ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം വൻ ചർച്ചയ്‌ക്കാണ് വഴിവെച്ചത്. വിവാഹ ശേഷം ഇരുവരും ഒന്നിച്ചുള്ള വിശേഷങ്ങൾ സമൂഹമാദ്ധ്യമത്തിൽ വെെറലാകാറുണ്ട്. ഇപ്പോഴിതാ അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് പരക്കുന്നത്. ഇരുവരും സമൂഹമാധ്യമങ്ങളിൽ പരസ്പരം അൺഫോളോ ചെയ്തതും ഒരുമിച്ചുള്ള ചിത്രങ്ങൾ നീക്കം ചെയ്തതുമാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയത്.
മാത്രമല്ല തങ്ങൾ പ്രണയത്തിലാണെന്നുള്ള ഇരുവരുടെയും പോസ്റ്റും ഇൻസ്റ്റാഗ്രാമിൽ നിന്നടക്കം അപ്രത്യക്ഷമായി. ഇതേത്തുടർന്നാണ് അമൃതയും ഗോപി സുന്ദറും പ്രണയജീവിതം അവസാനിപ്പിച്ചുവെന്ന തരത്തിലുള്ള ചർച്ചകളും സജീവമാകുന്നത്.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് അമൃതയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന് ഇരുവരും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമകരമായ ഘട്ടങ്ങൾ പിന്നിട്ട് ഒരുമിച്ചൊരു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ പിന്തുണയും പ്രാർത്ഥനയും ഉണ്ടാകണമെന്നും കുറിച്ചുകൊണ്ടാണ് ഗോപി സുന്ദറുമായുള്ള പ്രണയം അമൃത പരസ്യമാക്കിയത്. ഇതിന് പിന്നാലെ ഇരുവരും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ വലിയ പ്രേക്ഷകശ്രദ്ധ നേടുകയും ചർച്ചയാകുകയും ചെയ്തിരുന്നു. രണ്ടു മാസം മുൻപ് ഇരുവരും ഒന്നാം പ്രണയവാർഷികം ആഘോഷിക്കുകയും ചെയ്തു.
എന്നാൽ വേർപിരിഞ്ഞുവെന്ന പ്രചാരണം ശക്തമാകുന്നുണ്ടെങ്കിലും ഇരുവരും ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ഇതോടെ ആരാധകരും ആശയക്കുഴപ്പത്തിലാണ്. ചർച്ചകളുടെ സത്യാവസ്ഥ അന്വേഷിക്കുകയാണ് സമൂഹമാധ്യമലോകം.
Comments