പതിവുപോലെ പുലർച്ചെ 3 മണിക്ക് ഉണർന്ന് സാധനകൾ പൂർത്തിയാക്കി വണ്ടി കാത്ത് 5.45-ന് താഴെ എത്തി. 6 മണിക്ക് വണ്ടി വരാമെന്നാണ് പറഞ്ഞിരിക്കുന്നത്. രാത്രി രണ്ടു മണി മുതൽ കോൺവോയ് പോകുന്നതിന്റെ കാഴ്ച ഇനിയും അവസാനിച്ചിട്ടില്ല. ടവേര എത്തിയതോടെ ബാഗുകളെല്ലാം വാഹനത്തിന്റെ മുകളിൽ ലോഡ് ചെയ്ത് പ്ലാസ്റ്റിക്കിട്ട് മൂടിക്കെട്ടി പ്രാർത്ഥനയോടെ യാത്ര ആരംഭിച്ചു. ജാം എല്ലാവർക്കും ഇഷ്ടമാണെങ്കിലും ആരും ഇഷ്ടപ്പെടാത്ത ട്രാഫിക്ക് ജാമിലേക്കാണ് ഞങ്ങൾ എത്തിയത്. ഏതാനും സമയം കഴിഞ്ഞ് ഞങ്ങളും മുമ്പോട്ടു നീങ്ങി. റാേഡ് ഏതാണ്ട് ക്ലിയർ ആയതോടെ ഞങ്ങൾ നല്ല ആ റോഡിലൂടെ ശ്രീനഗർ ലക്ഷ്യമാക്കി കുതിച്ചു തുടങ്ങി. വഴിയോരങ്ങളിലെല്ലാം കിലോമീറ്ററുകൾ നീളുന്ന ട്രക്കുകളുടെ നീണ്ട നിരയാണ്. പ്രകൃതിദുരന്തത്തിൽ റമ്പാനിലെ പാലം തകർന്നതു കാരണം രണ്ടു മൂന്ന് ദിവസമായി പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ ജീവിതമോർത്ത് എനിക്ക് വലിയ വ്യാകുലത തോന്നി. ഏറെ വൈകാതെ പ്രഭാത ഭക്ഷണത്തിനായി ഒരു ധാബയ്‌ക്കു മുന്നിൽ വാഹനം നിർത്തി. പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കേണ്ടവർക്ക് അതിനുള്ള സൗകര്യമുണ്ട്. അതും കഴിഞ്ഞ് ഭക്ഷണവും (മിക്സഡ് വെജിറ്റബിൾ പൊറോട്ടയും – ഗോതമ്പുമാവു കുഴച്ച് പരത്തി അരിഞ്ഞ പച്ചക്കറികൾ നിരത്തി ചുരുട്ടി വീണ്ടും ചുട്ടെടുക്കുന്നതാണ് ഈ പൊറോട്ട – ഒപ്പം തൈരും) കഴിച്ച് ഞങ്ങൾ യാത്ര തുടർന്നു.
വനമേഖലയിലൂടെയാണ് കടന്നു പോകുന്നത്. കേരളത്തിൽ കാണും പോലെ കൊടും വനമല്ല. ആറുമാസക്കാലം മഞ്ഞുമൂടിക്കിടക്കുന്നതിനാലാകാം വന്മരങ്ങൾ ഒന്നും കാണുകയുണ്ടായില്ല. താവിനദി കുതിച്ചൊഴുകുന്നതു കണ്ടു. (ജമ്മു താവി എക്സ്പ്രസ് എന്ന് നാം കേൾക്കുമ്പോൾ ഈ നദിയാണ് പരാമർശിക്കപ്പെടുന്നതെന്ന് നാം ഓർക്കാറില്ല.) ഇടയ്‌ക്ക് പലയിടത്തും വാഹന പരിശോധനയുണ്ട്. ഒന്നാം തരം റോഡുകളാണ്. എന്നാൽ പലയിടത്തും ബ്ലോക്കിൽപ്പെടുകയുണ്ടായി. ചില ടോൾ പ്ലാസകളിലും ധാരാളം സമയം കിടക്കേണ്ടി വന്നതിനാൽ യാത്ര അനന്തമായി നീളുകയാണ്. പക്ഷേ ഇരുവശങ്ങളിലും പ്രകൃതി ഒരുക്കി വച്ചിരിക്കുന്ന മായക്കാഴ്ചകളിൽ മനം മയങ്ങിയിരിക്കുമ്പോൾ സമയം പോകുന്നതറിയില്ല. ചെറുതും വലുതുമായ നിരവധി ടണലുകൾക്കുള്ളിലൂടെ കടന്നു പോകുമ്പോൾ അതിന്റെ പിന്നിലെ മനുഷ്യപ്രയത്നം ഓർത്ത് ഞാൻ അത്ഭുതം കൂറി. ഈ അടുത്ത സമയത്ത് നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി ഉത്ഘാടനം ചെയ്ത 9 കി.മി ദൈർഘ്യമുള്ള ശ്യാമപ്രസാദ് മുഖർജി ടണലാണെന്നു തോന്നുന്നു ഞങ്ങൾ കടന്നു പോയതിലെ ഏറ്റവും നീളം കൂടിയ ടണൽ.
ഞങ്ങളുടെ യാത്ര ചനാബ് നദിയുടെ തീരത്തു കൂടിയാണിപ്പോൾ കടന്നു പോകുന്നത്. തീരം തകർത്ത് കൊണ്ട് കുതിച്ചു പായുന്ന നദിയിലേക്ക് പർവ്വത രാജാക്കന്മാർ നൽകുന്ന സംഭാവനയായി നിരവധി ജലധാരകൾ കാണുകയുണ്ടായി. ഹിമാലയം ചുരത്തുന്ന അമൃത സലിലവും പേറിക്കുതിക്കുന്ന ചനാബ് കഴിഞ്ഞ ദിവസം താഴെ വച്ച് കണ്ടപ്പോൾ ചളി നിറത്തിലായിരുന്നെങ്കിൽ ഇവിടെ പാറപ്പൊടി കലങ്ങിയ നിറത്തിലായിരുന്നു. അതിനു കാരണം ഞങ്ങളുടെ മുമ്പിൽ കാണാനുണ്ട്. നദിയിലേക്ക് ഇടിഞ്ഞു വീണു കിടക്കുന്ന കൽക്കൂമ്പാരങ്ങൾ പലയിടത്തും കാണാം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ തകർത്തെറിഞ്ഞ റോഡിന്റെ പണികൾ തകൃതിയായി നടക്കുകയാണ്. കൂടാതെ ഏതാനും തുരങ്കങ്ങളുടെ പണി നടക്കുന്നതിനാലും ധാരാളം യന്ത്രങ്ങളും ഉപകരണങ്ങളും വഴിയോരങ്ങളിൽ കാണാം. ഒരു JCB തിരിച്ചെടുക്കാനാവാത്ത വിധം തകർന്നു കിടക്കുന്നതു കണ്ടു. കഴിഞ്ഞ ദിവസം തകർന്ന റമ്പാൻ മേഖലയുടെ ഭീകര ദൃശ്യം ഏതാണ്ട് അപ്രത്യക്ഷമായിരിക്കുന്നു. നമ്മുടെ മിലിട്ടറി എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മികവ് അനുഭവിച്ചറിയാൻ ഒരിക്കൽ കൂടി അവസരമുണ്ടായി. [കൈലാസ് മാനസസരോവർ യാത്രയിൽ മുഴുവൻ ഞങ്ങൾക്ക് സ്വീകരണം നൽകി സെക്യൂരിറ്റി നൽകുന്നത് ഐ റ്റി ബി പി (ഇന്തോ ടിബറ്റൻ ബോർഡർ പോലീസ്) യാണ്. മിർത്തി എന്ന ITBP ക്യാമ്പിൽ ഞങ്ങളെ സ്വീകരിച്ചത് രാജാക്കന്മാരെപ്പോലെയാണ്.) ഭാരതത്തിന്റെ അതിർത്തികാക്കുന്ന ഈ ഭടന്മാർക്ക് കേരളീയർ മതിയായ പരിഗണന കൊടുക്കാറില്ല. നമ്മൾ സുരക്ഷിതരായി ഉറങ്ങുമ്പോൾ നമുക്കായി ഉണർന്നിരിക്കുന്ന പട്ടാളക്കാർക്കു മുന്നിൽ ശതകോടി പ്രണാമം അർപ്പിച്ചു കൊണ്ടാണ് ഞാൻ യാത്ര ചെയ്യുന്നത്. യാത്രയുടെ മുഴുവൻ പുണ്യവും ഭാരതാംബയുടെ മാനം കാക്കാൻ പ്രാണൻ നൽകുന്ന സൈനികർക്കായി സമർപ്പിക്കുന്നു.)]
ഞങ്ങളുടെ വാഹനം വളഞ്ഞു തിരിഞ്ഞ റോഡിൽക്കൂടി മുകളിലേക്ക് കയറുമ്പോൾ ചനാബ് നദി ഒരു വെള്ളിയരഞ്ഞാണം പോലെ കാണപ്പെട്ടു. എതിർദിശയിലേക്ക് അധികം വാഹനങ്ങൾ വരാത്തതിനാൽ വാഹനം ഇപ്പോൾ നല്ല വേഗതയിലാണ്.ഞങ്ങൾ കാശ്മീരിലേക്ക് പ്രവേശിക്കുകയായി. കശ്യപമുനിയുടെ പേരിൽ ഭാരതാംബയുടെ രത്നഖചിതമായ കിരീടമായി വിലസിയിരുന്ന കാശ്മീർ വെട്ടി മുറിച്ചു മാറ്റപ്പെട്ടത് ഭാരതം സ്വാതന്ത്ര്യം നേടിയ ശേഷമാണെന്ന നഗ്ന സത്യം നമുക്ക് സൗകര്യപൂർവ്വം മറക്കാം. POK എന്ന പാക്ക് അധിനിവേശ കാശ്മീർ ഉണങ്ങാത്ത മുറിവായി ഇപ്പോഴും നിലനിൽക്കുന്നു.
“കൂരിരുൾ നീങ്ങും പ്രഭാതമാകും
വീണ്ടും ഭാരതമൊന്നാകും” എന്ന ശുഭ പ്രതീക്ഷയുമായി എന്നെപ്പോലെയുള്ളവർ നിരവധിയുണ്ടാകും. ഈ ജന്മത്തു തന്നെ ഇതേ നേത്രങ്ങൾക്കൊണ്ട് അതു കാണാനിടയാകുമെന്നു തന്നെയാണ് പ്രതീക്ഷ.
(അഫ്ഘാനിസ്ഥാൻ എന്ന ഗാന്ധാരദേശവും ഭാരതാംബയുടെ തൃക്കാൽക്കലെ ചിലമ്പായിരുന്ന മനോരമ്യ ലങ്കയും മുറിഞ്ഞുപോയി. ഗാന്ധാരദേശത്തു നിന്നു വന്നവളായതുകൊണ്ടാണ് കൗരവമാതാവ് ഗാന്ധാരി എന്നറിയപ്പെട്ടത്. ഗാന്ധാരിയോടൊപ്പം വന്ന സഹോദരനാണ് ഭാരത യുദ്ധത്തിന് ബീജാവാപം ചെയ്ത കള്ളച്ചൂതിന് ഒത്താശ ചെയ്തത്.) സന്ദർഭവശാൽ ഇക്കാര്യങ്ങൾ ഓർത്തു പോയെന്നു മാത്രം.
ഒരു ധാബയുടെ മുന്നിൽ വണ്ടി നിർത്തി. വലിയ തിരക്കുള്ള അവിടെ നിന്നും ധാലിയും ലസിയും വാങ്ങി. ചോറും പയർ കൊണ്ടുള്ള ഒരു കറിയും കാേളി ഫ്ലവർ കൊണ്ടുള്ള ഒരു കറിയും രണ്ടു തന്തൂരി റൊട്ടിയുമാണ് വിഭവങ്ങൾ. കടയുടെ മുൻഭാഗത്തെ അടുക്കളയിൽ എല്ലാവർക്കും കാണും വിധം തന്തൂരി റൊട്ടിയുണ്ടാക്കുന്നത് കാണാം. ഗോതമ്പുമാവ് കുഴച്ച് ഉരുളകളാക്കി വച്ചത് നിമിഷ നേരം കൊണ്ട് ഒരാൾ ഇരുകൈകളിലുമായി മാറി മാറി പെരുമാറുമ്പോൾ അതു സെക്കൻ്റുകൾ കൊണ്ട് റൊട്ടിയായി രൂപാന്തരപ്പെടുന്നുണ്ടാകും. വായ വട്ടം കുറഞ്ഞ ഒരു കുഴിയിൽ കത്തുന്ന കനലിലേക്ക് ചുരുട്ടി മടക്കി നനച്ച (വട്ടത്തിലുള്ള ഡസ്റ്റർ പോലെ) തുണിയുടെ സഹായത്തോടെ അടുപ്പിന്റെ വശങ്ങളിൽ പതിക്കുന്നു. വെന്ത റൊട്ടി കനലിൽ വീഴുമ്പോൾ നീണ്ട അറ്റം വളഞ്ഞ രണ്ടു കമ്പിൾ കൊണ്ട് വെളിയിലെടുക്കുന്നു. മെഷീൻ പോലെ പ്രവർത്തിക്കുന്ന ഈ മനുഷ്യന്റെ സമീപത്തു നിന്ന് ഒരാൾ ഇത് പാത്രത്തിൽ ശേഖരിച്ച് വിതരണം ചെയ്യുന്ന കാഴ്ച കൗതുകകരമാണ്.
ഭക്ഷണശാലയിലെ തിരക്കിൽ നിന്ന് പുറത്തു കടന്ന് ഞങ്ങൾ വണ്ടിയിൽക്കയറി യാത്ര തുടർന്നു. മുട്ടിയുരുമ്മി വാഹനങ്ങൾ പോവുകയാണ്. ഞങ്ങൾ യാത്ര പുറപ്പെടും മുമ്പ് യാത്ര പൂർത്തിയാക്കിയ എറണാകുളം പറവൂർ നിന്നുള്ള ഗോപകുമാർ ശ്രീനഗറിലുള്ള ഒരു നിയാസിന്റെ നമ്പർ തന്നിരുന്നു. പാലക്കാട്ടുകാരനായ നിയാസിനെ വിളിച്ച് ശ്രീനഗറിലെ താമസം അവിടെ നിന്നും ബാൽതാലിലേക്കുള്ള യാത്ര എന്നിവയ്‌ക്ക് വേണ്ട ക്രമീകരണങ്ങളെപ്പറ്റി സംസാരിച്ചിരുന്നു. ഒരിക്കൽ കൂടി നിയാസിനെ വിളിച്ച് ഓർമ്മിപ്പിച്ചു. ഒരു സഹോദരനെപ്പോലെ “ഏട്ടാ വന്നോളൂ എല്ലാ ക്രമീകരണവും ചെയ്തിട്ടുണ്ട് ” എന്നു പറഞ്ഞു.(എന്റെ ആദ്യ അമർനാഥ് യാത്രയിൽ പഹൽഗാം ബസ് സ്റ്റാൻഡിൽ വച്ച് പരിചയപ്പെട്ട ഒരു വൃദ്ധനായ മുസ്ലിം സഹോദരനാണ് അന്ന് ഞങ്ങളുടെ താമസവും യാത്രയുടെ ക്രമീകരണങ്ങളും ചെയ്തു തന്നത്. വലിയൊരു തുക പ്രതിഫലം ചോദിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. യാതൊരു ബുദ്ധിമുട്ടും കൂടാതെ രണ്ടു ദിവസം കൊണ്ട് പഹൽഗാം വഴി കയറി ബാൽതാൽ വഴി തിരികെ ഇറങ്ങി എത്തുമ്പോൾ ഇന്ന് പേരോർക്കാത്ത ആ വൃദ്ധൻ ഞങ്ങളെ കാത്ത് സ്റ്റേഷനിലുണ്ടായിരുന്നു. ബാൽതാൽ റൂട്ടിൽ അന്ന് പൊടിയഭിഷേകമായിരുന്നു. താമസസ്ഥലത്തെത്തി പൊടി മൂടിയ ഷൂ ഒന്നു വൃത്തിയാക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ ആ വയോവൃദ്ധൻ എന്റെ ഷൂ കയ്യിലെടുക്കാൻ തുടങ്ങി. മഹാപാപം ഉണ്ടാകുമെന്നതിനാൽ ഞാനദ്ദേഹത്തെ തടഞ്ഞു കൊണ്ട് ഷൂവുമെടുത്ത് പിന്നാലെ പോയി. ഒരു ഷൂ പണിക്കാരന്റെയടുത്തെത്തിയിട്ടാണ് ഷൂ വൃത്തിയാക്കിയത്. ഞങ്ങൾ മാർക്കറ്റിലിറങ്ങിയാൽ മുഴുവൻ കടക്കാരും യാത്രാ വിശേഷങ്ങൾ മതഭേദമെന്യേ യാത്രാ വിശേഷങ്ങൾ തിരക്കുമായിരുന്നു. അവിടെ സാധാരണക്കാരന് മതം ഒരു വിഷയമല്ലെന്ന് എനിക്കു തോന്നി. മാത്രമല്ല യഥാർത്ഥ മതേതരത്വമാണ് ഞാനവിടെ കണ്ടത്. തീവ്രവാദികളും ഛിദ്ര ശക്തികളും രാജ്യത്തെ അസ്ഥിരപ്പെടുത്തുവാൻ നടത്തുന്ന പ്രചണ്ഡമായ പ്രചരണത്തിൽ സാധുക്കളായ മതവിശ്വാസികൾ അകപ്പെട്ടു പോവുകയും ബാല്യത്തിൽ നൽകുന്ന ബ്രയ്ൻ വാഷിംഗുമാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്.അന്ന് യാത്രയ്‌ക്കു ശേഷം നിരവധി ഹിന്ദി സിനിമയ്‌ക്ക് പാശ്ചാത്തലമായ മിനി സ്വിറ്റ്സർലൻ്റ് എന്നറിയപ്പെടുന്ന ഒരു സ്ഥലമുണ്ടെന്നറിഞ്ഞു. അവിടേക്ക് പോകാൻ കുതിരയുമായി കൂട്ടു വന്നതും മനോഹരമായ ദാൽ തടാകം കാശ്മീരിലെ കാഴ്ചകൾ എന്നിവ കാണാനും ശ്രീനഗർ എയർപോർട്ടിലേക്ക് പോകാൻ വാഹനം ഏർപ്പെടുത്തിയതുമെല്ലാം മേൽപ്പറഞ്ഞ ആ മനുഷ്യനായിരുന്നു.)
യാത്ര തുടരവെ ഝലം നദി കാണുകയുണ്ടായി. വഴിയുടെ ഇരു വശവും ഏതാണ്ട് 500 മീറ്റർ ഇടവിട്ട് ആയുധധാരികളായ മിലിട്ടറിക്കാർ സൂക്ഷ്മ നിരീക്ഷണം നടത്തിക്കൊണ്ട് കാവൽ നിൽക്കുന്നുണ്ട്. വഴിയോരത്തും ചിലയിടത്ത് വഴിയുടെ നടക്കു തന്നെയും കൂറ്റൻ ചിന്നാർ മരങ്ങൾ (നാലു പേർ പിടിച്ചാൽ പിടിമുറ്റാത്ത) നിൽക്കുന്നതു കാണാം. ഫൈവ്ഫിൻഗേഡ് ഇലകളോട് കൂടിയ ഈ മരം നമ്മുടെ നാട്ടിലെ ആൽമരം പോലെ സംരക്ഷിക്കുന്നു. ഇതിന്റെ ഇലയും തൊലിയുമൊക്കെ മരുന്നായി ഉപയോഗിക്കുന്നുണ്ട്. നിയാസുമായി സംസാരിച്ച് ലൊക്കേഷൻ ചോദിച്ചപ്പോൾ ഫോൺ ഞങ്ങളുടെ സാരഥിയെ ഏൽപ്പിക്കാൻ പറഞ്ഞു. അവർ തമ്മിൽ സംസാരിച്ചതോടെ എത്തിച്ചേരേണ്ട സ്ഥലത്തിന്റെ കാര്യത്തിലെ ആശയക്കുഴപ്പമില്ലാതെയായി.
ഇടയ്‌ക്ക് വാഹനം കൈ കാണിച്ച് നിർത്തിയ ജവാൻ ഡ്രൈവറുമായി സംസാരിച്ചു. ശ്രീനഗറിലേക്ക് പോവുകയാണെന്ന് പറഞ്ഞതോടെ വിട്ടയച്ചു. (അപ്പോഴേക്കും സമയം വൈകിട്ട് 6 മണിയായിരുന്നെങ്കിലും പകൽ സൂര്യൻ കത്തിനില്ക്കുകയാണ്. 3 മണി കഴിഞ്ഞാൽ അമർനാഥ് – ലേക്ക് യാത്രികരെ കടത്തി വിടില്ല. അതിനാണ് സൈനിക പരിശോധന. അമർനാഥിൽ കൊടും തണുപ്പാണെങ്കിലും ശ്രീനഗറിലും ജമ്മുവിലും കൊടും ചൂടാണ്. ആ ചൂടു കാലാവസ്ഥയിൽ യുണിഫോമും തോക്കും തിരയുമായി, ഉരുകുന്ന ശരീരവുമായി, ജോലി ചെയ്യുന്ന പട്ടാളക്കാരെ സമ്മതിക്കണം.) അമർനാഥ് യാത്രികരെ സ്വാഗതം ചെയ്തു കൊണ്ട് സേനാ വിഭാഗങ്ങളുടെയും വിവിധ സംഘടനകളുടെയും ബോർഡുകളാൽ അലംകൃതമാണ് തെരുവോരങ്ങൾ. ചിലയിടത്ത് യാത്രികർക്ക് വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരിക്കുന്നത് കാണാം.
ഞങ്ങളുടെ താമസസ്ഥലത്തേക്ക് തിരിയുന്ന വഴിയുടെ ഓരത്ത് ചെറിയ തോടും ദാൽലേക്കിൽ കാണും പോലെയുള്ള ശിക്കാരവള്ളങ്ങളും കാണുകയുണ്ടായി. വെള്ളക്കുറവു കാരണം പലതും ചെളിയിൽ തറഞ്ഞിരിക്കുന്നു. എന്നാൽ മുന്നോട്ടു പോയപ്പോൾ വെള്ളം കൂടുതലുള്ള ചെറിയൊരു ലേക്കും നിരവധി ശിക്കാരവള്ളങ്ങളും ദൃശ്യമായി. ദാൽ ലേക്ക് ഇതാണോ എന്ന് സഹയാത്രികർ ചിലർ ചോദിച്ചതിന് അല്ല എന്നു മറുപടി പറഞ്ഞു.
മലയാളം നന്നായി അറിയാവുന്ന നിയാസ് എന്ന കുറിയ ഇരുണ്ട നിറമുള്ള ഭംഗിയുള്ള താടിയും മുടിയുമുള്ള സൗമ്യനുമായ ചെറുപ്പക്കാരൻ ഞങ്ങളെക്കാത്ത് നില്പുണ്ടായിരുന്നു. പലകയും ഇരുമ്പുതകിടും കൊണ്ട് നിർമ്മിച്ച വേലിയും ഗേറ്റുമുള്ള തന്റെ ഹോംസ് സ്റ്റേയിലേക്ക് ഞങ്ങളെ സ്വാഗതം ചെയ്തു. രണ്ടു മുറികൾ കാട്ടിത്തന്നു. ഒരു മുറി ഞങ്ങൾ 6 പേർ പങ്കിടാനും ഞങ്ങളുടെ വനിതാ സഹയാത്രികക്കായി മറ്റൊരു മുറി നൽകാനും പറഞ്ഞു. മുകളിൽ പണി നടക്കുന്നതിനാൽ മറ്റു മുറികൾ ഒഴിവില്ലെന്നും അതല്ലെങ്കിൽ വെളിയിൽ റൂം എടുത്തു തരാമെന്നും പറഞ്ഞു. ഞാനും ബാലൻ ചേട്ടനും വെളിയിൽ (തൊട്ടടുത്ത റിയാൻറിസോർട്ടിലേക്ക് മാറി. അവിടെ 200 രൂപ കൂടുതൽ കൊടുക്കേണ്ടി വരുമെന്ന് പറഞ്ഞു. നിയാസിന്റെ ഹോംസ്റ്റേയിൽ മുറിയൊന്നിന് 1200 രൂപയാണ്.)
ഭക്ഷണം അവിടെ നിന്നും ലഭിക്കുമെന്ന് പറഞ്ഞു. വൈകിട്ട് ചായയും ബ്രഡും ചോറും മറ്റും നിയാസ് അവർക്കു കൊടുത്തു. ഞാനും ബാലൻ ചേട്ടനും ഡ്രൈ ഫ്രൂട്ട്സ് കഴിച്ചു. ഭക്ഷണമോ വേണോ എന്തെങ്കിലും അസൗകര്യമുണ്ടാേ എന്നെല്ലാം അന്വേഷിച്ച് ഞങ്ങളുടെ താമസസ്ഥലത്തിന്റെ ആളായ അജാസ് എത്തി. ഇവരെല്ലാം മര്യാദയോടെയുള്ള പെരുമാറ്റം കൊണ്ട് അതിഥികളുടെ മനം കവരുന്നവരാണ്.
നാളെ അമർനാഥ് ദർശനം സാദ്ധ്യമാകുമെന്ന പ്രതീക്ഷയോടെ, 12 മണിക്കൂർ നീണ്ട യാത്ര കഴിഞ്ഞ ഞങ്ങൾ നിദ്രയുടെ കരകാണാക്കയത്തിലേക്കമർന്നു.
തുടരും…….
യോഗാചാര്യ ശിവചരൺ കൃപാപാത്രി ഡോ.സജീവ് പഞ്ച കൈലാസി.
കൈലാസ് മാനസരോവർ, ആദി കൈലാസ്, കിന്നർ കൈലാസ്, ശ്രീ ഖണ്ഡ് കൈലാസ്, മണി മഹേഷ് കൈലാസ് തുടങ്ങിയ അഞ്ചുകൈലാസങ്ങളിലും ദർശനം നടത്തിയിട്ടുണ്ട്.
ആരോഗ്യ ഭാരതി സംസ്ഥാന കാര്യദർശി.
പൈതൃക് സംസ്ഥാന ഉപാദ്ധ്യക്ഷൻ വൈദ്യ മഹാസഭ സംസ്ഥാന ചെയർമാൻ.
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്.
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്സ് അസോസിയേഷൻ (GICSNA – ജിക്ഷ്ണ) നാഷണൽ കമ്മിറ്റി സെക്രട്ടറി.
ഫോൺ : 9961609128
യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ അമർനാഥ് യാത്രാ വിവരണം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/shri-amarnath-cave-temple/
















Comments