ലണ്ടൻ: പുരുഷ വിഭാഗം വിംബിൾഡൺ കിരീടത്തിന് പുതിയ അവകാശി. നിലവിലെ ചാംപ്യൻ സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെയാണ് സ്പാനിഷ് താരം കാർലോസ് അൽകാരസ് തോൽപ്പിച്ചത്. പുൽകോർട്ടിലെ ആദ്യ കിരീടമാണ് കാർലോസ് അൽകാരസിന്റേത്. 5 സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു അൽക്കരാസിന്റെ നേട്ടം. സ്‌കോർ: 1-6, 7-6, 6-1, 3-6, 6-4. ലോക ഒന്നാം നമ്പർ താരമായ അൽക്കറാസിന്റെ രണ്ടാം ഗ്രാൻസ്ലാം കിരീടമാണിത്. കഴിഞ്ഞ വർഷം യുഎസ് ഓപ്പണും അൽകാരസിനായിരുന്നു. സെന്റർ കോർട്ടിൽ നാലു മണിക്കൂറും 42 മിനിറ്റും നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തോടെയാണ് മത്സരം അവസാനിച്ചത്.
20 വയസ്സുള്ളപ്പോഴാണ് അൽകാരാസ് വിംബിൾഡണിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ പുരുഷ ചാമ്പ്യനായത്. വിരമിച്ച റോജർ ഫെഡററുടെയും റാഫേൽ നദാലിന്റെയും അഭാവത്തിൽ 36 വയസ്സുള്ള ജോക്കോവിച്ച് ഇപ്പോൾ ‘ബിഗ് ത്രീ’ എന്ന പദവി വഹിക്കുന്നതിനാൽ അൽകാരസിന്റെ വിജയം തലമുറ മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തിരികൊളുത്തി.
വിംബിൾഡണിൽ എട്ടാം കിരീടവും ഇരുപത്തിനാലാം ഗ്രാൻസ്ലാം നേട്ടവും ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ഇറങ്ങിയത്. മുപ്പത്തിയാറാം വയസ്സിൽ ജോകോവിച്ചിന്റെ മുപ്പത്തിയഞ്ചാം മേജർ ഫൈനലായിരുന്നു ഇത്. ജയിച്ചിരുന്നെങ്കിൽ ഓപ്പൺ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ സെറിന വില്യംസിന്റെ 23 കിരീടങ്ങളുടെ റെക്കോർഡ് മറികടക്കാൻ ജോക്കോവിച്ചിന് സാധിക്കുമായിരുന്നു.
Comments