ദിവസങ്ങൾക്ക് മുൻപാണ് ഇന്റർ മിയാമി അവരുടെ എക്കാലത്തെയും പൊന്നുംവിലയുള്ള താരത്തെ അവതരിപ്പിച്ചത്. കോരിച്ചൊരിയുന്ന മഴയിലും ലയണൽ മെസിയെ കാണാൻ സ്‌റ്റേഡിയം തിങ്ങിനിറഞ്ഞിരിന്നു. മെസിക്കൊപ്പം സ്പാനിഷ് താരം സെർജിയോ ബുസ്‌കെറ്റസിനെയും ടീം അവതരിപ്പിച്ചിരുന്നു.പിഎസ്ജി കരാർ അവസാനിച്ചതിന് പിന്നാലെയാണ് ലയണൽ മെസി അമേരിക്കയിലേക്ക് ചേക്കേറിയത്.
അതിനിടെ ലയണൽ മെസിയുടെ അരങ്ങേറ്റ മത്സരത്തിനുള്ള ടിക്കറ്റിന്റെ നിരക്ക് റോക്കറ്റ് പോലെയാണ് കുതിച്ചുയരുന്നത്. അഞ്ഞൂറ് ഡോളറാണ് ആദ്യത്തെ മത്സരത്തിനുള്ള ടിക്കറ്റിന്റെ ശരാശരി നിരക്കെങ്കിലും അത് പുറത്ത് വിൽക്കപ്പെടുന്നത് ഒരു ലക്ഷത്തിപതിനായിരം ഡോളറിനാണെന്നാണ് (90 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) റിപ്പോർട്ടുകൾ പറയുന്നത്. അമേരിക്കൻ ലീഗിൽ തന്നെ ഒരു മത്സരത്തിന്റെ ടിക്കറ്റിനു ഇത്രയും വില വരുന്നത് ഇതാദ്യമായിട്ടായിരിക്കും.
ബാഴ്‌സയിലെ മെസിയുടെ സഹതാരമായിരുന്ന ജോർഡി ആൽബയും മിയാമിയുമായി കരാർ ഒപ്പിട്ടെന്നാണ് വിവരം. അങ്ങനെയെങ്കിൽ മൂവരും എം.എൽ.എസിൽ അരങ്ങേറും.
ജൂലൈ 21ന് ക്രൂസ് അസൂലിനെതിരെ നടക്കുന്ന ലീഗ് കപ്പ് മത്സരത്തിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ലയണൽ മെസി വന്നതോടെ ഇന്റർ മിയാമിയുടെ എല്ലാ മത്സരങ്ങളുടെ ടിക്കറ്റ് വിലയും കുതിച്ചു കയറിയെന്നു റിപ്പോർട്ടുകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്തായാലും ലയണൽ മെസിയുടെ അരങ്ങേറ്റത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. നിലവിൽ അമേരിക്കൻ ലീഗിൽ ഏറ്റവും മോശം ഫോമിൽ കളിക്കുന്ന ടീമാണ് ഇന്റർ മിയാമി.
Comments