തിരുവനന്തപുരം: എഐ ക്യാമറകളുടെ അറ്റകുറ്റപണികൾ നടത്തുന്നതിനുള്ള ചിലവ് സർക്കാർ വഹിക്കണമെന്ന ആവശ്യവുമായി കെൽട്രോൺ. റോഡ് വികസനത്തിന്റെ ഭാഗമായി ക്യാമറകൾ മാറ്റി സ്ഥാപിക്കുന്നതിൽ ഉണ്ടാകുന്ന ബാധ്യതകളും സർക്കാർ ഏറ്റെടുക്കണമെന്നാണ് ആവശ്യം.
അതേസമയം എഐ ക്യാമറയുമായി ബന്ധപ്പെട്ട സമഗ്ര കരാറിന്റെ കരട് രേഖ സമർപ്പിക്കാനുള്ള കെൽട്രോണിന്റെ കാലാവധി ഈ മാസം അവസാനിക്കും. എഐ ക്യാമറയുടെ പരിപാലനത്തിനായുള്ള തുക കണ്ടെത്തുന്നത് തന്നെ അധിക ബാധ്യത ആയിരിക്കുന്ന സമയത്താണ് അറ്റകുറ്റ പണികൾക്കുള്ള പണവും കെൽട്രോൺ കണ്ടത്തേണ്ടി വരുന്നത്. ഈ സാഹചര്യത്തിലാണ് അറ്റകുറ്റപ്പണികൾക്കായുള്ള തുക സർക്കാർ നൽകണമെന്ന് ആവശ്യവുമായി കെൽട്രോൺ രംഗത്തെത്തിയത്. കൂടാതെ റോഡ് വികസനത്തിന്റെ ഭാഗമായി ക്യാമറകൾ മാറ്റി സ്ഥാപിക്കുന്നതിൽ ഉണ്ടാകുന്ന ബാധ്യതകളും സർക്കാർ ഏറ്റെടുക്കണമെന്നാണ് കെൽട്രോണിന്റെ ആവശ്യം. റോഡിൽ ക്യാമറകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച പുതിയ കരാറിൽ ഈ വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്നും കെൽട്രോൺ നിലവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
റോഡ് വികസനത്തിന്റെ ഭാഗമായി മാറ്റിസ്ഥാപിച്ചപ്പോൾ കേടായ 57 ഓളം ക്യാമറകളുടെ തുക നൽകില്ലെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ക്യാമറകൾക്ക് വേണ്ടി ചെലവാകുന്ന തുക സർക്കാർ തന്നെ വഹിക്കണമെന്ന വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ഒരു ക്യാമറ മാറ്റിവെക്കുന്നതിന് 50,000 രൂപയാണ് കെൽട്രോണിന് ചെലവ് വരുന്നത്. ഇതുവരെയായി 23 ലക്ഷത്തോളം രൂപ കെൽട്രോണിന് അധിക ചെലവായിട്ടുണ്ട്. ഈ തുക സർക്കാർ തിരികെ നൽകില്ല. മത്രമല്ല എഐ ക്യാമറയുമായി ബന്ധപ്പെട്ടുള്ള സമഗ്ര കരാറിന്റെ കരട് രേഖ ഈ മാസം അവസാനം നൽകണമെന്ന് സർക്കാർ കെൽട്രോണിനോട് അറിയിച്ചിട്ടുണ്ട്.
Comments