നല്ല ഒന്നാന്തരം കപ്പയും മീനും, കപ്പ പുഴുക്കും ഇറച്ചി കറിയും, കപ്പ വറുത്തത്.. വായിൽ കപ്പലോടാൻ മറ്റൊന്നും വേണ്ട. മലയാളിയുടെ പ്രിയ വിഭവമാണ് കപ്പ എന്ന മരച്ചീനി. കപ്പ ഇല്ലാത്ത ഒരാഴ്ചയെ കുറിച്ച് ചിന്തിക്കാൻ കഴിയാത്തവരാണ് ഭൂരിഭാഗം ആളുകളും.
‘കട്ടൻ കപ്പ’ എന്ന് വിളിക്കുന്ന കപ്പയും ഇടയ്‌ക്കെങ്കിലും കഴിക്കുന്നവർ ചുരുക്കമല്ല. കപ്പയിൽ അടങ്ങിയിരിക്കുന്ന സയനൈഡാണ് ഇതിന് പിന്നിൽ! മാരക വിഷമായ സയനൈഡ് കപ്പയിലോ എന്ന് ഒരു നിമിഷം ചിന്തിച്ചേക്കാം. എന്നാൽ ഇത് വാസ്തവമാണ്. സയനൈഡിന്റെ അംശം കൂടുമ്പോളാണ് കപ്പയുടെ കയ്പ്പ് വർദ്ധിക്കുന്നത്. സയനോജെനിക് ഗ്ലൂക്കോസൈഡുകളായ ലിനമാറിനും ലോട്ടോസ്റ്റാർലിനുമാണ് കപ്പയിൽ അടങ്ങിയിരിക്കുന്നത്. എൻസൈമിന്റെ സാന്നിധ്യം ഈ ഗ്ലൂക്കോസുകളെ ഹൈഡ്രജൻ സയനൈഡാക്കി മാറ്റുന്നു. തുടർന്ന് ഇത് ലായക, വാതക രൂപത്തിൽ മരച്ചീനിയിൽ ഇത് രൂപപ്പെടുന്നു. ഇവ പാകം ചെയ്യുന്നതിന് മുൻപായി നീക്കം ചെയ്യാവുന്നതാണ്.
ഇതിനായി കപ്പ ചെറിയ കഷണങ്ങൾ ആയി നുറുക്കി വെള്ളത്തിൽ പല തവണ കഴുകാവുന്നതാണ്. കാരണം ഹൈഡ്രജൻ സയനൈഡ് വെള്ളത്തിൽ ലയിക്കുന്നവയാണ്. കൂടാതെ തിളപ്പിക്കുമ്പോൾ ആദ്യത്തെ വെള്ളം ഊറ്റി കളഞ്ഞ് ഒരു പ്രാവശ്യം കൂടി പച്ച വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക. ചൂടു കൂടും തോറും ഹൈഡ്രജൻ സയനൈഡിന്റെ അലിയാനുള്ള കഴിവ് കുറയും. അതുകൊണ്ട് രണ്ട് വട്ടം തിളപ്പിക്കുന്നതാണ് ഉത്തമം. വെള്ളം പൂർണമായും ഊറ്റി കളഞ്ഞതിന് ശേഷം മാത്രമാകണം ഉപ്പ് ചേർക്കാൻ. കപ്പ വറുക്കുമ്പോൾ സയനൈഡിന്റെ അംശം പോകില്ലെന്നും അറിയേണ്ട വസ്തുതയാണ്.
ഉപ്പ് ഇട്ട് തിളപ്പിക്കുന്നത് കപ്പയിലെ വിഷാംശത്തെ നീക്കം ചെയ്യില്ല. ഉപ്പുള്ള വെള്ളത്തിൽ ഹൈഡ്രജൻ സയനൈഡിന്റെ അലിയാനുള്ള ശേഷി കുറയുന്നു. ഉപ്പുമായി ഇത് കൂടിച്ചേരുന്നത് രാസപ്രവർത്തനങ്ങൾക്ക് കാരണമാവുകയും അതുവഴി വിഷാംശം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഉപ്പിട്ട് കപ്പ തിളപ്പിക്കരുതെന്ന് പറയുന്നത്.
കപ്പയിലെ വിഷം സ്ഥിരമായി ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നത് വഴി നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. പ്രമേഹവും തൈറോയിഡ് രോഗങ്ങൾ ഇതിന്റെ ഫലമായി ഉണ്ടാകാം. എന്നാൽ മീൻ, ഇറച്ചി, പയർ, കടല തുടങ്ങിയവയിൽ അടങ്ങിയിട്ടുള്ള നൈട്രൈറ്റുകൾ ഈ വിഷവസ്തുവായ സയനൈഡിനെ പൂർണ്ണമായും നിർവീര്യമാക്കും. അതുകൊണ്ടാണ് കപ്പയോടൊപ്പം മീനോ ഇറച്ചിയോ പയറോ നിർബന്ധമായും കഴിച്ചിരിക്കണം എന്ന് പറയുന്നതിന് പിന്നിലെ കാരണം.
















Comments