കൊച്ചി: വനിതാ ക്രിക്കറ്റിൽ കേരളത്തിന്റെ പേര് വാനോളമുയർത്തിയ മിന്നു മണിക്ക് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ആവേശോജ്ജ്വല സ്വീകരണം നൽകി കേരള ക്രിക്കറ്റ് അസോസിയേഷൻ. ബംഗ്ലാദേശ് പര്യടനത്തിലെ മികച്ച പ്രകടത്തിൽ സന്തോഷവതിയാണെന്ന് മിന്നു മണി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ദൈവത്തിനും ക്രിക്കറ്റ് അസോസിയേഷനും മിന്നു നന്ദി പറഞ്ഞു. ബംഗ്ലാദേശിനെതിരായ ആദ്യ രാജ്യാന്തര മത്സരത്തിൽ തിളങ്ങിയ മിന്നു അഞ്ച് വിക്കറ്റാണ് നേടിയത്.
‘രണ്ട് ദിവസം കഴിഞ്ഞാണ് നാടായ വയനാട്ടിലേക്ക് പോകുക. മികച്ച പ്രകടനം കാഴ്ച വയ്‌ക്കാനായതിൽ വളരെ സന്തോഷമുണ്ട്. ഇതിൽ ദൈവത്തിനോട് നന്ദി പറയുന്നു. എന്നെ നിങ്ങളുടെ മുന്നിൽ ഇങ്ങനെ നിൽക്കാൻ പ്രാപ്തയാക്കിയ കേരള ക്രിക്കറ്റ് അസോസിയേഷൻ, വയനാട് ക്രിക്കറ്റ് അസോസിയേഷൻ, കേരള ക്രിക്കറ്റ് അക്കാദമി തുടങ്ങിയവരോടും നന്ദി’. മിന്നു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ഓൾറൗണ്ടർ എന്ന നിലയിൽ കിട്ടിയ അവസരം നന്നായി പ്രയോജനപ്പെടുത്താനായി, ബൗളിംഗിൽ കഴിവിന്റെ പരമാവധി പുറത്തെടുത്തു.പ്ലേയിംഗ് ഇലവനിൽ ഉണ്ടെന്നറിഞ്ഞത് ആദ്യമത്സരത്തിന് തൊട്ടുമുമ്പാണെന്നും സഹതാരങ്ങളെല്ലാം നന്നായി പിന്തുണച്ചെന്നും മിന്നു മണി പറഞ്ഞു.
Comments