കോഴിക്കോട്: സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അന്തർധാര സജീവമാണെന്ന് ദേശാഭിമാനി മുൻ എഡിറ്റർ ജി. ശക്തിധരൻ. ടി.പി ചന്ദ്രശേഖരന്റെ ഒഞ്ചിയത്തടക്കം കോൺഗ്രസ് പിന്തുണ സിപിഎമ്മിന് ലഭിച്ചിരുന്നുവെന്നാണ് ശക്തിധരന്റെ വെളിപ്പെടുത്തൽ. ഉമ്മൻചാണ്ടി ഭരിക്കുമ്പോഴായിരുന്നു പിണറായി വിജയനും ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗവും തമ്മിലുള്ള പോര് മുറുകുന്നത്. ഒഞ്ചിയത്ത് സിപിഎമ്മിനോട് മൃദു സമീപനമായിരുന്നു കോൺഗ്രസിന് എന്നും ഇതിന്റെ ബലത്തിലാണ് പിണറായി വിജയൻ ഒഞ്ചിയത്തെ കൊലപാതക രാഷ്‌ട്രീയത്തിന് അങ്കത്തട്ട് ഒരുക്കിയതെന്നും ശക്തിധരൻ വെളിപ്പെടുത്തി.
കോൺഗ്രസും സിപിഎമ്മും തമ്മിലൊരു പാലം പണ്ടേയുണ്ട്. എന്നാൽ കോൺഗ്രസ് വെറും നോക്കുകുത്തി മാത്രമാണ്. പിണറായി വിജയൻ എന്താണെന്നോ, സിപിഎം എന്താണെന്നോ കോൺഗ്രസിന് അറിയില്ല. സോളാർ കേസിലെ ജഡ്ജിയെ ആരാണ് നിയമിച്ചത്. ഇപ്പോൾ അയാളുടെ രാഷ്‌ട്രീയ നിലപാടെന്താണ്. നീതിയുടെ മാർഗ്ഗത്തിലൂടെയാണോ അയാൾ സഞ്ചരിച്ചത്. ജഡ്ജിയാണെങ്കിലും കൊമ്പനാനയാണെങ്കിലും അയാളുടെ ഒരു രോമത്തിൽ തൊടാൻ കോൺഗ്രസിന് കഴിഞ്ഞോ. ടിപി കേസിലെ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത് ആരാണ്. ഇപ്പോൾ അദ്ദേഹം എവിടെ നിൽക്കുന്നു. ആരാണ് അയാളുടെ ഖദർ ഊരിവെപ്പിച്ചത്? കേസിന്റെ അപ്പീൽ പോയാൽ ഇനി ഒരാളെയെങ്കിലും ശിക്ഷിക്കാൻ പറ്റുമോ? കോൺഗ്രസ് ഇത്രേയുള്ളൂ- ജി. ശക്തിധരൻ പറഞ്ഞു.
ജി.ശക്തിധരന്റെ കുറിപ്പ്,
2012, മാർച്ച് 9 പുലർന്നത് ഒരു സാധാരണ വെള്ളിയാഴ്ചയായിട്ടായിരുന്നു. നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരുന്ന സമയം. ഉമ്മൻചാണ്ടി രണ്ടേ രണ്ട് എംഎൽഎ-മാരുടെ ഭൂരിപക്ഷത്തിൽ ഭരണസാരഥ്യം വഹിക്കുന്ന കാലം. ഭരണപക്ഷത്തിൽ നിന്ന് ഒന്നോ രണ്ടോ എംഎൽഎമാർ പ്രതിപക്ഷത്തേക്ക് മാറിയേക്കാമെന്ന കിംവദന്തി പരക്കുന്ന കാലം. സ്വാഭാവികമായും രാഷ്‌ട്രീയ ഉപശാലാ വൃത്തങ്ങളിൽ പല അഭ്യുഹങ്ങളും പടർന്നു. ആ സമയത്താണ് സിപിഐഎം നേതാവ് പിണറായി വിജയനും ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗവും തമ്മിലുള്ള പോര് മുറുകുന്നത്. ടിപിക്കെതിരെ കടുത്ത ഭാഷയിൽ ഭർത്സനങ്ങൾ പിണറായി വിജയൻ നിരന്തരം നടത്തിയത്, വിഎസ്സിന്റെ അനുകൂലികളായി ആരെങ്കിലും പാർട്ടിയിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അവരെ വകവരുത്തി പാഠം പഠിപ്പിക്കുമെന്ന സന്ദേശം എല്ലാവർക്കും നൽകാൻ ഉദ്ദേശിച്ചാണ്.
പോലീസ് മന്ത്രി കോൺഗ്രസ് ആയിരുന്നെങ്കിലും ഒഞ്ചിയത്ത് സിപിഎമ്മിനോട് മൃദു സമീപനം എടുത്താൽ മതി എന്ന നിലപാടിലായിരുന്നു കോൺഗ്രസ്. ഇത് ഇന്നാരും സമ്മതിച്ചു തരില്ല. കോൺഗ്രസിന്, കോഴിക്കോട് ജില്ലയിലെ പ്രതേകിച്ചും ഒഞ്ചിയം പ്രദേശത്തെ പോലീസ് സേനയുടെ പോസ്റ്റിങ്ങിലും സിപിഎമ്മിനെ പ്രീണിപ്പിക്കുന്ന സമീപനം തന്നെയാണ് ആഭ്യന്തരവകുപ്പ് സ്വീകരിച്ചത്. ഈ സ്വാധീനങ്ങളുടെ ബലത്തിലായിരുന്നു പിണറായി വിജയൻ ഒഞ്ചിയത്തെ കൊലപാതക രാഷ്‌ട്രീയത്തിന് അങ്കത്തട്ട് ഒരുക്കിയത്. കോൺഗ്രസിന്റെ നയസമീപനത്തിന്റെ ഭാഗമാണിതെന്നാണ് എന്റെ പഠനത്തിൽ മനസിലായിട്ടുള്ളത്. എത്ര ഉദാഹരണം വേണമെങ്കിലും നിരത്താം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ വടകര മത്സരിക്കാൻ കണ്ടുവെച്ച സ്ഥാനാർഥി കോഴിക്കോട് മണ്ഡലത്തിലെ സാധാരണ കോൺഗ്രസ്സ് പ്രവർത്തകൻ ആയിരുന്നു. ഒന്നുരണ്ട് പേർ ഒഴികെ എല്ലാവരും രാത്രി വിമാനം കയറി നാട്ടിലേക്കുമടങ്ങി. പി.ജയരാജനെ തോൽപ്പിക്കാൻ ഈ പാവം മതിയോ എന്ന് ആരാഞ്ഞപ്പോൾ കാഞ്ഞ ബുദ്ധിക്കാരനായ നേതാവ് പറഞ്ഞത് അതല്ലെങ്കിൽ അവിടത്തെ സീറ്റിലെ സംഘർഷം 20 സീറ്റിലേക്ക് വ്യാപിക്കുകയും തെരഞ്ഞെടുപ്പ് പ്രവർത്തനമാകെ അലങ്കോലപ്പെടുമെന്നുമായിരുന്നു.
രാത്രി വൈകി എ.കെ ആന്റണിയെ വിളിച്ചപ്പോളും ഏറെക്കുറെ സമാനമായ പ്രതികരണം തന്നെയായിരുന്നു. പക്ഷെ എനിക്കത് ദഹിച്ചില്ല. ദില്ലിയിലെ എന്റെ രണ്ടുമൂന്ന് സുഹൃത്തുക്കളെ ബന്ധപ്പെട്ട് ടിപിയെ കൊന്നിടത്ത് ഇങ്ങിനെ സംഭവിക്കാൻ പാടില്ലെന്ന് ഞാൻ ശാഠ്യം പിടിച്ചു. അവരുടെ നിർദേശം അനുസരിച്ചു ഞാൻ രാഹുൽ ഗാന്ധിക്ക് രണ്ട് മെയിൽ അയച്ചു. രാത്രി 11 .50നു ഹൈദരാബാദിൽ എത്തുമെന്ന് മറുപടി കിട്ടി. അവസാനം തുരങ്കത്തിന്റെ അറ്റത്ത് ഒരു വിളക്ക് പ്രകാശിച്ചു. കെ മുരളീധരനെ മൽസരിപ്പിക്കണമെന്ന് പാതിരാത്രി കഴിഞ്ഞതോടെ തീരുമാനിച്ചു. വിവരം നേരിട്ട് അറിയിക്കാൻ ഉമ്മൻചാണ്ടിയെ ചുമതലപ്പെടുത്തിയിരുന്നു. രാവിലെ എണീറ്റപാടെ എംഎൽഎ ക്വട്ടേഴ്സ്സിൽ മുരളിധരന്റെ മുറിയിൽ പോയി. ഈ ചുമതല ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ചു. അതിനും മുമ്പ് ഉമ്മൻചാണ്ടി വന്ന കാര്യവും അദ്ദേഹം പറഞ്ഞു. അതിനു മുമ്പോ അതിനുശേഷമോ ഞാൻ കെ മുരളീധരന്റെ മുറിയിൽ പോയിട്ടില്ല. വടകര റെയിൽവേ സ്റ്റേഷനിൽ എത്തിയപാടെ മുരളീധരനോട് വിളിച്ചു അന്വേഷിച്ചപ്പോൾ ആവേശത്തിരയിലായിരുന്നു അദ്ദേഹം. പിന്നീട് ഫലം അറിഞ്ഞപ്പോൾ ടിപിയുടെ വിജയമായി തോന്നി.
പിണറായി വിജയന്റെ കഥയിലേക്ക് മടങ്ങിവരാം. അദ്ദേഹത്തിന്റെ തന്ത്രശാലിത്വത്തെ ഒരനുഗ്രഹമായി കാണുന്നവർ ആണ് പ്രൊഫ.കെ.വി തോമസിനെപ്പോലുള്ളവർ. അവർക്ക് കോൺഗ്രസും സിപിഎമ്മും തമ്മിലൊരു പാലം പണ്ടേയുണ്ട്. അത് സിപിഎമ്മിലെ മറ്റൊരു രാഷ്‌ട്രീയക്കാരനും പരിചിതമല്ല. ഇതൊക്കെ എഴുതുമ്പോൾ കോൺഗ്രസുകാരും പറയുന്നുണ്ടാകും ഇതെല്ലാം സിപിഎമ്മിനെതിരായ എന്റെ ശത്രുതകൊണ്ട് പറയുന്നതാണ് എന്ന്?. മരത്തലയൻ കോൺഗ്രസുകാരാ, നിങ്ങൾ വെറും മൂഢന്മാർ എന്ന് തെളിയിക്കാൻ രണ്ട് ഉദാഹരണം ചൂണ്ടിക്കാട്ടാം. സോളാർ കേസിലെ ജഡ്ജിയെ ആരാ നിയമിച്ചത്? ഇപ്പോൾ അയാളുടെ രാഷ്‌ട്രീയ നിലപാടെന്താ? നീതിയുടെ മാർഗ്ഗത്തിലൂടെയാണോ അയാൾ സഞ്ചരിച്ചത്. ജഡ്ജിയാണെങ്കിലും കൊമ്പനാനയാണെങ്കിലും അയാളുടെ ഒരു രോമത്തിൽ തൊടാൻ നിങ്ങൾക്ക് കഴിഞ്ഞോ? ടിപി കേസിലെ പബ്ലിക് പ്രോസിക്കൂട്ടറെ നിയമിച്ചത് ആരാ? ഇപ്പോൾ അദ്ദേഹം എവിടെ നിൽക്കുന്നു? ആരാ അയാളുടെ ഖദർ ഊരിവെപ്പിച്ചത്? കേസിന്റെ അപ്പീൽ പോയാൽ ഇനി ഒരാളെയെങ്കിലും ശിക്ഷിക്കാൻ പറ്റുമോ? കോൺഗ്രസ് ഇത്രേയുള്ളൂ. ഒരു നോക്ക് കുത്തി. പിണറായി വിജയനെന്തെന്നു അറിയില്ല .കോൺഗ്രസിന് സിപിഎമ്മിനെയും അറിയില്ല. എല്ലാം തന്റെ കാലിനടിയിൽ കൂടി പോകുന്നുവെന്നാണ് നാട്യം. അഹങ്കാരികൾ! വിനയം എന്ന വികാരം തൊട്ട് തീണ്ടിയിട്ടില്ലാത്തവർ.
Comments