മിർപൂർ: ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിന് ആശ്വാസ ജയം. പരമ്പര നേരത്തെ ഇന്ത്യ നേടിയതിനാൽ ഈ മത്സരത്തിന് പ്രസക്തിയില്ലായിരുന്നു. 102 റൺസ് വിജയം ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 4 വിക്കറ്റ് ശേഷിക്കെ വിജയിക്കുകയായിരുന്നു. ഷാമിമ സുൽത്താനയാണ് ബംഗ്ലാ നിരയിൽ മികച്ച പ്രകടനം നടത്തിയത്. ഇന്ത്യ പരാജയപ്പെട്ടെങ്കിലും രണ്ടുവിക്കറ്റ് നേടിയ മലയാളി താരം മിന്നുമണി ഇന്നും മികച്ച പ്രകടനം തുടർന്നു. പരമ്പരയിലുടനീളം അഞ്ചുവിക്കറ്റുകളാണ് അന്താരാഷ്‌ട്ര അരങ്ങേറ്റത്തിൽ താരം നേടിയത്. ഇന്ത്യ ഉയർത്തിയ 102 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് 18-ാം ഓവറിൽ വിജയം കണ്ടെത്തുകയായിരുന്നു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 102 റൺസെടുക്കാനാണ് സാധിച്ചത്. രണ്ട് വിക്കറ്റ് വീതമെടുത്ത നിഗർ സുൽത്താന, റബേയ ഖാൻ, നഖിത അക്തർ എന്നിവർ ബംഗ്ലാദേശ് നിരയിൽ തിളങ്ങി. 41 പന്തിൽ 40 റൺസെടുത്ത ഹർമൻപ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ജെമീമ റോഡ്രിഗസ്, യസ്തിക ഭാട്ടിക, ഷെഫാലി വർമ്മ എന്നിവരാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. പത്തൊമ്പതാം ഓവറിൽ ക്രീസിലെത്തിയ മലയാളിതാരം മിന്നുമണി രണ്ട് പന്തിൽ ഒരു റണ്ണെടുത്തെങ്കിലും അവസാന ഓവറിൽ പുറത്തായി. തുടർച്ചയായ മൂന്നാം മത്സരത്തിലും മിന്നുമണിക്ക് പ്ലേയിംഗ് ഇലവനിൽ അവസരം കിട്ടി. ആദ്യ മത്സരത്തിൽ ഒരു വിക്കറ്റ് വീഴ്‌ത്തിയ മിന്നുമണി രണ്ടാം മത്സരത്തിൽ രണ്ട് വിക്കറ്റും അഞ്ച് റൺസും നേടിയിരുന്നു. ഇതോടെ ആദ്യ രാജ്യന്തര പരമ്പരയിൽ തന്നെ മലയാളികളുടെ മിന്നു മണി 5 വിക്കറ്റുകൾ സ്വന്തം പേരിലെഴുതി ചേർത്തു. അതേസമയം ഇന്ത്യൻ താരം സ്മൃതി മന്ഥാനയുടെ 200-ാം അന്താരാഷ്‌ട്ര മത്സരമായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2 ജയത്തോടെ ഇന്ത്യ നേരത്തെ സ്വന്തമാക്കി.
Comments