കാലാപാനി കഴിഞ്ഞ് നബിധാങ്ങ് (ദേവിയുടെ നാഭിപ്രദേശം എന്നറിയപ്പെടുന്ന ഈ സ്ഥലത്തിന്റെ ആകൃതിയും ഒരു സ്ത്രീയുടെ നാഭിപോലെയാണ്.) സ്ഥലത്താണ് ഓംപർവ്വതം ദൃശ്യമാകുക. (ലിപുപാസ് കടക്കും മുമ്പാണ് നബി ധാങ്ങും ഓം പർവ്വതവും കാണുക.) കൈലാസ് പോയില്ലെങ്കിലും നിങ്ങളോരോരുത്തരും പോയി ഈ അത്ഭുത കാഴ്ച കാണേണ്ടതാണ്.
എന്താണ് അവിടെക്കാണുക…??
അങ്ങകലെ നീലമലയിൽ വജ്രപ്പൊടി കൊണ്ട് എഴുതി വരും പോലെ സംസ്കൃതത്തിൽ എഴുതുന്ന ഓംകാരം തെളിഞ്ഞു വരും. മഞ്ഞു കൊണ്ട് രൂപപ്പെടുന്ന ഈ മഹാത്ഭുതം എപ്പോഴും കാണാനായെന്നു വരില്ല. നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ ചില ദിവസങ്ങളിൽ രാവിലെ 5.30 മുതൽ തെളിഞ്ഞു വരുകയും ചിലപ്പോൾ 11 മണി വരെ തെളിഞ്ഞു നിൽക്കുകയും ചെയ്തേക്കാം. മൂടൽമഞ്ഞിന്റെ കർട്ടൻ കൊണ്ട് മറച്ചും പ്രദർശിപ്പിച്ചും പ്രകൃതി നടത്തുന്ന ഈ നാടകം ചില ദിവസങ്ങളിൽ പ്രത്യക്ഷമാകില്ല.ആദി കൈലാസ് യാത്രികരെയും ഇവിടെ വരെ കൊണ്ടു വന്ന് ഈ കാഴ്ച കാണിക്കാറുണ്ട്.
കൈലാസ് മാനസസരോവർ യാത്ര പോകാനാകാത്തവർക്ക് പോകാൻ പറ്റുന്ന യാത്രയാണ് ആദി കൈലാസ് അഥവാ ഛോട്ടാ കൈലാസ് എന്ന യാത്ര. കൈലാസ് യാത്രാ വഴിയിൽ ഗുൻജിയിൽ നിന്ന് കുട്ടി ഗ്രാമം, ജോളിങ് കോങ്ങ് വഴിയാണ് ആദി കൈലാസ് യാത്ര. KMVN എന്ന ഉത്തരഖണ്ഡ് സർക്കാരിന്റെ ടൂറിസം ഡിപ്പാർട്ട്മെൻ്റാണ് യാത്ര സംഘടിപ്പിക്കുക. കുമയൂൺ മണ്ഡൽ വികാസ് നിഗം ലിമിറ്റഡ് (KMVN) – ന്റെ സൈറ്റിൽ തെരഞ്ഞാൽ യാത്ര ബുക്കു ചെയ്യാനാവും. ഇപ്പോൾ യാത്രയുടെ സമയമാണ്. സെപ്റ്റംബർ വരെയാണ് യാത്ര.ദേവഭൂമിയായ ഉത്തർഖണ്ഡ് പേരുപോലെ അന്വർത്ഥമാണെന്ന് ബോദ്ധ്യപ്പെടുവാനും ഈ യാത്ര ഉപകരിക്കും. ഞാൻ നേരത്തേ പരാമർശിച്ച പാതാള ഭുവനേശ്വർ ഗുഹയും ഇതിന്റെ ഇറ്റിനറിയിൽ പെടും. അവസാനം 2017-ൽ ഞാൻ പോകുമ്പോൾ അമ്പതിനായിരം രൂപയായിരുന്നു KMVN – വാങ്ങിയത്. ദില്ലിയിലെത്തിയിൽ ബാക്കി കാര്യങ്ങളെല്ലാം KMVN ചെയ്തുകൊള്ളും. ദേദപ്പെട്ട താമസം ഭക്ഷണമൊക്കെയാണ് ലഭിക്കുക. (ഞാൻ പോയ കാലത്തെയത്രയും ശാരീരിക അദ്ധ്വാനം ഇന്നില്ല. പലയിടത്തും മോട്ടറബിൾ റോഡുകൾ ആയിട്ടുണ്ട്.)
എനിക്കു കിട്ടിയ ദർശനഭാഗ്യം നിങ്ങൾക്കോരോരുത്തർക്കും ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ,
തയ്യാറാക്കിയത്
യോഗാചാര്യ ശിവചരൺ കൃപാപാത്രി ഡോ.സജീവ് പഞ്ച കൈലാസി.
കൈലാസ് മാനസരോവർ, ആദി കൈലാസ്, കിന്നർ കൈലാസ്, ശ്രീ ഖണ്ഡ് കൈലാസ്, മണി മഹേഷ് കൈലാസ് തുടങ്ങിയ അഞ്ചുകൈലാസങ്ങളിലും ദർശനം നടത്തിയിട്ടുണ്ട്.
ആരോഗ്യ ഭാരതി സംസ്ഥാന കാര്യദർശി.
പൈതൃക് സംസ്ഥാന ഉപാദ്ധ്യക്ഷൻ വൈദ്യ മഹാസഭ സംസ്ഥാന ചെയർമാൻ.
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്.
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്സ് അസോസിയേഷൻ (GICSNA – ജിക്ഷ്ണ) നാഷണൽ കമ്മിറ്റി സെക്രട്ടറി.
ഫോൺ : 9961609128
Comments