എറണാകുളം: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് കെ എസ് യു പ്രവർത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിൽ കയറി വിളിച്ചിറക്കി കോൺഗ്രസ് നേതാക്കൾ. അങ്കമാലി എംഎൽഎ റോജി എം ജോണിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് സ്റ്റേഷനിൽ നിന്നും ഇറക്കിയത്. വിദ്യാർത്ഥികളെ കള്ള കേസിൽ കുടുക്കി അറസ്റ്റ് ചെയ്‌തെന്നാരോപിച്ചാണ് നടപടി.
കാലടി ശ്രീ ശങ്കര കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കെ എസ് യു പ്രവർത്തകരെയാണ് സ്റ്റേഷനിൽ നിന്നും കോൺഗ്രസ് നേതാക്കൾ പിടിച്ചിറക്കിയത്. വിദ്യാർത്ഥികളെ അകാരണമായി അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കളായ ബെന്നി ബഹനാൻ എം.പിയും എംഎൽഎമാരായ റോജി എം ജോണും സനീഷ് ജോസഫും പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചിരുന്നു. ഇതിനിടെയാണ് റോജി എം ജോൺ ലോക്കപ്പിൽ നിന്നും വിദ്യാർത്ഥികളെ പുറത്തിറക്കിയത്.
ഇന്ന് പുലർച്ചെയാണ് 7 വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിൽ 2 വിദ്യാർത്ഥികളെ വീട്ടിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. വിദ്യാർത്ഥികളെ സെല്ലിൽ നിന്നും പുറത്തിറക്കിയതിൽ തെറ്റില്ലെന്നാണ് റോജി എം ജോൺ എംഎൽഎയുടെ വാദം. തന്റെ പ്രവർത്തി മറ്റുള്ളവർ വിലയിരുത്തട്ടെ. വലിയ കുറ്റവാളികളോട് എന്ന പോലെയാണ് വിദ്യാർത്ഥികളോട് പെരുമാറിയതെന്നും എംഎൽഎ പറഞ്ഞു.















