തൃശൂർ: പോലീസ് ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ രണ്ടിടങ്ങളിൽ നിന്നായി കഞ്ചാവ് പിടിച്ചെടുത്തു. ചാവക്കാട് കടപ്പുറം കള്ളാമ്പിപ്പടിയിലുള്ള ബീച്ച് ഹൗസ് സ്ഥാപനത്തിലെ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നിന്നുമാണ് ആദ്യം കഞ്ചാവ് പിടിച്ചെടുത്തത്. 200 ഗ്രാം കഞ്ചാവുമായി കടപ്പുറം വെളിച്ചെണ്ണപ്പടി ഹാജ്യാരകത്ത് വീട്ടിൽ മുഹ്‌സിൻ, തിരുവത്ര മന്ത്രംകോട്ട് വീട്ടിൽ ജിത്ത്, പാവറട്ടി മരുതയൂർ കൊച്ചാത്തിരി വീട്ടിൽ വൈശാഖ് എന്നിവരാണ് പിടിയിലായത്.
ഡോഗ് സ്‌ക്വാഡിലെ ലാറ എന്ന നായയുടെ സഹായത്തോടെയാണ് പോലീസ് കഞ്ചാവ് കണ്ടെത്തിയത്. ഇതോടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് ലാറ. കൂടുതൽ കേസുകളിൽ ലാറയ്‌ക്ക് ഇത്തരത്തിൽ സഹായിക്കാൻ സാധിക്കുമെന്നാണ് പോലീസ് നിഗമനം.
തൊട്ടാപ്പിലുള്ള പഞ്ചട്ടി എന്നയാളാണ് കഞ്ചാവിന്റെ പ്രധാന വിതരണക്കാരനെന്ന് പിടിയിലായവരെ ചോദ്യംചെയ്തതിൽ നിന്നും മനസിലാക്കി. തുടർന്ന് ഇയാൾ വാടകയ്‌ക്ക് താമസിക്കുന്ന വീട്ടിൽ ലാറയുമായെത്തി നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും കഞ്ചാവ് കണ്ടെടുത്തി. വിൽപ്പനക്കായി വെച്ചിരിക്കുന്ന 50 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ജില്ലയിൽ നടത്തിയ വ്യാപക തിരച്ചിലിനെ തുടർന്നായിരുന്നു കഞ്ചാവ് പിടികൂടിയത്. സബ് ഇൻസ്പെക്ടർമാരായ സെസിൽ രാജ്, ബിജു പട്ടാമ്പി, എഎസ്‌ഐ ശ്രീജി, ലത്തീഫ്, സിവിൽ പൊലീസ് ഒഫീസർമാരായ ഹംദ്, സന്ദീപ്, പ്രസീദ, സജീഷ്, അനസ്, വിനീത്, ഡോഗ് ഹാന്റ്ലർ അനൂപ്, പൊലീസ് ഡോഗ് ലാറ എന്നിവരായിരുന്നു അന്വേഷണത്തിന്റെ പ്രധാനഘട്ടത്തിൽ ഉണ്ടായിരുന്നത്.
















Comments