ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി അർജന്റീന ദേശീയ ടീമിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് സൂചന. ‘ അർജന്റീനയ്‌ക്ക് വേണ്ടി ഞാൻ കിരീടങ്ങൾ നേടി, ടീമിനൊപ്പമുളള ഓരോ നിമിഷവും ഞാൻ ആസ്വദിക്കുകയാണ്’. മെസി പറഞ്ഞു. പ്രായം കൊണ്ട് ഞാൻ വിരമിക്കലിന്റെ പടിവാതിലിലാണ്. ഇതിനാൽ എന്റെ വിരമിക്കൽ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് എല്ലാവരും കരുതും, എന്നാൽ ആ വിരമിക്കൽ എപ്പോഴെന്ന് പറയാൻ എനിക്കാവില്ല എന്നാണ് താരം പറഞ്ഞത്.
മുപ്പതിയാറുകാരനായ താരം ഇപ്പോൾ ഇന്റർ മിയാമിയുമായി കരാറിലൊപ്പുവയ്‌ക്കാൻ അമേരിക്കയിലാണ്.മെസി ക്ലബ്ബുമായി രണ്ടര വർഷത്തേക്കുള്ള കരാർ ഒപ്പു വയ്‌ക്കും. സ്വകാര്യ വിമാനത്തിലാണ് മെസി ക്ലബ്ബിന്റെ ഹോം സ്റ്റേഡിയമുളള ഫോർട്ട് ലൗഡർഡെയ്ലിലെ വിമാനത്താവളത്തിൽ ഇറങ്ങിയത്. മെസിയുടെ വാർഷിക പ്രതിഫലം 6 കോടി യുഎസ് ഡോളർ ആയിരിക്കുമെന്നാണ് സൂചന. ഈ മാസം 21ന് ഹോംഗ്രൗണ്ടായ ഡിആർവി പിഎൻകെ സ്റ്റേഡിയത്തിലാകും മെസിയുടെ ആദ്യ മത്സരമെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.പോപ് ഗായിക ഷാക്കിറ അടക്കമുള്ളവരുടെ സംഗീത പരിപാടികളോടെ വമ്പൻ രീതിയിലായിരിക്കും മെസിയുടെ അവതരിപ്പിക്കൽ ചടങ്ങ്.
സ്പാനിഷ് ക്ലബ് ബാർസിലോനയിലെ സഹതാരം സെർജിയോ ബുസ്‌കെറ്റ്‌സും മിയാമിയുമായി ധാരണയിലെത്തിയിട്ടുണ്ട്. അർജന്റീന ദേശീയ ടീമിൽ മെസിയെ പരിശീലിപ്പിച്ചിട്ടുള്ള ജെറാർദ് മാർട്ടിനോയാണ് ക്ലബ്ബിന്റെ പരിശീലകൻ. രണ്ടര വർഷത്തെ കരാർ പൂർത്തിയാക്കിയാണ് താരം പിഎസ്ജിയോട് വിട പറഞ്ഞത്. താരത്തിനായി രംഗത്തുണ്ടായിരുന്ന സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയേയും സൗദി അറേബ്യ ക്ലബ്ബ് അൽ ഹിലാലിനെയും പിന്തള്ളിയാണ് ഇന്റർ മിയാമിയുടെ ഓഫർ മെസി സ്വീകരിച്ചത്. മുൻ ഇംഗ്ലണ്ട് ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഫുട്‌ബോൾ ക്ലബ്ബാണ് ഇന്റർ മയാമി.
















Comments