ഓട്ടോമൊബൈൽ രംഗത്ത് നടക്കാറുള്ള നിയമയുദ്ധങ്ങൾ പതിവാണ്. വാഹനങ്ങളുടെ ഡിസൈൻ, പേര്, സാങ്കേതികത എന്ന് തുടങ്ങി നിരവധി വിഷയങ്ങളുടെ പേരിൽ വമ്പൻ ബ്രാൻഡുകൾ തമ്മിൽ ഏറ്റുമുട്ടിയ വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് ഗ്രൂപ്പും ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്രയും തമ്മിലാണ് ഏറ്റുമുട്ടിയത്. ഇരു ഗ്രൂപ്പുകളും തമ്മിൽ നടത്തിയ നിയമയുദ്ധത്തിൽ അനുകൂല വിധി സ്വന്തമാക്കിയിരിക്കുകയാണ് മഹീന്ദ്ര. ഡിസൈൻ ലംഘനവുമായി ബന്ധപ്പെട്ട കേസിലാണ് യുഎസ് കമ്പനി ഇന്ത്യൻ വാഹന നിർമ്മാതാക്കൾക്കെതിരെ നിയമപരമായി നീങ്ങുന്നത്.
ജീപ്പ് മോഡലുകളുമായി ബന്ധപ്പെട്ട് മഹീന്ദ്ര റോക്‌സർ ഓഫ്‌റോഡറിന് ഡിസൈൻ സാമ്യതകൾ ഏറെയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എഫ്‌സിഎ കോടതിയെ സമീപിച്ചത്. ഇതേ തുടർന്ന് അമേരിക്കയിൽ റോക്‌സറിന്റെ വിൽപ്പന നിർത്തണം എന്നായിരുന്നു ഉന്നയിച്ച ആവശ്യം. എന്നാൽ കോടതി വിധി മഹീന്ദ്രയ്‌ക്ക് അനുകൂലമായതോടെ യുഎസിൽ റോക്‌സർ ഓഫ്‌റോഡർ വിൽക്കാൻ സാധിക്കും.
മഹീന്ദ്ര റോക്‌സറിന്റെ ഡിസൈൻ ജീപ്പിൽ നിന്ന് ട്രേഡ്മാർക്ക് സംരക്ഷിത ഘടകങ്ങൾ പകർത്തിയെന്ന് അവകാശപ്പെട്ടായിരുന്നു ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് 2019-ൽ ആദ്യമായി കേസ് കൊടുക്കുന്നത്. 2018-ലായിരുന്നു മഹീന്ദ്ര യുഎസിലും കാനഡയിലും വിപണികളിൽ റോക്‌സർ അവതരിപ്പിക്കുന്നത്. എന്നാൽ വില്ലീസ് ജീപ്പിന്റെ പകർപ്പാണെന്ന് ആരോപിച്ചായിരുന്നു കേസ് കൊടുത്തത്. മിഷിഗണിലും യുഎസ് ഇന്റർനാഷണൽ ട്രേഡ് കമ്മീഷന് മുമ്പാകെയുമാണ് മഹീന്ദ്രയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തത്.
സംഭവത്തിന് പിന്നാലെ ഡിസൈനിൽ മാറ്റങ്ങൾ വരുത്തണമെന്ന് കോടതി നിർദ്ദേശിക്കുന്നത് വരെയും മഹീന്ദ്ര അമേരിക്കയിൽ റോക്‌സർ ഓഫ്‌റോഡിന്റെ വിൽപ്പന നിർത്തി വെച്ചു. സമാനപതിപ്പാണ് ജീപ്പെന്നായിരുന്നു പരാതിയിൽ ഉണ്ടായിരുന്നത്. ബോക്‌സി ബോഡി ഘടനയും ഫ്‌ലാറ്റായ വശങ്ങളും ഹുഡിന്റെ അതേ ഉയരത്തിൽ തന്നെ അവസാനിക്കുന്ന റിയർ ബോഡിയും മഹീന്ദ്ര മോഡലിന് ഉണ്ടായിരുന്നുവെന്നായിരുന്നു പരാതിയിൽ ഉണ്ടായിരുന്നത്. ജീപ്പ് മോഡലുകളിൽ നിന്ന് വ്യത്യസ്തമാകുന്നതിന് വേണ്ടി മഹീന്ദ്ര റോക്‌സർ വീണ്ടും രണ്ട് തവണയോളം ഡിസൈൻ പരിഷ്‌കാരങ്ങൾക്ക് വിധേയമായിരുന്നു.
സ്വകാര്യ ഭൂമിയിൽ മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന ഓഫ് റോഡർ വാഹനമാണിത്. 5 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളുമായി ജോഡിയാക്കിയ 2.5 ലിറ്റർ ഡീസൽ എഞ്ചിനാണ് ഈ വാഹനത്തിനുള്ളത്. ചില സംസ്ഥാനങ്ങളിലെ പൊതുനിരത്തുകളിൽ ഓഫ്-റോഡർ ഇറക്കാൻ സാധിക്കില്ലെങ്കിലും തിരഞ്ഞെടുത്ത സംസ്ഥാനങ്ങൾ മാത്രമാണ് ഇതിന് അനുമതി നൽകുന്നത്. ഡിട്രോയിറ്റിൽ അസംബിൾ ചെയ്യുന്ന റോക്സർ നിലവിൽ യുഎസിൽ മാത്രമാണ് വിൽക്കുന്നത്.
Comments