തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പ് നേരിട്ടവർക്ക് ആശ്വാസ വാർത്തയുമായി കേരള പോലീസ്. ഓൺലൈൻ മുഖേന ഒരു ലക്ഷം രൂപയ്‌ക്ക് മുകളിൽ പണം നഷ്ടമാകുകയാണെങ്കിൽ ഇത് കണ്ടെത്തുന്നതിനായി സ്പീഡ് ട്രാക്കിംഗ് സംവിധാനമാണ് ആരംഭിച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സൈബർ ആസ്ഥാനത്തെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചാൽ തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാനും പണം തിരിച്ചെടുക്കാനും സാധിക്കും. 1930 എന്ന കൺട്രോൾ റൂം നമ്പരിലാണ് ഇതിനായി ബന്ധപ്പെടേണ്ടത്. കോഴിക്കോട് സ്വദേശിയ്‌ക്ക് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ തട്ടിപ്പിലൂടെ 40,000 രൂപ നഷ്ടമായതിന് പിന്നാലെയാണ് പുതിയ നക്കം.
ഇതിന്റെ ഭാഗമായി ഒരു ലക്ഷം രൂപയ്‌ക്ക് മുകളിൽ തട്ടിപ്പ് നടന്നതായി പരാതി ലഭിച്ചാൽ തട്ടിപ്പ് നടത്തിയ ആളുടെ അക്കൗണ്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെയും നിയമിച്ചു. തട്ടിപ്പ് നടന്ന ഉടൻ തന്നെ കൺട്രോൾ റൂമിൽ അറിയിക്കുകയാണെങ്കിൽ തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ട് വിവരങ്ങൾ മനസിലാക്കി എടുക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയരുന്നുണ്ടെങ്കിലും വലിയ തട്ടിപ്പുകൾ കണ്ടെത്തുന്നതിനായാണ് ട്രാക്കിംഗ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.
സംഭവം നടന്ന് അധികം വൈകാതെ തന്നെ പരാതിപ്പെടണമെന്ന് നോഡൽ ഓഫീസർ എസ്പി ഹരിശങ്കർ പറഞ്ഞു. സമയം പോകുംതോറും തട്ടിപ്പുകാർക്ക് പണം പിൻവലിച്ച് രക്ഷപ്പെടുന്നതിനുള്ള അവസരം നൽകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിചയമില്ലാത്തവർ നൽകുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും ഇത്തരത്തിൽ തട്ടിപ്പിനുള്ള സാദ്ധ്യത വർദ്ധിക്കുമെന്നും വ്യക്തമാക്കി.
















Comments