എറണാകുളം: ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഇന്ന് അവതരിപ്പിക്കാനിരുന്ന പ്രമേയം ഹൈക്കോടതി തടഞ്ഞു. സിപിഎം പ്രമേയം പിൻവലിക്കാൻ നിർദ്ദേശിച്ച കോടതി ഇത്തരം പ്രമേയങ്ങൾ മുൻസിപ്പൽ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി.
സിപിഎം അംഗങ്ങളാണ് പ്രമേയം കോഴിക്കോട് കോർപ്പറേഷനിലെ കൗൺസിൽ യോഗത്തിൽ ഉൾപ്പെടുത്തിയത്. കോർപ്പറേഷന്റെ പുറത്തുളള കാര്യമാണ് പ്രമേയമെന്നും കേരള മുൻസിപ്പാലിറ്റി ചട്ടങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി പ്രമേയാവതരണത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് മേയർക്കും സെക്രട്ടറിക്കും ബിജെപി കൗൺസിലർ നോട്ടീസ് നൽകിയിരുന്നു. സിപിഎം ഭരിക്കുന്ന കോർപ്പറേഷൻ അവതരണാനുമതി നിഷേധിച്ചില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇന്ന് വൈകിട്ട് മൂന്നിനുളള കൗൺസിൽ യോഗത്തിൽ യോഗത്തിലെ 137-ാം അജണ്ടയാണ് കോടതി തടഞ്ഞത്. കേരള മുൻസിപ്പാലിറ്റി മീറ്റിംഗ് റൂൾ 18ലെ ഉപചട്ടം നാല് പ്രകാരം പ്രമേയം അവതരിപ്പിക്കുന്നത് തടയണമെന്നാണ് ഹർജിക്കാരി ആവശ്യപ്പെട്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണപരമായ കാര്യങ്ങൾ മാത്രമേ കൗൺസിൽ യോഗങ്ങളിൽ പ്രമേയമായി അവതരിപ്പിക്കാൻ സാധിക്കുവെന്ന വാദമാണ് കോടതി ശരിവച്ചത്.
കേന്ദ്രസർക്കാരിന്റെ നിയമങ്ങൾക്കെതിരെ പ്രമേയങ്ങൾ പാസാക്കാൻ കോർപ്പറേഷൻ കൗൺസിലിന് ഭരണഘടന പ്രകാരം യോഗ്യതയില്ലെന്നും ഭരണഘടനവിഷയങ്ങളിൽ എതിർപ്രമേയങ്ങൾ കൊണ്ടുവരുന്നത് ചട്ടലംഘനമാണെന്നും ബിജെപി കൗൺസിലർ ചൂണ്ടിക്കാട്ടി.
കോഴിക്കോട് കോർപ്പറേഷനിലെ എടക്കാട് ഡിവിഷൻ സിപിഎം കൗൺസിലർ ടി.മുരളീധരനാണ് പ്രമേയം അവതരിപ്പിക്കാൻ നോട്ടീസ് നൽകിയത്. 2022 ൽ നീതി ആയോഗിനെതിരെ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പ്രമേയമവതരിപ്പിക്കാനുളള സിപിഎം നീക്കവും ഹൈക്കോടതി ഇടപ്പെട്ട് തടഞ്ഞിരുന്നു.
Comments