ന്യൂഡൽഹി: ഇന്ത്യൻ സംസ്‌കാരത്തെയും സമൂഹത്തെയും അപമാനിക്കാൻ ഒടിടി പ്ലാറ്റ്‌ഫോമുകളെ ഒരിക്കലും അനുവദിക്കില്ലെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളുമായി നടന്ന ചർച്ചയ്‌ക്കിടെയാണ് താക്കൂർ ഇക്കാര്യം വ്യക്തമാക്കിയത്. നിയമങ്ങൾ ലംഘിക്കുന്ന ഒടിടി പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്തുന്നത് അടക്കമുള്ള ചർച്ചകൾ യോഗത്തിൽ നടന്നതായും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യ വൈവിധ്യമാർന്ന രാജ്യമാണ്. രാജ്യത്തിന് അനുയോജ്യമായ കാര്യങ്ങൾ മാത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ അവതരിപ്പിക്കും. ഒടിടിയിലൂടെ രാജ്യത്തിലെ എല്ലാ ജനങ്ങൾക്കും വിനോദപ്രദമായ കാഴ്ചാനുഭവം പകരുന്നതായിരിക്കണം. താക്കൂർ ട്വിറ്ററിൽ കുറിച്ചു. ഒടിടിയുമായി ബന്ധപ്പെട്ട് നടപടികൾക്ക് നിർണായകവും നിഷ്പക്ഷവുമായ തീരുമാനങ്ങൾ സ്വീകരിക്കുന്നതിന് വിദഗ്ധരും ജുഡീഷ്യൽ അംഗങ്ങളും ഉൾപ്പെടുന്ന ബോഡി സ്ഥാപിക്കാൻ ഉദ്യോഗസ്ഥരോട് അദ്ദേഹം നിർദ്ദേശിച്ചിരുന്നു.
‘ഭൂരിഭാഗം പരാതികളും ഒടിടി പ്ലാറ്റ്ഫോമുകൾ പ്രാഥമിക തലത്തിൽ പരിഹരിച്ചു. 18 അപ്പീലുകളാണ് ഇതിനകം വിജയകരമായി പരിഹരിച്ചിരിക്കുന്നത്. പരാതി പരിഹാര സംവിധാനത്തിന്റെ മൊത്തത്തിലുള്ള പരിഹാരമാർഗങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. രാജ്യത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന വെബ് സൈറ്റുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും’ താക്കൂർ വ്യക്തമാക്കി.
















Comments