കണ്ണൂർ; പത്തുവയസുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവതിക്ക് 30 വർഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ചു.വഴിക്കടവ് മുണ്ട പുളിയക്കോട് വീട്ടിൽ മഞ്ജു എന്ന ബിനിതയെയാണ് (36) മഞ്ചേരി സ്‌പെഷൽ പോക്‌സോ കോടതി ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധിക തടവ് അനുഭവിക്കണം. 2013-ലാണ് കേസിനാസ്പദമായ സംഭവം.
യുവതിയുടെ വീട്ടിലേക്ക് കളിക്കാൻ വന്ന ബാലികയെ വീട്ടിൽവച്ച് പലതവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. വഴിക്കടവ് സബ് ഇൻസ്‌പെക്ടർ ആയിരുന്ന മനോജ് പറയട്ട രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത് വഴിക്കടവ് പൊലീസ് ഇൻസ്‌പെക്ടറായിരുന്ന പി. അബ്ദുൽ ബഷീറായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ ഹാജറായി. പ്രോസിക്യൂഷൻ ലൈസൺ വിങ്ങിലെ അസി. സബ് ഇൻസ്‌പെക്ടർമാരായ എൻ. സൽമ, പി. ഷാജിമോൾ എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.
Comments