ന്യൂഡൽഹി: ഫ്രാൻസിൽ നിന്നും 26 റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പിടാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, മൂന്ന് സേനാ മേധാവികൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിലാണ് അനുമതി നൽകിയത്. അംഗീകാരം ലഭിച്ച കരാർ പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശന വേളയിൽ പ്രഖ്യാപിക്കുമെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു.
കരാർ പ്രകാരം ഇന്ത്യൻ നാവികസേനയ്‌ക്ക് 22 സിംഗിൽ സീറ്റ് റഫാൽ മറൈൻ വിമാനങ്ങളും, നാല് ട്രെയിനർ വിമാനങ്ങളും, മൂന്ന് സ്‌കോർപിൻ അന്തർവാഹിനികളും ലഭിക്കും. ഐഎൻഎസ് വിക്രമാദിത്യ, വിക്രാന്ത് എന്നീ വിമാനവാഹിനിക്കപ്പലുകൾ, മിഗ്-29 വിമാനങ്ങൾ എന്നിവ നിലവിൽ ഇന്ത്യൻ നാവികസേനയിലുണ്ട്.
26 റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിന് 90,000 കോടി രൂപ ചിലവാകുമെന്നാണ് കണക്ക്. റഫാൽ-മറൈൻ കരാറിന് വേണ്ടിയുള്ള ഇന്ത്യ-ഫ്രാൻസ് ചർച്ചകൾക്കായി ഒരു സംയുക്ത സംഘത്തെ രൂപീകരിക്കും. ചർച്ചയ്‌ക്ക് ശേഷമായിരിക്കും അന്തിമ ചിലവ് തീരുമാനിക്കാനാകു. ഫ്രാൻസിൽ നിന്നെത്തിക്കുന്ന റഫാൽ വിമാനങ്ങൾ ഇന്ത്യൻ നാവികസേനയുടെ വിമാന വാഹിനിക്കപ്പലുകളിൽ വിന്യസിക്കും. ഫ്രാൻസുമായുള്ള പണമിടപാടിൽ ഇന്ത്യ ഇളവ് തേടാൻ സാധ്യതയുണ്ട്.
















Comments