എറണാകുളം: രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3യുടെ നിർമ്മാണത്തിന് ആവശ്യമായ ഗാസ്‌കറ്റുകൾ നിർമ്മിച്ച് നൽകിയത് ആലുവയിലെ വ്യവസായ യൂണിറ്റ്. എരുമത്തല ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ഇലാസ്റ്റൊമേഴ്‌സാണ് സ്വപ്ന പദ്ധതിയുടെ ഭാഗമായത്. ചന്ദ്രയാൻ-3യുടെ നിർമ്മാണ ഘട്ടത്തിൽ ആവശ്യമായ പല ഉപകരണങ്ങളും നിർമിച്ച് നൽകുന്നതിൽ ഈ സ്ഥാപനം പങ്കുവഹിച്ചു.
ലോഞ്ചിംഗ് വെഹിക്കിളിൽ ഉപയോഗിക്കുന്ന സീലിംഗ് ഗാസ്‌കറ്റ്, സിലിക്കോൺ ഓറിംഗ്, വൈറ്റോൺ ഓറിംഗ്, റബർ കോമ്പൗണ്ട്‌സ്, ഡസ്റ്റ് കവർ, പ്രൊട്ടക്ടീവ് കവർ എന്നിവയാണ് ഇവിടെ നിർമ്മിച്ചു നൽകിയത്. 2005-മുതൽ വിഎസ്എസ്സിയിൽ നിന്നുള്ള പല കരാറുകളും സ്ഥാപനം ഏറ്റെടുത്തു ചെയ്ത് നൽകുന്നുണ്ട്.
നിർമ്മാണ ഘട്ടത്തിൽ എന്തെങ്കിലും തരത്തിലുള്ള ചെറിയ പിഴവ് സംഭവിച്ചാൽ ഇത് വിക്ഷേപണത്തെ ബാധിക്കുമെന്നതിനാൽ തന്നെ വളരെ സൂക്ഷ്മതയോടെയാണ് ഓരോ ഉപസാമഗ്രികളും നിർമ്മിക്കുന്നത്. ഇക്കാരണത്താൽ തന്നെ ഉത്പന്നങ്ങളുടെ നിർമ്മാണ ഘട്ടത്തിൽ എല്ലായ്‌പ്പോഴും വിഎസ്എസ്സി എൻഞ്ചിനീയർ സദാസമയവും വർക്ക്‌ഷോപ്പിൽ ഉണ്ടായിരുന്നു. ടെക്‌നോളജിയും മേൽനോട്ടവും വഹിച്ചത് വിഎസ്എസ്സി ആയിരുന്നു. 300 ഡിഗ്രി ചൂട് താങ്ങാൻ സാധിക്കുന്ന സിന്തറ്റിക്ക് റബറാണ് നിർമ്മാണത്തിനായി ഉപയോഗിച്ചത്. യുഎസിൽ നിന്നായിരുന്നു ഇത്തരം റബർ ഇറക്കുമതി ചെയ്തതെന്നും സ്ഥാപനത്തിന്റെ സിഇഒ പറഞ്ഞു.
Comments