തിരുവനന്തപുരം: ഇൻഡിഗോ വിലക്കിൽ നിലപാട് ആവർത്തിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. ഇൻഡിഗോ തന്നോടുകാട്ടിയത് ഗുരുതരമായ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. അക്രമം നടത്തിയവർക്ക് ഏർപ്പെടുത്തിയതിനേക്കാൾ കൂടുതൽ കാലം ഇൻഡിയോ തനിക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി. ഈ തെറ്റ് ഇൻഡിഗോ സമ്മതിക്കണമെന്നും ഇ.പി. ആവശ്യപ്പെട്ടു.
ഇൻഡിഗോ മാപ്പുപറയണമെന്ന് താൻ പറയില്ല. അത് ഫ്യൂഡൽ സമ്പ്രദായമാണ്. എന്നാൽ ഇൻഡിഗോ ചെയ്തത് ഗുരുതര തെറ്റാണെന്നത് അവർ സമ്മതിക്കണം. അതിക്രമം കാണിച്ചവരേക്കാൾ അത് തടഞ്ഞ തനിക്കെതിരെയാണ് കൂടുതൽ നടപടി സ്വീകരിച്ചതെന്നും ജയരാജൻ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് എൽഡിഎഫ് യോഗ തീരുമാനങ്ങൾ അറിയിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിലായിരുന്നു ഇൻഡിഗോ വിലക്കിനെ കുറിച്ച് ജയരാജൻ വീണ്ടും പരാമർശിച്ചത്.
വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി എൽഡിഎഫ് കേന്ദ്ര സർക്കാരിനെതിരെ വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും ജയരാജൻ അറിയിച്ചു. ധർണകളും പൊതുയോഗങ്ങളും സംഘടിപ്പിക്കാനും മുന്നണിയോഗത്തിൽ തീരുമാനമായതായും ജയരാജൻ പറഞ്ഞു.
Comments