ബെംഗളൂരു: രാജ്യത്തിന്റെ അഭിമാനദൗത്യത്തിൽ ചന്ദ്രയാൻ-3യെ ഭ്രമണപഥത്തിൽ എത്തിയ്‌ക്കുന്നതിന് നിർണ്ണായക പങ്കുവഹിച്ചത് ഏറ്റവും കരുത്തുറ്റ റോക്കറ്റായ ജിഎസ്എൽവി മാർക്ക്3 എന്ന എൽവിഎം3 ആയിരുന്നു. ചാന്ദ്ര പര്യവേഷണത്തിൽ രാജ്യത്തിന്റെ പ്രാധാന്യം ഉറപ്പിച്ച് വിജയക്കൊടി പാറിക്കുന്നത് കാണുവാനാണ് ഓരോ ഇന്ത്യൻ പൗരനും കാത്തിരിക്കുന്നത്. ചാന്ദ്ര ദൗത്യത്തിൽ പടിപടിയായി ഭ്രമണ പഥം ഉയർത്തിയിരിക്കുകയാണ് ചന്ദ്രയാൻ-3. കഴിഞ്ഞ ദിവസം പേടകം മൂന്നാം ഭ്രമണപഥത്തിൽ എത്തിയിരുന്നു. നേരിട്ട് ചന്ദ്രനിലേക്ക് കുതിയ്‌ക്കുന്നതിന് പകരം പടിപടിയായി ഭ്രമണപഥം ഉയർത്തി ചന്ദ്രന്റെ കാന്തികവലയത്തിൽ പ്രവേശിക്കുന്ന സവിശേഷമായ സഞ്ചാരരീതി ചന്ദ്രപേടതം പിന്തുടരുന്നതിന്റെ പിന്നിലെ കാരണം എന്തെന്നതിൽ പലർക്കും ധാരണയുണ്ടാകില്ല.
മൂന്ന് ഭാഗങ്ങളാണ് ചന്ദ്രയാൻ-3 യ്‌ക്കുള്ളത്. പ്രൊപ്പൽഷൻ മൊഡ്യൂൾ, ഇതിനുള്ളിൽ ലാൻഡർ മൊഡ്യൂൾ, ലാൻഡറിനുള്ളിൽ റോവർ എന്നിങ്ങനെ മുന്ന് ഭാഗങ്ങൾ. ഇതിൽ എല്ലാം കൂടി ഏഴ് ഉപകരണങ്ങളാണ് ഉള്ളത്. പ്രൊപ്പൽഷൻ മൊഡ്യൂളിനെ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് എൽവിഎം 3 യ്‌ക്കുള്ളത്. അവിടെ നിന്നും പ്രൊപ്പൽഷൻ മൊഡ്യൂൾ വൃത്താകൃതിയിലെ പഥങ്ങളിലൂടെ നീങ്ങി ചന്ദ്രനെ സമീപിക്കും. ഇതിന് ആറ് ആഴ്ച കാലയളവാണ് എടുക്കുക.
ജൂലൈ 14-ൽ നടന്ന വിക്ഷേപണത്തിന് ശേഷം 45 മുതൽ 48 ദിവസം എടുത്താണ് ചന്ദ്രന്റെ ഉപരിതലത്തിൽ എത്തുക. ചന്ദ്രയാൻ ഒരാഴ്ചയോളം ഭൂമിയെ ചുറ്റും. ഈ സമയങ്ങളിൽ മുഴവൻ ഭ്രമണപഥം വലുതാക്കുകയായിരിക്കും ചെയ്യുക. ഇതിന് ശേഷമായിരിക്കും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മാറി കയറുക. ഇതിന് ശേഷം വീണ്ടും നാല് ആഴ്ചക്കാലത്തോളം ചന്ദ്രനെ ഭ്രമണം ചെയ്യും. ഓരോ ചുറ്റലിലും ഭ്രമണപഥത്തിന്റെ വലിപ്പം കുറച്ചുകൊണ്ട് വന്ന് ചന്ദ്രന്റെ 100 കിലോമീറ്റർ അടുത്തെത്തും. ഇതിന് ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപെട്ട് ചന്ദ്രന്റെ ഉപരിതലത്തിലേക്ക് സോഫ്റ്റ് ലാൻഡ് ചെയ്യുക.
ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങി കഴിയുന്നതോടെ ലാൻഡർ പേടകത്തിൽ നിന്ന് വാതിൽ തുറന്ന് റോവർ പതിയെ പുറത്തേക്ക് ഇറങ്ങും. ചന്ദ്രനിലെ മണ്ണും രാസഘടനയും അന്തരീക്ഷവും വിലയിരുത്തും. ഇതിന് പിന്നാലെയായിരിക്കും വിവരങ്ങൾ ലാൻഡറിലേക്കും ലാൻഡറിൽ നിന്ന് പ്രൊപ്പൽഷൻ മൊഡ്യൂളിലേക്കും അവിടെ നിന്ന് ബംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രിക് കേന്ദ്രത്തിലേക്കും സന്ദേശമെത്തുക.
ഇത്രയും ദിവസം എടുക്കുന്നതിന് പിന്നിലെ കാരണം?
എന്തുകൊണ്ടാണ് ചാന്ദ്രദൗത്യത്തിന് ഇത്രയധികം ദിവസം ആവശ്യമായി വരുന്നതെന്ന സംശയം പലർക്കും ഉണ്ടായേക്കാം. രണ്ട് കാരണങ്ങളാണ് ഇതിൽ പ്രധാനമായും ഉള്ളത്. ഒന്ന് ചെലവുകുറയ്‌ക്കുന്നതിന്റെ ഭാഗമായാണ് സമയമെടുക്കുന്നത്. രണ്ടാമത്തെ കാരണം റോക്കറ്റിന്റെ ശേഷിക്കുറവാണ്. ഭൂമിയിൽ നിന്ന് 3.84 ലക്ഷം കീലോമീറ്റർ ദൂരമാണ് ചന്ദ്രനിലേക്ക് ഉള്ളത്. ഇത്തരത്തിൽ ഭൂമിയിൽ നിന്ന് ഒറ്റയടിയ്‌ക്ക് ചന്ദ്രനിലേക്ക് എത്തണമെങ്കിൽ ഇത്രയും ദൂരം നേർ രേഖയിൽ സഞ്ചരിക്കുന്നതിന് ശേഷിയുള്ള റോക്കറ്റ് വേണ്ടതായി വരും.
വിക്ഷേപണ ശേഷം നേരിട്ട് ലക്ഷ്യത്തിലേക്ക് യാത്ര തിരിക്കുന്നതിന് പകരം പടിപടിയായി ഭൂമിയെ വലംവെച്ചുകൊണ്ട് ഭ്രമണപഥം ഉയർത്തിയാണ് ചന്ദ്രയാൻ-3 ലക്ഷ്യ സ്ഥാനത്തേക്ക് എത്തുക. ഇതിനാലാണ് അധിക ദിനം ആവശ്യമായി വരുന്നത്. ഇന്ധന ചെലവ് കുറയ്‌ക്കുന്നതിന് അടക്കം ഇത് സഹായകമാണ്. മംഗൾയാൻ ദൗത്യത്തിലും ഇതേ പാതയായിരുന്നു പിന്തുടർന്നത്. ഇക്കാരണത്താൽ തന്നെയാണ് പല ബിഗ്ബ്ജറ്റ് ചിത്രങ്ങളേക്കാൾ കുറഞ്ഞ ചെലവിൽ ഐഎസ്ആർഒയ്‌ക്ക് ബഹിരാകാശ ദൗത്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കുന്നതും.
Comments