ചെന്നൈ: തമിഴ് സിനിമകളിൽ ഇനി തമിഴ്‌നാട്ടുകാരായ അഭിനേതാക്കളെ മാത്രം സഹകരിപ്പിച്ചാൽ മതിയെന്ന് നിർമ്മാതാക്കൾക്ക് ചലച്ചിത്ര സംഘടനയുടെ മുന്നറിയിപ്പ്. തമിഴ് സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌സിയാണ് (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ) നിർമ്മാതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിർദ്ദേശം ലംഘിച്ചാൽ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടനാ നേതൃത്വം അറിയിച്ചു.
തമിഴ് സിനിമകൾ ചിത്രീകരണം സംസ്ഥാനത്ത് തന്നെ നടത്തണമെന്നാണ് സംഘടന നിർമ്മാതാക്കൾക്ക് നൽകിയിരിക്കുന്ന മറ്റൊരു നിർദ്ദേശം. കൂടാതെ നിരവധി പുതിയ നിബന്ധനകളും സംഘടന മുന്നോട്ടുവെക്കുന്നുണ്ട്. സംവിധായകൻ തന്നെ തിരക്കഥ രചിക്കുകയാണെങ്കിൽ കഥയുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടായാൽ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണം. സിനിമയുടെ ചിത്രീകരണം നിശ്ചയിച്ച സമയത്തിന് മുൻപോ ശേഷമോ പൂർത്തീകരിച്ചാൽ അതിന്റെ കാരണം നിർമ്മാതാവ് സംഘടനയെ അറിയിക്കണമെന്നും സംഘടന നിർദ്ദേശിക്കുന്നു.
സംഘടനയുടെ തീരുമാനത്തിനെതിരെ വൻ പ്രതിഷേധമാണ് ആരാധകരുടെയും സിനിമാ പ്രവർത്തകരുടെയും ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. തമിഴ് സിനിമകളിൽ നിന്നും ഇതരഭാഷ അഭിനേതാക്കളെ ഒഴിവാക്കാൻ സാധിക്കില്ലെന്നാണ് ആരാധകരുടെ പക്ഷം. ഇത്തരത്തിൽ മുന്നോട്ടുപോയാൽ മറ്റു സംസ്ഥാനങ്ങളിൽ തമിഴ് സിനിമകൾ പ്രദർശിപ്പിക്കാൻ കഴിയാത്ത സാഹചര്യം വരെ ഉണ്ടാകാമെന്നാണ് ആരാധകർ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെക്കുന്ന ആശങ്ക.
Comments