പത്തനംതിട്ട: വിറ്റുപോകാത്ത മദ്യം ഓഫർ വിലയ്‌ക്ക് വില്‍പന നടത്തി പത്തനംതിട്ട ബിവറേജസ് കോര്‍പറേഷന്‍. വിസ്‌കി, റം, വോഡ്ക, ബ്രാൻഡി ഉള്‍പ്പെടെയുള്ളവയാണ് കുറഞ്ഞ വിലയ്‌ക്ക് വിറ്റത്. ഇതോടെ കോര്‍പറേഷൻ വൻ ലാഭമാണ് കൊയ്തിരിക്കുന്നത്. 1020 രൂപ വിലയുള്ള 6 ബുള്ളറ്റ് വിസ്‌കി (750 മില്ലി) 420 രൂപയ്‌ക്കായിരുന്നു വിറ്റത്. 1080 രൂപ വിലമതിക്കുന്ന മുരാനോ റമ്മിന് (750 മില്ലി) ആകട്ടെ, 400 രൂപയായിരുന്നു ഓഫർ വില.
റെഡ്ബ്ലിസ് വോഡ്കയ്‌ക്ക് (750 മില്ലി) 1080 രൂപയാണ് വില. എന്നാല്‍ ഓഫര്‍ വില്‍പനയില്‍ നല്‍കേണ്ടിവന്നത് 400 രൂപ മാത്രമായിരുന്നു. 1080 രൂപ വിലയുള്ള ലിങ്കന്‍ ബ്രാണ്ടി (750 മില്ലി) 400 രൂപയ്‌ക്കായിരുന്നു വിറ്റത്. റാക്ക്‌ഡോവ് ബ്രാൻഡിയുടെ (750 മില്ലി) യഥാര്‍ഥ വില 1240 രൂപയായിരുന്നു ഇതും 400 രൂപയ്‌ക്കായിരുന്നു വിറ്റത്. സ്റ്റോക്ക് ക്ലിയറന്‍സ് സെയിലില്‍ കൂടുതല്‍ കിഴിവ് നല്‍കിയ ബ്രാൻഡിയും റാക്ക്‌ഡോവാണ്.
ഓഫർ പരിമിത കാലത്തേക്ക് മാത്രമായിരുന്നതിനാൽ ചുരുക്കം ചിലർക്ക് മാത്രമേ മദ്യം വാങ്ങാൻ കഴിഞ്ഞിരുന്നുള്ളൂ. ഓഫറിന്റെ കാര്യം വൈകി അറിഞ്ഞതില്‍ ഒരുപാടുപേര്‍ക്ക് നിരാശയുണ്ടെന്ന് ബെവ്‌കോ മാനേജര്‍ റെന്‍സി ഇസ്മയില്‍ പറഞ്ഞു. ഓരോ കമ്പനികളുമായിരുന്നു മദ്യത്തിന്റെ വില കുറച്ചത്. സര്‍ക്കാരിനോ ബിവറേജസ് കോര്‍പറേഷനോ നഷ്ടമില്ല. ഓരോ ഉത്പന്നവും എത്ര വിലയ്‌ക്ക് വില്‍ക്കണമെന്ന് തീരുമാനിക്കുന്നത് കമ്പനിയാണെന്നും റെന്‍സി ഇസ്മയില്‍ വ്യക്തമാക്കി.
കെട്ടിക്കിടന്ന മദ്യം ഓഫര്‍ വില്‍പനയിലൂടെ വളരെ പെട്ടെന്ന് വിറ്റു പോയി. അധിക വില്‍പനയിലൂടെ കോര്‍പറേഷന് ഒരു ദിവസം ആറുകോടി രൂപയുടെ അധികവരുമാനമാണ് ലഭിച്ചത്. സിന്തറ്റിക് ഡ്രഗ് ഇടപാടുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യവും വിദേശമദ്യ ചില്ലറ വില്‍പനശാലകളില്‍ വില്‍പന കുറഞ്ഞതിന് മാനേജര്‍മാരില്‍ ചിലര്‍ക്ക് നോട്ടീസ് ലഭിച്ചതുമൊക്കെയാണ് ഓഫറിന് കാരണമെന്നാണ് സൂചനകൾ.
















Comments