ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് വമ്പൻ വിജയം. 108 റൺസിനായിരുന്നു നീലപ്പടയുടെ വിജയം. യുവതാരം ജെമീമ റോഡ്രിഗസിന്റെ ഓൾറൗണ്ട് പ്രകടനമാണ് ടീമിന് കരുത്തായത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 228 റൺസാണ് നേടിയത്. 78 പന്തിൽ 86 റൺസുമായി ജെമീമയും അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റർ ഹർമൻ പ്രീത് കൗറുമാണ് 52(88) ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട ടോട്ടൽ സമ്മാനിച്ചത്. 36 റൺസെടുത്ത മന്ഥാനയുടെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് ആദ്യം നഷ്ടമായത്.
കഴിഞ്ഞ മത്സരത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട ബാറ്റിംഗാണ് ഇന്ന് കാഴ്ചവെയ്‌ക്കാനായത്. ഹർലിൻ ഡിയോൾ 25 റൺെസെടുത്തു. 68 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി തകർച്ച നേരിടുന്നതിനിടെയാണ് രക്ഷകയായി ജെമീമയെത്തിയത്. വിക്കറ്റ് സംരക്ഷിച്ച് ക്യാപ്റ്റനും പിന്തുണ നൽകിയതോടെ സ്‌കോർബോർഡ് മുന്നോട്ട് ചലിച്ചു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് 120 റൺസിന് ഓൾ ഔട്ടായി. മൂന്ന് ഓവറിൽ 3 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് എടുത്ത ജമീമയാണ് വിജയം എളുപ്പമാക്കിയത്. ദേവിക വൈദ്യ മൂന്ന് വിക്കറ്റ് എടുത്തും ഇന്ത്യക്കായി തിളങ്ങി. ഈ ജയത്തോടെ പരമ്പര സമനിലയിലാക്കാൻ പെൺപടയ്‌ക്ക് സാധിച്ചു.47 റൺസെടുത്ത ഫർഗന ഹൊക്യുവാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറർ.മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലാണ്. മൂന്നാം ഏകദിനം 22ന് നടക്കും.
















Comments