തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാദ്ധ്യത. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ്് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോട് വരെ) ഇന്ന് രാത്രി 11.30 വരെ ഉയർന്ന കടലാക്രമണത്തിനും തിരമാലയ്‌ക്കും സാദ്ധ്യതയുണ്ട്. 3 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനുമാണ് സാദ്ധ്യതയുള്ളതെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണമെന്നും നിർദ്ദേശമുണ്ട്. തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.5 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും ശക്തമായ കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി.
എന്നാൽ മഹാരാഷ്‌ട്രയിൽ ശക്തമായ മഴ തുടർന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ താനെ, റായ്ഗഡ്, പൂനെ, പാൽഘർ എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതിന് പുറമേ മുംബൈ, രത്‌നഗിരി, സത്താറ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments