ഹൈദരാബാദ്: ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ച് തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ. നിയമം നടപ്പാക്കിയാൽ രാജ്യത്തെ സ്ത്രീകൾ ശാക്തീകരിക്കപ്പെടുമെന്ന് തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു. നേരത്തെ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ച് രംഗത്തു വന്നിരുന്നു. എഎൻഐയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ഏകീകൃത സിവിൽ കോഡ് വന്നാൽ രാജ്യത്തുണ്ടാകുന്ന മാറ്റത്തെപ്പറ്റി തെലങ്കാന ഗവർണർ ചൂണ്ടിക്കാണിച്ചത്.
‘ഞാൻ ഏകീകൃത സിവിൽ കോഡിനെ (യുസിസി) ശക്തമായി പിന്തുണയ്‌ക്കുന്നു. അത് സ്ത്രീകളെ ശാക്തീകരിക്കുന്നു. അഞ്ചോ ആറോ സഹോദരന്മാർ ഒരു വീട്ടിലുണ്ടെങ്കിൽ അവർക്ക് ഓരോത്തർക്കും ഒരു പ്രത്യേക നിയമം അനുവദിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്’.
‘നമുക്ക് തുല്യ നീതിയും തുല്യ അവകാശവും തുല്യ നിയമവും ആവശ്യമാണ്. അതിനാൽ തന്നെ ഏകീകൃത സിവിൽ കോഡിനെ ശക്തമായി പിന്തുണക്കുന്ന ആളാണ് ഞാൻ ‘ എന്ന് ഗവർണർ തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു. ഏകീകൃത സിവിൽ കോഡ് വരുന്നതോടെ സമൂഹത്തിൽ സ്ത്രീകൾക്ക് ഉന്നമനം ഉണ്ടാകുമെന്ന് നിയമ വിദഗ്ധർ വ്യക്തമാക്കിയിട്ടുള്ളതാണ്. വിവാഹം, അനന്തരാവകാശം, ദത്തെടുക്കൽ, ബഹുഭാര്യത്വം എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ഏകീകൃതമായ നിയമം വരുന്നതോടെ സ്ത്രീകൾക്ക് അവരുടെ അവകാശവും സ്വാതന്ത്ര്യവും പൂർണമായി ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
















Comments