തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ രചിച്ച രാമായണം കിളിപ്പാട്ട് നിത്യ പാരായണത്തിന് ഉതകുന്ന ഒരു മഹദ് ഗ്രന്ഥമാണ് . കാലിക സ്വഭാവത്തിൽ ആ സമ്പ്രദായം രാമായണമാസത്തിലേക്ക് അതായത് കർക്കിടകം അഥവാ ആടി മാസത്തിലേക്ക് ഒതുങ്ങി.
എന്തുകൊണ്ടാണ് എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത്.? എഴുത്തച്ഛന് മുൻപും മലയാളഭാഷ ഉണ്ടായിരുന്നില്ലേ.?അതിനുമുൻപും മലയാളസാഹിത്യം ഉണ്ടായിരുന്നില്ലേ.?? രാമകഥകൾ ഉണ്ടായിരുന്നില്ലേ.? രാമചരിതവും രാമകഥാപ്പാട്ടും കണ്ണശ്ശരാമായണവും ഒക്കെ ഉണ്ടായിരുന്നില്ലേ.? രാമായണം ചമ്പുവും ഇവിടെ ഉണ്ടായിരുന്നു. ചെറുശ്ശേരിയും കണ്ണശ്ശപ്പണിക്കരും എല്ലാം ഇവിടെ ജീവിച്ചു കവിതകൾ രചിച്ചിരുന്നു.
എഴുത്തച്ഛന് മുൻപുള്ള മലയാള ഭാഷയിൽ തമിഴ് ആഭിമുഖ്യം കൂടുതലായിരുന്നു. ലീലാതിലകത്തിൽ എടുത്തുകാട്ടിയത് പോലെ
“തരതലം താനളന്താ പിളന്താ പൊനൻ താനക ചെന്താർ” ഇത്തരത്തിൽ ആയിരുന്നു ഭാഷ.
“ധരാതലം അളന്നവനെ ഹിരണ്യന്റെ ഹൃദയം (അക ചെന്താർ) പിളർന്നവനേ” ഇത്യാദികൾ പ്രയോഗിക്കുമ്പോൾ സാരം അതിൽ നിന്ന് ഗ്രഹിച്ചെടുക്കുവാൻ ഏറെ പ്രയാസമായിരുന്നു.. ആ സ്ഥാനത്താണ് കിളിക്കൊഞ്ചൽ പോലെയുള്ള പദാവലികൾ കൊണ്ട് ഭാഷയെ എഴുത്തച്ഛൻ മാല ചാർത്തി അണിയിച്ചു നിർത്തിയത്
ശാരികപ്പൈതൽ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞു തുടങ്ങിനാൾ..
പിന്നീട് കാണുന്നത് അനവരതം നാവിൽ വിളയാടുന്ന വേദാത്മികയായ വാണി മാതാവിനെയാണ്.
“വാരിധി തന്നിൽ തിരമാലകൾ എന്നപോലെ ഭാരതീപദാവലി” തോന്നുന്നത് നമുക്ക് തിരിച്ചറിയാം.സരള കോമള കാന്തപദങ്ങളുടെ കരകവിഞ്ഞൊഴുകുന്ന പ്രവാഹം എന്ന് പ്രൊഫസർ എസ് ഗുപ്തൻ നായർ ചങ്ങമ്പുഴ കവിതയെക്കുറിച്ച് പറഞ്ഞ വാക്കുകൾ തുഞ്ചത്തെഴുത്തച്ഛന്റെ കൃതികൾക്കും യോജിക്കുന്നു. അതാണ് എഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവ് എന്ന് ബഹുമാനപൂർവ്വം വിളിച്ചറിയിക്കുവാൻ കാരണം. പദപ്രയോഗത്തിൽ ആവശ്യാനുസരണം ലാളിത്യവും കാഠിന്യവും ഇടകലർത്തി പറയാനും ആ അന്തരീക്ഷം സൃഷ്ടിക്കാനും എഴുത്തച്ഛന് കഴിഞ്ഞു.
എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
Comments