ഫൈൻ ലെഗ്ഗിലേക്കൊരു ഹാഫ് പാഡിൽ സ്വീപ്, കരിയറിലെ ഏറ്റവും വിലയുള്ള സിംഗിൾ ഓടി പൂർത്തിയാക്കുമ്പോൾ യശ്വസി ജയ്‌സ്വാളിന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.ഹെൽമെറ്റിൽ ചുംബിച്ച് സ്വതസിദ്ധശൈലിയിൽ ഇരുകൈകളുമുയർത്തി കന്നിശതകം ആഘോഷിക്കുമ്പോൾ ഡൗഗ് ഔട്ടിലിരുന്ന ഇന്ത്യൻ സ്‌ക്വാഡ് ഒന്നാകെ എഴുന്നേറ്റ് നിന്ന് ഈ മുംബൈക്കാരന് കൈയ്യടിക്കുന്നുണ്ടായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മ കൗമാര താരത്തെ ആശ്ലേഷിച്ചാണ് തന്റെ സ്‌നേഹം വെളിവാക്കിയത്.
തുടക്കക്കാരന്റെ പതർച്ചകളോ, തളർച്ചയോ ലവലേശം ഇല്ലാതെ അച്ചടക്കത്തോടെ ബാറ്റ് വീശിയ ജയ്‌സ്വാളിന്റെ ക്ഷമ ഒരിക്കൽപോലും നശിച്ചില്ല. വലിയ ഷോട്ടുകൾക്ക് മുതിരാതെ തന്റെ ടെക്‌നിക്കുകളും സ്‌ട്രെംഗ്തും പിന്തുടർന്നാണ് ജയ്‌സ്വാൾ ഇന്നിംഗ് കെട്ടിപ്പടുത്തത്. ഇക്കഴിഞ്ഞ ഐ.പി.എല്ലിൽ കണ്ട വിസ്‌ഫോടനകരമായ ബാറ്റിംഗ് ഇന്ത്യയിൽ ഉപേക്ഷിച്ചാണ് താരം വിൻഡീസിലേക്ക് പറന്നതെന്ന് പക്വതയാർന്ന ഈ ഇന്നിംഗ് കണ്ടാൽ ആർക്കും മനസിലാകും.
പ്രാദേശിക തലത്തിൽ നിന്ന് രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള ഈ 21-കാരന്റെ യാത്ര അതികഠിനമായിരുന്നു. ജയ്‌സ്വാൾ കടന്നുവന്ന വഴികൾ ഒട്ടും എളുപ്പമായിരുന്നില്ല. ക്രിക്കറ്റ് കളിയോടുള്ള അഭിനിവേശം കാരണം വീട്ടിൽ നിന്ന് മാറി ആസാദ് മൈതാനിയിലെ ടെന്റില്‍ താമസമാക്കിയതും ക്രിക്കറ്റ് പരിശീലിക്കാൻ പണത്തിനായി പാനിപൂരി കച്ചവടം നടത്തിയതും ഈ കൗമാരക്കാരനിലെ പോരാളിക്ക് കരുത്തായ അനുഭവങ്ങളുടെ നാളുകളാണ്. വാടക വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകളോട് മല്ലിട്ടിരുന്ന കുടുംബത്തെ വീണ്ടും ശല്യം ചെയ്യാതിരിക്കാനാണ് താരം വീട് വിടാൻ തീരുമാനിച്ചത്. തന്റെ സ്വപ്‌നം കൈയ്യെത്തിപ്പിടിക്കാൻ ആ കൗമാരക്കാരന് ആകെയുണ്ടായിരുന്നത് കഠിനാദ്ധ്വാനവും തളരാത്തൊരു മനസുമായിരുന്നു.
മുംബൈ പ്രസ് ക്ലബിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ സ്‌ക്രീനിൽ ഐ.പി.എൽ മത്സരം കാണാൻ അസാദ് മൈതാനത്തിന് സമീപമുള്ള മരത്തിൽ വലിഞ്ഞു കയറി ജയ്‌സ്വാൾ ഒരിക്കൽ തന്റെ സുഹൃത്തിനോട് പറഞ്ഞിരുന്നു. താനും ഒരിക്കൽ വാങ്കഡെയിലെ ഈ ഫ്‌ളെഡ് ലൈറ്റിന് കീഴിൽ നിറഞ്ഞ ആരവത്തിന് നടുവിൽ ബാറ്റ് ചെയ്യുമെന്ന്. അത് വെറും പറച്ചിൽ മാത്രമായിരുന്നില്ലെന്ന് അദ്ദേഹം തെളിയിച്ചത് ഇക്കഴിഞ്ഞ ഐ.പി.എല്ലിൽ മുംബൈയ്‌ക്കെതിരെ സെഞ്ച്വറി നേടികൊണ്ടായിരുന്നു.
ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന 17ാ-മത്തെ ഇന്ത്യൻ താരവും അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ഓപ്പണറുമാണ് ജയ്സ്വാൾ. ശിഖർ ധവാൻ, പൃഥ്വി ഷാ എന്നിവരാണ് നേരത്തെ ഈ റെക്കോഡ് സ്വന്തമാക്കിയത്.വിദേശത്ത് അരങ്ങേറ്റ മത്സരത്തിൽ ടെസ്റ്റ് സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനെന്ന നേട്ടവും ജയ്സ്വാളിനെ തേടിയെത്തി. അബ്ബാസ് അലി ബെയ്ഗ്, സുരീന്ദർ അമർനാഥ്, സൗരവ് ഗാംഗുലി, വീരേന്ദർ സെവാഗ് എന്നിവരാണ് ജയ്സ്വാളിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.
Comments