1993ൽ പുറത്തിറങ്ങിയ ഷങ്കർ ചിത്രം ജെന്റിൽമാനെ അനുസ്മരിപ്പിക്കും സംഭവങ്ങളാണ് തമിഴ്‌നാട്ടിലെ സേലത്ത് അരങ്ങേറിയത്. ഒരമ്മയുടെ ദാരുണ മരണവും അതിന്റെ കാരണവുമാണ് തമിഴ്‌നാടിനെ അക്ഷരാർത്ഥത്തിൽ പിടിച്ചുലച്ചത്. മരിച്ചാൽ നഷ്ടപരിഹാരം ലഭിക്കുമെന്ന് ആരോ പറഞ്ഞു വിശ്വസിപ്പിച്ചതിന് പിന്നാലെ ബസിന് മുന്നിൽ ചാടി ഒരമ്മ ജീവനൊടുക്കി. മക്കളെ പഠിപ്പിക്കാൻ വേറെ മാർഗമില്ലാതിരുന്നതോടെയാണ് ആ അമ്മയുടെ കടുംകൈ.
അർഹിച്ച വിദ്യാഭ്യാസത്തിനുള്ള അവസരം മകന് ലഭിക്കാൻ പണം നൽകേണ്ടിവരുമെന്ന് അറിഞ്ഞതോടെ അത് കണ്ടെത്താൻ മനോരമ അഭിനയിച്ച കഥാപാത്രം തീകൊളുത്തി ആത്മഹത്യ ചെയ്യുന്നതും ഡോക്ടറാകാൻ കൊതിച്ചിരുന്ന വിനീതിന്റെ കഥാപാത്രം അത് നടക്കില്ലെന്ന ഉറപ്പാകുന്നതോടെ ബസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുന്നതും സിനിമയിൽ വിവരിക്കുന്നുണ്ട്. ഏറെക്കുറെ അതിന് സമാനമാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്.
ജൂൺ 28ന് സേലത്തെ അഗ്രഹാരം സ്ട്രീറ്റിലൂടെ നടന്നുവരികെയായിരുന്ന സ്ത്രീ പൊടുന്നനെ ബസിന് മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു. കാരണം വ്യക്തമായിരുന്നില്ല. മരണം നടന്ന് ഏകദേശം മൂന്നാഴ്ചയ്‌ക്ക് ശേഷമാണ് പോലീസ് കാരണം കണ്ടെത്തുന്നത്. 46കാരിയായ പാപ്പാത്തി മകന്റെ വിദ്യാഭ്യാസത്തിന് പണം കണ്ടെത്താനായിരുന്നു ആത്മഹത്യ ചെയ്തത്. താൻ ജീവത്യാഗം നടത്തിയാൽ നഷ്ടപരിഹാരം ലഭിക്കുമെന്ന ചിന്തയിലായിരുന്നു ഇത്. സേലം കളക്ടറേറ്റിലെ താത്കാലിക തൂപ്പുകാരിയായിരുന്നു പാപ്പാത്തി.
Tragic Sacrifice: Woman jumps in front of moving bus to meet son’s college expenses pic.twitter.com/Pqg8fHbcRm
— THE HINDUSTAN GAZETTE (@THGEnglish) July 18, 2023
“>
കോളേജ് വിദ്യാർത്ഥിയായ മകനും മകളും അമ്മയും അടങ്ങുന്നതായിരുന്നു പാപ്പാത്തിയുടെ കുടുംബം. സി.സി.ടി പരിശോധിച്ച പോലീസ് നടന്നുവരികെയായിരുന്ന വീട്ടമ്മ പൊടുന്നനെ ബസിന് മുന്നിലേക്ക് ചാടുന്നത് കണ്ടെത്തി. അന്വേഷണത്തിൽ ഈ ദിവസം സമാന രീതിയിൽ ഇവർ ബസിന് മുന്നിൽ ചാടിയെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായും കണ്ടെത്തി.
മകന് 45,000 രൂപയാണ് കോളേജ് ഫീസ് അടയ്‌ക്കാനുണ്ടായിരുന്നത്. 10,000 രൂപയായിരുന്നു പാപ്പാത്തിയുടെ മാസശമ്പളം. 18 വർഷമായി ഭർത്താവുമായി വേർപിരിഞ്ഞിട്ട്. മകൾ അവസാന വർഷ എൻജിനിയറിംഗ് വിദ്യാർത്ഥിയാണ്. ആർകിടെക്ച്വർ ഡിപ്ലോമ വിദ്യാർത്ഥിയാണ് മകൻ. ലോണെടുത്തും കടം വാങ്ങിയുമാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. മകളുടെ വിവാഹ കാര്യത്തിലും അവർ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ മരിച്ചാൽ ബസ് കമ്പനിയോ സർക്കാരോ നഷ്ടപരിഹാരം നൽകുമെന്ന് ആരോ പറഞ്ഞതിന് അനുസരിച്ചായിരുന്നു ആ അമ്മയുടെ ജീവത്യാഗം
















Comments