അകാലത്തിൽ മാർക്സിസ്റ്റ് കൊലക്കത്തിക്കിരയായി നമുക്ക് നഷ്ടപ്പെട്ടുപോയ ധീരനായ ഒരു പൊതു പ്രവർത്തകനായിരുന്നു സ്വർഗ്ഗീയ ദുർഗ്ഗാദാസ് ജി. അപാരമായ ധൈര്യവും ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ. തിരുവനന്തപുരം താലൂക്ക് പ്രചാരക് എന്ന രീതിയിൽ പ്രവർത്തിച്ച അദ്ദേഹത്തിന്റെ കയ്യൊപ്പ് അനന്തപുരിയിലെയും സമീപ പ്രദേശങ്ങളിലെയും പ്രവർത്തനങ്ങളിൽ ഇന്നുമുണ്ട്.
അദ്ദേഹവുമായി നേരിട്ട് ഇടപഴകാനും ആ നിദ്ദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കാനുമുള്ള ഭാഗ്യം ലഭിച്ച ഒരാളാണ് ഞാൻ. 1979 ജൂലൈ മാസം ഒരു ദിവസം എന്റെ ശാഖയുടെ ഗുരുപൂജ ഉത്സവം ആയിരുന്നു. എന്റെ താമസസ്ഥലത്തു നിന്നും ഒന്നര കിലോമീറ്റർ മാറിയാണ് ശാഖ. എന്റെ അനുജനെയും കൂട്ടി ശാഖയിൽ എത്തുമ്പോൾ കൃത്യസമയം ആയിരുന്നു. അവിടെ എനിക്ക് പരിചയമില്ലാത്ത ഒരാൾ ഗണവേഷത്തിൽ നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു പരിചയപ്പെടുമ്പോൾ പേര് ദുർഗ്ഗാദാസ് എന്നും അന്നത്തെ തിരുവനന്തപുരം താലൂക്ക് പ്രചാരകാണെന്നും പറഞ്ഞു.
എന്റെ ശാഖയിൽ അന്ന് രണ്ട് മുതിർന്ന കാര്യകർത്താക്കൾ ഉണ്ടായിരുന്നു. തിരുവനന്തപുരം താലൂക്ക് കാര്യവാഹ് മോഹൻകുമാറും അദ്ദേഹത്തിന്റെ അനുജൻ ഉദയകുമാർ ഖണ്ഡ് കാര്യവാഹുമായിരുന്നു. പരിപാടിക്കുശേഷം ദുർഗ്ഗാദാസ് ചേട്ടൻ എല്ലാവരെയും പരിചയപ്പെട്ടു സൗമ്യമായ പെരുമാറ്റം കൊണ്ട് ആരെയും ആകർഷിക്കുന്ന മുഖഭാവം കൊണ്ടും എനിക്ക് അദ്ദേഹത്തെക്കുറിച്ച് വലിയ മതിപ്പ് തോന്നി. നിലമ്പൂർ കോവിലകത്തെ അംഗമാണെന്നും ജനസംഘത്തിന്റെ നേതാവായ ശ്രീ ടി എൻ ഭരതേട്ടന്റെ മകനാണെന്നും ഉദയേട്ടൻ പരിചയപ്പെടുത്തി.
ഈ പരിചയം പിന്നെ എപ്പോഴും കാണുന്ന അവസ്ഥയിലേക്ക് എത്തി. അന്ന് അദ്ദേഹം പോങ്ങുമ്മൂട്ടിന് അടുത്ത് ഒരു വീട്ടിലാണ് താമസിച്ചിരുന്നത് അക്കാലത്ത് ഞാൻ പ്രീഡിഗ്രിക്ക് ചെമ്പഴന്തി എസ് എൻ കോളേജിൽ പഠിക്കുകയായിരുന്നു. എല്ലാ ബുധനാഴ്ചയും ഉച്ചയ്‌ക്കുള്ള ഒഴിവ് സമയത്ത് ദുർഗ്ഗാദാസ് ചേട്ടൻ കോളേജിൽ എത്തും കോളേജിലെ വിദ്യാർത്ഥി ശാഖയിൽ പങ്കെടുക്കും. 30 ഓളം പേർ അന്ന് ശാഖയിൽ വരുമായിരുന്നു.
കേരളത്തിലെ കോളേജുകളിൽ എസ് എഫ് ഐ അക്രമരാഷ്‌ട്രീയം അഴിച്ചു വിട്ട കാലമായിരുന്നു അത്. അതിന്റെ ഭാഗമായി ചെമ്പഴന്തി എസ് എൻ കോളേജിലും എസ് എഫ് ഐ അവരുടെ ഫാസിസ്റ്റുനയം തുടർന്നിരുന്നു.എസ്എഫ്ഐയുടെ ഒരു നേതാവും കോളേജിൽ അവർക്ക് വേണ്ടി തല്ലുണ്ടാക്കുന്ന ആളുമായിരുന്ന ഒരാൾ പിന്നീട് എസ്എഫ്ഐയുമായി തെറ്റിപ്പിരിഞ്ഞു വന്നപ്പോൾകോളേജിലെ ഒരു സംഘർഷവുമായി ബന്ധപ്പെട്ട് ഉണ്ടായ ഒരു സംഭവം എന്നോട് പറഞ്ഞു. കുറച്ചുനാളുകൾക്ക് മുമ്പ് നിങ്ങളുടെ ഒരു പ്രചാരകനെ പരിചയപ്പെട്ടു. ദുർഗ്ഗാദാസ് എന്നാണ് പേര്. ഇതിനെപ്പറ്റി ദുർഗ്ഗാദാസ് ചേട്ടൻ എന്നോടൊന്നും പറഞ്ഞിരുന്നില്ല. പിന്നീട് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് അറിയുന്നത്, ഈ എസ് എഫ് ഐക്കാരന്റെ പിന്നാലെ ബസിൽ കയറി , ബസ്സിൽ നിന്ന് ഇറങ്ങിയഅയാളോടൊപ്പം നടന്നു അയാളുടെ വീടിനടുത്ത് പോയി അവിടെവച്ച് സംസാരിച്ചു. ഇനി മേലിൽ കോളേജിൽ ഒരു സംഘർഷവും ഉണ്ടാകാൻ പാടില്ലെന്നും അങ്ങനെ ഉണ്ടായാൽ അതിന്റെ ഉത്തരവാദി താനാണെന്ന് പറയുകയും ചെയ്തു. പേടിച്ച അയാൾ പിന്നെ കോളേജിൽ യാതൊരു സംഘർഷവും ഉണ്ടാക്കിയിട്ടില്ല
പിറ്റേ വർഷം ദുർഗ്ഗാദാസ് ചേട്ടൻ ഇന്നത്തെ ഇന്നത്തെ പുനലൂർ സംഘജില്ല ഉൾപ്പെടുന്ന കിളിമാനൂർ താലൂക്കിലേക്ക് മാറിപ്പോയി. അവിടെയായിരുന്നു നിലമേൽ എൻ എസ് എസ് കോളേജ്. ആ കോളജിൽ എസ് എഫ് ഐയുടെ തേർവാഴ്ച ആയിരുന്നു. മറ്റൊരാളെയും പ്രവർത്തിക്കാൻ അനുവദിക്കില്ല എന്നതായിരുന്നു അവരുടെ നയം. എന്നാൽ അങ്ങിനെ എസ് എഫ് ഐയുടെ അക്രമത്തിനു മുന്നിൽ നട്ടെല്ല് വളച്ചു കൊടുക്കാൻ ധീര ദേശാഭിമാനികളായ ചില വിദ്യാർഥികൾ കൂട്ടാക്കിയില്ല. അവർ എ ബി വി പി പ്രവർത്തനവുമായി മുന്നോട്ട് പോയി.
എസ് എഫ് ഐക്കാർ എ ബി വിപിക്കാരെ ആക്രമിക്കാൻ തുടങ്ങി. ഒരുദിവസം എ ബി വി പി ക്കാരെ എസ് എഫ് ഐ ക്കാർ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ദുർഗ്ഗാദാസ് ജി നിലമേൽ എൻ എസ് എസ് കോളേജിൽ എത്തുന്നത്. അന്ന് 1981 ജൂലൈ 20 .കോളേജിന്റെ അകത്തും പുറത്തും വിദ്യാർഥികൾ അല്ലാത്ത സിപിഎം – സി ഐ ടി യു ഗുണ്ടകൾ ആയുധധാരികളായി നിലയുറപ്പിച്ചിട്ടുണ്ട്. എ ബി വിപി ക്കാരെ ഒരാളെയും കോളേജിലോ പരിസരത്തോ പ്രവേശിപ്പിക്കില്ല എന്നാണ് അവരുടെ നിലപാട് . ഭയപ്പെടുത്താൻ വേണ്ടി ആയുധ ശേഖരം തന്നെ അവർ കൊണ്ടുവന്നിട്ടുമുണ്ട്. എന്നാൽ ധീരനായ ദുർഗ്ഗാദാസ് ജി ഭയന്നില്ല. അദ്ദേഹം കോളേജിനുള്ളിൽ നിർഭയനായി കടന്നു ചെന്നു പ്രിന്സിപ്പലിനോട് സംസാരിച്ചു. അത് കഴിഞ്ഞു പുറത്തിറങ്ങി സധൈര്യം നടന്നു. പ്രിൻസിപ്പാളിന്റെ മുറിയിൽ നിന്ന് പുറത്തേക്ക് വന്ന അദ്ദേഹത്തെ എസ് എഫ് ഐക്കാർ വളഞ്ഞു. അവിടെ നിർമ്മാണത്തിനായി കൊണ്ടു വച്ചിരുന്ന ഇഷ്ടിക കൊണ്ട് എസ്എഫ്ഐക്കാർ ദുർഗാദാസിനെ തുരുതുരെ എറിഞ്ഞു.ചക്രവ്യൂഹം ഭേദിച്ച അഭിമന്യുവിനെപ്പോലെ ദുർഗ്ഗാദാസ്ജി അതിനെ പ്രതിരോധിച്ചു. ഒടുവിൽ ചുറ്റും നിന്നുള്ള ആ കനത്ത ഏറെറ്റ് അദ്ദേഹം വീണു. അവിടെ ഉണ്ടായിരുന്ന ഓവ് ചാലിൽ തട്ടി നിലത്ത് വീണു കിടന്ന അദ്ദേഹത്തെ മാരകായുധങ്ങളുമായി എസ് എഫ് ഐക്കാർ ആക്രമിച്ചു. ആ നരാധമന്മാർ അദ്ദേഹത്തെ വെട്ടി നുറുക്കി. കഴുത്തിന് ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായി പറയുന്നത്.

നിലമേൽ എൻഎസ്എസ് കോളേജിന്റെ നടുമുറ്റത്ത് പടർന്നു പന്തലിച്ചു തണൽ വിരിച്ചു നിന്ന നെല്ലിമരച്ചോട്ടിലാണ് അദ്ദേഹം മരിച്ചു വീണത്. ഈ അരുംകൊലക്ക് സാക്ഷിയായ നെല്ലിമരത്തെയും എസ്എഫ്ഐക്കാർ വെറുതെ വിട്ടില്ല. അവർ അതിനെയും നശിപ്പിച്ചു. എന്നാൽ എസ് എഫ് ഐ യുടെ ഗുണ്ടായിസത്തെ നേരിട്ട് കൊണ്ട് പുതിയ തലമുറ വച്ചു പിടിപ്പിച്ച നെല്ലിമരം ഇപ്പോൾ അവിടെ കാണാം. കുറച്ചുനാൾ മുമ്പ് ദുർഗ്ഗാദാസ് ജി യുടെ ജ്യേഷ്ഠൻ രമേശ് ജി ഇവിടെ സന്ദർശിക്കാൻ എത്തിയിരുന്നു. അദ്ദേഹത്തെ നിലമേൽ എൻ എസ് എസ് കോളേജിൽ കൊണ്ടുപോയി ദുർഗ്ഗാ ദാസ് ജി മരിച്ചു കിടന്ന സ്ഥലം കാണിക്കേണ്ട ചുമതല എനിക്കായിരുന്നു. ഞങ്ങൾ കോളേജിൽ പോയി പ്രിൻസിപ്പൽ ജീവനക്കാർ എന്നിവരുമായി സംസാരിച്ചു. സംഭവത്തിന് ദൃക്സാക്ഷിയായ ഒരു ഓഫീസ് ജീവനക്കാരനെ കണ്ടു. എസ്എഫ്ഐക്കാരുടെയും പിന്നീട് സിപിഎമ്മിന്റെയും ഭീഷണി കാരണം ശരിയായ രീതിയിൽ സാക്ഷി പറയാൻ കഴിഞ്ഞില്ലെന്ന വിവരം അദ്ദേഹം പങ്കുവച്ചു. അന്ന് കോളേജിൽ ഉണ്ടായിരുന്ന മോഹൻദാസ് ഉൾപ്പെടെയുള്ളവരെ കണ്ട് കാര്യം സംസാരിച്ചു. അക്കാലത്ത് നമ്മുടെ പ്രവർത്തകർ ശക്തിയായി തിരിച്ചടിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുതിർന്ന കാര്യ കർത്താക്കൾ അവരെ കാര്യങ്ങൾ പറഞ്ഞു സമാധാനിപ്പിച്ചു. ദുർഗ്ഗാദാസ്ജിയുടെ അച്ഛൻ ഏതെങ്കിലും തരത്തിലുള്ള തിരിച്ചടികൾക്ക് എതിരാണെന്നു പറഞ്ഞപ്പോൾ പ്രവർത്തകർ ദുഃഖം കടിച്ചമർത്തുകയായിരുന്നു
ഇന്നു കഴക്കൂട്ടം തിരുവനന്തപുരം മഹാനഗരത്തിന്റെ ഭാഗമാണ്. കഴക്കൂട്ടം പള്ളിപ്പുറം പോലെയുള്ള സ്ഥലങ്ങളിലെ വീടുകളിൽ സംഘകാര്യ കർത്താക്കൾ ചെല്ലുമ്പോൾ മുതിർന്ന ആളുകൾ ആദ്യം പറയുന്നത് ദുർഗ്ഗാദാസുമായുള്ള ബന്ധത്തെക്കുറിച്ചാണ്. അമ്മമാർ ഇന്നും ആ മകനെ അനുസ്മരിക്കുന്നു. ആ സ്നേഹത്തിനു മുന്നിൽ നമ്രശിരസ്കരായി നിൽക്കാൻ മാത്രമേ നമുക്ക് കഴിയൂ.
തിരുവനന്തപുരം താലൂക്കിൽ സംഘപ്രവർത്തനത്തിന്റെ ദൃഢമായ അടിത്തറ കെട്ടിയെടുക്കുന്നതിൽ ദുർഗ്ഗാദാസ്ജിയുടെ പ്രവർത്തനം അതുല്യമാണ്. സ്നേഹപൂർണ്ണമായ പെരുമാറ്റം ശാന്തമായ ഭാവം ലളിത ജീവിതം ഇവയെല്ലാം കൊണ്ട് അദ്ദേഹം എല്ലാവരെയും ആകർഷിച്ചു എല്ലാവർക്കും ദുർഗ്ഗാദാസ് മാതൃകയായി, അകാലത്തിൽ പൊലിഞ്ഞ ആ യുവ തേജസ്വിയുടെ സ്മരണകൾ ഇന്നും അവിടെ ജ്വലിച്ചു നിൽക്കുന്നു.
രാഷ്‌ട്ര സേവനത്തിനായി കൊട്ടാരം വിട്ട് കുടിലിലേക്കു ഇറങ്ങിയ ആ കർമയോഗിയുടെ ധീരസ്മരണ പുതിയ തലമുറയ്‌ക്ക് ആശയും ആവേശവുമാണ്. അദ്ദേഹത്തിനു മുന്നിൽ പ്രണാമമർപ്പിക്കുന്നു.
എഴുതിയത്
പി വി ശ്രീകലേശൻ..
രാഷ്‌ട്രീയ സ്വയംസേവക സംഘം തിരുവനന്തപുരം വിഭാഗ് വ്യവസ്ഥാ പ്രമുഖ് ആണ്.ഗവൺമെന്റ് എൽ പി സ്കൂൾ പ്രധാന അധ്യാപകനായി റിട്ടയർ ചെയ്തു. എൻ ടി യുവിന്റെ സംസ്ഥാന ഉപാധ്യക്ഷൻ ആയിരുന്നു.
















Comments