എൺപതുകളിൽ തെന്നിന്ത്യൻ സിനിമ ചുവടുവെച്ച് കയറി വന്നിരുന്ന കാലത്ത് സിനിമയിൽ തിളങ്ങി നിന്ന ഒരു കൂട്ടം നായികമാരുടെയും നായകന്മാരുടെയും ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ചിത്രത്തിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തിത്വങ്ങളത്രയും ദക്ഷിണേന്ത്യൻ സിനിമയിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച താരങ്ങളാണ്. വെള്ളിത്തിരയിലെ ചടുലമായ അഭിനയത്തിനപ്പുറവും കരിയറിലെ മത്സരത്തിന് ഉപരിയും ജീവിതത്തിൽ സൗഹൃദത്തിന് പ്രാധാന്യം നൽകുന്നവരാണ് ഇവർ. ഇതിനാൽ തന്നെ അവർ ആരംഭിച്ച കൂട്ടായ്മയാണ് എയ്റ്റീസ് ക്ലബ് അഥവാ എവർഗ്രീൻ ക്ലബ് 80.
ക്ലബ്ബിൽ അംഗമായവർ എല്ലാം തന്നെ പിറന്നാൾ ആഘോഷത്തിനും വിശേഷാവസരങ്ങളിലുമെല്ലാം ഒത്തുകൂടുന്നതിനും സൗഹൃദം പങ്കിടുന്നതിനും മറക്കാറില്ല. പ്രിയതാരങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങളൊക്കെയും ആരാധകരും ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇത്തരത്തിൽ കൂട്ടായ്മ ഒന്നിച്ചു കൂടിയ ഒരു ഗെറ്റ് റ്റുഗദർ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ചിത്രത്തിൽ സുഹാസിനി മണിരത്‌നം, റഹ്‌മാൻ, രാധിക ശരത്കുമാർ, പൂർണിമ ഭാഗ്യരാജ്, രേവതി, ലിസി, ഖുശ്ബു സുന്ദർ, ശോഭന, ഭാനു ചന്ദർ എന്നിവരാണുള്ളത്.
‘എന്റെ പ്രിയ സുഹൃത്തുക്കളുമായി ഒത്തുകൂടിയതിന് ശേഷം പുതുജീവൻ കിട്ടിയ പോലെ’ എന്നാണ് പൂർണിമ ചിത്രത്തോടൊപ്പം കുറിച്ചത്. സുഹാസിനി, ലിസി. ഖുശ്ബു, ശോഭന, രേവതി, രജനീകാന്ത്, കമൽഹാസൻ, മോഹൻലാൽ, വെങ്കിടേഷ്, സത്യരാജ്, പ്രഭു, പൂനം ധില്ലൻ, രാധ, സുമലത, അംബരീഷ്, സ്വപ്‌ന, മേനക, പാർവതി, ജയറാം, കാർത്തിക്, മുകേഷ്, പ്രതാപ് പോത്തൻ, മോഹൻ, സുരേഷ്, ശങ്കർ, അംബിക, രമേശ് അരവിന്ദ്, നരേഷ്, ഭാഗ്യരാജ്, പൂർണിമ ഭാഗ്യരാജ്, ചിരഞ്ജീവി, സുമൻ, നാദിയാ മോയ്തു, റഹ്‌മാൻ, രാജ്കുമാർ, സരിത, ജയസുധ, ജാക്കി, രാധിക ശരത്കുമാർ, രമ്യ കൃഷ്ണൻ എന്നിങ്ങനെ തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളിലെ പ്രമുഖ താരനിര തന്നെ എയ്റ്റീസ് ക്ലബ്ബിലുണ്ട്.
2009-ലാണ് സുഹാസിനി മണിരത്‌നവും ലിസിയും ചേർന്ന് ഇത്തരത്തിൽ ഒരു റീയൂണിയൻ ആരംഭിച്ചത്. ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി തെന്നിന്ത്യൻ താരങ്ങൾ ഒന്നിച്ച് സുഹാസിനിയുടെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ഈ യോഗത്തിൽ നിന്നാണ് ഇത്തരത്തിൽ ഒരു കൂട്ടായ്മയുടെ പിറവിയെന്ന് മുമ്പ് അഭിമുഖത്തിൽ സുഹാസിനി പറഞ്ഞിരുന്നു.
















Comments